സുൽത്താൻ (തമിഴ്)

തമ്പി എന്ന ജിത്തു ജോസഫ് ചിത്രത്തിന് ശേഷം കാർത്തി അഭിനയിക്കുന്ന ഒരു ആക്ഷൻ ചിത്രമാണ് സുൽത്താൻ. ഏപ്രിൽ രണ്ടിന് തമിഴ് തെലുങ്ക് ഭാഷകളിൽ തിയേറ്ററിൽ റിലീസ് ചെയ്യുകയും പിന്നീട് ഇന്നലെ ഹോട്ട്സ്റ്റാർ ഡിസ്‌നി പ്ലസിലൂടെ ഒൺലൈൻ ആയി ചിത്രം റിലീസ് ചെയ്യുകയും ചെയ്തു.
കൈതി എന്ന വമ്പൻ ഹിറ്റിനു ശേഷമുള്ള ആക്ഷൻ ചിത്രമായതിനാൽ തന്നെ നല്ല പ്രതീക്ഷയോടെ കാർത്തിയുടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. 2016 ൽ ഇറങ്ങിയ റെമോ എന്ന ചിത്രത്തിന് ശേഷം ഭാഗിയരാജ് സംവിധാനം ചെയുന്ന ചിത്രമാണ് സുൽത്താൻ. എസ് ആർ പ്രകാശ് ബാബു നിർമിച്ച ഈ ചിത്രം ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്.



രാശ്മിക മന്ദനാ കാർത്തിയുടെ നായികയായി തമിഴ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇവരെ കൂടാതെ ലാൽ, നെപ്പോളിയൻ, അഭിരാമി, പൊൻവണ്ണൻ, യോഗി ബാബു, ഹരീഷ് പേരാടി, എം എസ് ഭാസ്കർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
2017 ൽ ആണ് കാർത്തി ഈ ചിത്രത്തിൽ സൈൻ ചെയ്യുന്നത്. 2019 ൽ രാശ്മിക ചിത്രത്തോടൊപ്പം ചേരുകയും പക്ഷെ അബദ്ധത്തിൽ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തു. ഇത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വലിയ തലവേദന തന്നെ സൃഷ്ടിച്ചു. ഇതേ പേരിൽ രജനികാന്തിനെ നായകനാക്കി ഒരു അനിമേഷൻ ചിത്രം പിന്നണിയിൽ ഒരുങ്ങുന്നതായിരുന്നു കാരണം. പിന്നീട് രാശ്മിക ക്ഷമാപണം നടത്തുകയും കാർത്തിയും സംഘവും സുൽത്താൻ എന്ന ടൈറ്റിൽ ഐശ്വര്യ രജനികാന്തിന്റെ പക്കൽ നിന്നും വാങ്ങിക്കുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തു.
2019 മാർച്ചിൽ ചിത്രീകരണം ആരംഭിച്ച സുൽത്താൻ ജൂണിൽ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു. സെപ്റ്റംബറിൽ രണ്ടാം ഷെഡ്യൂൾ പുരോഗമിക്കവേ ഈ ചിത്രം ടിപ്പു സുൽത്താന്റെ കഥയാണെന്ന് തെറ്റിദ്ധരിച്ച ഹിന്ദു മുന്നണി കക്ഷിയുടെ പ്രവർത്തകർ വന്നു സെറ്റ് ആക്രമിച്ചു. ഡ്രീം വാരിയർ പിക്ചേഴ്സ് നടത്തിയ പത്രസമ്മേളനത്തിൽ ചിത്രത്തിന്റെ കഥാപശ്ചാത്തലം വെളിപ്പെടുത്തിയ ശേഷം ആണ് ചിത്രീകരണം തുടരാൻ അനുവാദം ലഭിച്ചത്.
പിന്നീട് കോവിഡ് പ്രതിസന്ധി കാരണം ചിത്രീകരണം മുടങ്ങുകയും, 2020 സെപ്‌റ്റംബർ തൊട്ട് പുനരാരംഭിക്കുകയും ചെയ്തു.
മികച്ച കാസ്റ്റിംഗ് കൊണ്ടും, പിന്നണിപ്രവർത്തകരെ കൊണ്ടും നിറഞ്ഞ ചിത്രം വളരെ പ്രതീക്ഷയോടെയാണ് റീലിസ് ചെയ്തത്.
ഒരു മാസ്സ് ആക്ഷൻ സിനിമ എന്ന നിലയിൽ ചിത്രം തൃപ്തിപ്പെടുത്തി എന്ന് പറയാം. തമിഴ് സിനിമകളിൽ ഏറെ കാലമായി കണ്ടുവരുന്ന ഒരു വിഷയം തന്നെയാണ് ഈ ചിത്രത്തിലും എടുത്തിരിക്കുന്നത്. അതിനാൽ തന്നെ പ്രമേയത്തിലും അവതരണത്തിലും വലിയ വ്യത്യസ്തതയൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. എനിക്കും വലിയ മടുപ്പില്ലാതെ ഒരു തവണ കണ്ടിരിക്കാം കാർത്തിയുടെ സുൽത്താൻ.
മദ്രാസിലെ പേര് കേട്ട ഒരു ഗുണ്ടാനേതാവാണ് സേതുപതി (നെപ്പോളിയൻ). നാട്ടിൽ നടക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളിലും സേതുപതിയുടെ അനുയായികൾ തന്നെയാണ് മുന്നിൽ. അതിനാൽ ഇവരെ എല്ലാം പോലീസ് നോട്ടമിട്ടു വെച്ചിരിക്കുകയാണ്. സേതുപതിയുടെ ഭാര്യാസഹോദരനായ മൻസൂർ(ലാൽ) ആണ് ഇതിൽ ഏറ്റവും വിശ്വസ്തൻ. സേതുപതിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഇവരുടെ ഗുണ്ടായിസവും, കൊല്ലും കൊലയും ഒന്നും അറിയിക്കരുതെന്ന് ഭാര്യ അന്നലക്ഷ്മി (അഭിരാമി) പറയുന്നുണ്ടെങ്കിലും, സേതുപതി അതിനെ കാര്യമാക്കി എടുക്കുന്നില്ല. അന്നേ ദിവസം സേതുപതിയെ ആക്രമിക്കാൻ ഗുണ്ടകൾ വീട്ടിൽ വരുന്നു. അതിനിടയിൽ ഭാര്യ തന്റെ കുഞ്ഞിന് ജന്മം നൽകുകയും, പക്ഷെ ഭാര്യ മരിക്കുകയും ചെയുന്നു. ഇതിൽ മനം നൊന്ത് സേതുപതി, തന്റെ മകനെ ഭാര്യ പറഞ്ഞ പോലെ വളർത്താൻ തീരുമാനിക്കുന്നു. മൻസൂർ ആ കുഞ്ഞിന് സുൽത്താൻ എന്ന് പേര് നൽകുകയും ചെയുന്നു (വിക്രം എന്നാണ് യഥാർത്ഥ പേരെന്ന് പിന്നീട് പറയുന്നുണ്ട്).
സുൽത്താൻ അങ്ങനെ ഗുണ്ടകളുടെ ഇടയിൽ, അവരