വെനീസിലെ വ്യാപാരി (Venicile Vyapari)

 മായാവിയുടെയും ചട്ടമ്പിനാടിണ്റ്റെയും വിജയത്തിന്‌ ശേഷം സംവിധായകന്‍ ഷാഫി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ വെനീസിലെ വ്യാപാരി. ക്ളാസ്മേറ്റ്സ്‌, സൈക്കിള്‍, ഇവിടം സ്വര്‍ഗ്ഗമാണ്‌ എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയൊരുക്കിയ ജയിംസ്‌ ആല്‍ബര്‍ട്ട്‌ ആണ്‌ എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന വെനീസിലെ വ്യാപാരിക്ക്‌ തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഏതൊരു തട്ടിക്കൂട്ട്‌ കഥയും തണ്റ്റെ സംവിധാനമികവിനാലും, ഷാഫി ചിത്രങ്ങളുടെ മുഖ്യ ആകര്‍ഷണമായ കോമഡിരംഗങ്ങളാലും സൂപ്പര്‍ഹിറ്റുകളാക്കാന്‍ കഴിവുള്ള സംവിധായകനാണ്‌ ഷാഫി. വണ്‍ മാന്‍ ഷോ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളിലും ഈ ഘടകങ്ങളാണ്‌ ഷാഫി ചിത്രങ്ങളെ വിജയിപ്പിക്കുന്നത്‌.ഒരു സാധാരണപ്രേക്ഷകനെ സിനിമയിലുടനീളം കലര്‍പ്പില്ലാത്ത തമാശരംഗങ്ങള്‍ കോര്‍ത്തിണക്കി ചിരിപ്പിക്കുന്നതോടൊപ്പം കഥ പറഞ്ഞു പോകുന്ന റാഫി മെക്കാര്‍ട്ടിന്‍ ടീമിണ്റ്റെ ശൈലി പിന്തുടര്‍ന്ന റാഫിയുടെ അനിയന്‍ പിന്നീട്‌ ഇവരെക്കാള്‍ വെല്ലുന്ന സംവിധായകനായി മാറുകയായിരുന്നു.കല്ല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി എന്നിവ ഉദ്ധാഹരണങ്ങള്‍.മായാവിക്ക്‌ ശേഷം ഇറങ്ങിയ പല ചിത്രങ്ങളും ഈയൊരു നിലവാരം പുലര്‍ത്തിയില്ല.ചോക്ളേറ്റ്‌ പ്രമേയത്തിലെ വ്യത്യസ്ഥത കൊണ്ട്‌ ശ്രദ്ധേയമായെങ്കിലും, പിന്നീടിറങ്ങിയ ലോലിപ്പോപ്പ്‌ പരാജയമായി.ചട്ടമ്പിനാടിലൂടെ തിരിച്ചുവന്ന ഷാഫി, കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാട്‌ എന്ന ദിലീപ്‌ ചിത്രത്തിലൂടെ ഇമേജ്‌ വീണ്ടെടുത്തു.ഒരു ഷാഫി ചിത്രം എന്ന നിലയില്‍ മാത്രം വിജയിച്ച ചിത്രമായിരുന്നു ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ മേക്കപ്മാന്‍.വീണ്ടും പഴയ നിലവാരത്തിലേക്ക്‌ തിരിച്ചുവരവിനാണ്‌ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വെനീസിലെ വ്യാപാരി ഒരുക്കിയത്‌.മുരളി ഫിലിംസ്‌ തിയേറ്ററില്‍ എത്തിച്ചിരിക്കുന്ന ഈ ചിത്രം മമ്മൂട്ടി ഫാന്‍സിണ്റ്റെ ഏറേ കാലത്തെ കാത്തിരിപ്പിനു ശേഷം ഡിസംബര്‍ 16 ന്‌ മോഹന്‍ലാലിണ്റ്റെ മരുഭൂമികഥയ്ക്കൊപ്പം റിലീസ്‌ ചെയ്തു. ഫാന്‍സിനെ സന്തോഷിപ്പിക്കുക എന്ന കര്‍ത്തവ്യം മനോഹരമായി നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം മറ്റ്‌ പ്രേക്ഷകരെ വളരെയധികം നിരാശപ്പെടുത്തി.

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ആണ്‌ വെനീസിലെ വ്യാപരിയുടെ കഥ ഒരുക്കിയിരിക്കുന്നത്‌.ആലപ്പുഴയിലെ ഒരു ഗ്രാമത്തില്‍ നടന്ന അജയന്‍( കൊലപാതകത്തിണ്റ്റെ അന്വേഷണം വഴിമുട്ടിനില്‍ക്കുന്ന സാഹചര്യത്തില്‍  പവിത്രന്‍ (മമ്മൂട്ടി) എന്ന പോലിസ്‌ ഉദ്ധ്യോഗസ്ഥനെ അജയണ്റ്റെ നാട്ടിലേക്ക്‌ അന്വേഷണത്തിനായി അയക്കുന്നിടത്താണ്‌ കഥ തുടങ്ങുന്നത്.മേലുദ്ധ്യോഗസ്ഥണ്റ്റെ(ജനാര്‍ദ്ധനന്)) മകള്‍ ലക്ഷ്മി(പൂനം ബജ്വ്വ) പവിത്രനെ ഇഷ്ടപ്പെടുന്നുണ്ടെന്ന കാരണത്താല്‍ ഇയാളെ മാറ്റിപ്പാര്‍പ്പിക്കുക എന്ന ഉദ്ദേശം കുടി കണക്കിലെടുത്താണ്‌ അന്വേഷണത്തിനയക്കാന്‍ തീരുമാനിച്ചത്‌.ചതിക്കാത്ത ചന്തുവിനെ ഈ രംഗങ്ങള്‍ ഓര്‍മ്മപ്പെടുത്തിയേക്കാം.കിഴക്കിണ്റ്റെ വെനീസായ ആലപ്പുഴയിലേക്ക്‌ വ്യാപാരിയായി ആള്‍മാറാട്ടം നടത്തി അന്വേഷണത്തിനായി പോകുന്ന പവിത്രന്‍ പിന്നീട്‌ വ്യാപാരമാണ്‌ തനിക്ക്‌ പറഞ്ഞ ജോലി എന്ന തിരിച്ചറിവില്‍ കയര്‍ വ്യവസായം തുടങ്ങുന്നു.ഇതിനായി പോലീസ്‌ ജോലി രാജി വയ്ക്കുന്നു.പിന്നീട്‌ ഈ ഗ്രാമത്തിലെ മറ്റ്‌ മുതലാളിമാര്‍ ഇയാള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങളും, പവിത്രന്‍ മുതലാളിയായി തീര്‍ന്ന വെനീസിലെ വ്യാപാരി നേരിടുന്ന പുത്തന്‍ പ്രശ്നങ്ങളുമാണ്‌ ചിത്രത്തിലുടനീളം.വ്യാപാരിയായി മാറിയ പവിത്രണ്റ്റെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെ ബോറടിപ്പിക്കുന്ന രീതിയിലാണ്‌ തിരക്കഥാകൃത്ത്‌ കാണിച്ചുതന്നിരിക്കുന്നത്‌.ഗതിവിട്ട്‌ സഞ്ചരിക്കുന്ന ചിത്രം അവസാനനിമിഷം തിരിച്ച്‌ കഥാഗതി വീണ്ടെടുത്ത്‌ പ്രേക്ഷകരെ സമാധാനപ്പെടുത്തുന്ന രീതിയിലേക്ക്‌ വരുന്നുണ്ടെങ്കിലും ഒടുവില്‍ ക്ളൈമാക്സ്‌ രംഗങ്ങള്‍ ക്ഷമ നശിപ്പിച്ചുകളഞ്ഞു.കാലങ്ങളായി ഉദയകൃഷ്ണ-സിബി ടീം പല അച്ചുകളില്‍ വാര്‍ത്തെടുക്കുന്ന തിരക്കഥ പോലൊന്ന്‌ തന്നെയാണ്‌ വെനീസിലെ വ്യാപാരിയും.പുതുമ ആഗ്രഹിക്കുന്ന,അംഗീകരിക്കുന്ന മലയാളിപ്രേക്ഷകറ്‍ക്ക്‌ നേരെയുള്ള പഴകിയ വിപണനതന്ത്രമായി മാറി വെനീസിലെ വ്യാപാരി.

1980 ല്‍ പുറത്തിറങ്ങിയ അങ്ങാടിയെന്ന ചിത്രത്തിലെ 'കണ്ണും കണ്ണും' എന്ന ഗാനത്തിനെ വീണ്ടും അവതരിപ്പിച്ചത്‌ ഹൃദ്യമായി.തിയേറ്ററില്‍ ഈ ഗാനത്തിനുണ്ടായ കരഘോഷം മലയാളികളുടെ മനസ്സില്‍ അന്നും ഇന്നും നിത്യവസന്തമായി ഈ ഗാനം നിലനില്‍ക്കുന്നു എന്നതിണ്റ്റെ തെളിവാണ്‌.. മമ്മൂട്ടിയും-പൂനവും പാടിയഭിനയിച്ചാണ്‌ വെനീസിലെ വ്യാപാരിയില്‍ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്‌.പഴമയുടെ സൌന്ദര്യം ഒട്ടും ചോരാതെ മനോഹരമായി ചിത്രീകരിക്കാന്‍ വെനീസിലെ വ്യാപാരിയിലൂടെ കഴിഞ്ഞു.ശ്യാം ദത്ത്‌ പകര്‍ത്തിയെടുത്ത ദൃശ്യഭംഗി ഈ ഗാനത്തിനെന്നല്ല ചിത്രത്തിലുടനീളം മിഴിവേകി.എണ്‍പതുകളിലെ പശ്ചാത്തലം ക്യാമറയില്‍ കൊള്ളിക്കുക എന്ന കടമ തെറ്റില്ലാത്ത രീതിയില്‍ ശ്യാം ദത്ത്‌ നിര്‍വ്വഹിച്ചിരിക്കുന്നു.മമ്മൂട്ടിയുടെ നിറസാന്നിദ്ധ്യമാണ്‌ പ്രേക്ഷകരെ(പ്രത്യേകിച്ച്‌ ഇക്കയുടെ ഫാന്‍സിനെ) കുറച്ചെങ്കിലും പിടിച്ചിരുത്തുന്ന ഘടകം.വിവിധ ഗെറ്റപ്പുകളില്‍ ഇവിടെ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നുണ്ട്‌.നായികമാരായി എത്തുന്ന കാവ്യാ മാധവന്‍(അമ്മു), പൂനം ബജ്വ എന്നിവര്‍ക്ക്‌ കാവ്യാ മാധവണ്റ്റെ കുറച്ച്‌ സെണ്റ്റിമെണ്റ്റ്സ്‌ രംഗങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.സുരാജ്‌ വെഞ്ഞാറമൂട്‌, സലീം കുമാര്‍, ജഗതി എന്നിവരാണ്‌ തമാശാരംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്‌.കൂടെ ഗിന്നസ്‌ പക്രുവും.കോമഡിരംഗങ്ങള്‍ എല്ലം എവിടെയോ കണ്ടുമറന്ന പോലെ തോന്നും.പശ്ചാത്തലം എണ്‍പതുകള്‍ ആയതുകൊണ്ടാവാം പഴയ കോമഡികള്‍ ആവര്‍ത്തിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു.വിജയരാഘവന്‍, ശ്രീരാമന്‍,സുരേഷ്‌ കൃഷ്ണ എന്നിവരും മുഖം കാണിക്കുന്നുണ്ട്‌..അജയനായി അഭിനയിച്ചിരിക്കുന്നത്‌ ബിജു മേനോന്‍ ആണ്‌.... ...ക്ളൈമാക്സ്‌ രംഗങ്ങളില്‍ സുരേഷ്‌ കൃഷ്ണയുടേ കൂടെ അണി നിരന്ന്‌ നില്‍ക്കുന്ന വില്ലന്‍മാരില്‍ ഒരു മുഖം റാവുത്തറിണ്റ്റേതായിരുന്നു.വിയറ്റ്നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ അതേ റാവുത്തര്‍.ബിജി പാല്‍ ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ തരക്കേടില്ല എന്നു പറയാം.കൈതപ്രം ആണ്‌ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്‌...

ഫാന്‍സിനെ രസിപ്പിച്ച്‌ വെനീസിലെ വ്യാപാരി എത്ര കാലം തിയേറ്ററുകളില്‍ കാണുമെന്ന് കണ്ടറിയാം.പ്രത്യേകിച്ച്‌ ഇക്കയ്ക്കിപ്പൊ കണ്ടകശനി ശരിക്കും കൊണ്ടിരിക്കുന്ന സമയവും.ഈ വറ്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും എട്ടുനിലയ്ക്ക്‌ പൊട്ടിയതാണ്‌.ഇനിയൊരു പരാജയം കൂടി ഇക്കയുടേ ഫാന്‍സ്‌ സഹിക്കൂല.അതിനാല്‍ തന്നെ എന്ത്‌ വിലകൊടുത്തും ഈ ചിത്രം വിജയിപ്പിക്കുമെന്ന് വിചാരിക്കാം.പരസ്യവാചകം പോലെ പുത്തന്‍ വിപണനതന്ത്രങ്ങള്‍ പയറ്റിയ ഈ വ്യാപാരചിത്രം വിപണിയില്‍ ലാഭം കൊയ്യുമോ?? കണ്ടറിയാം...

റേറ്റിംഗ്‌ : 5/10

Comments

Post a Comment

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)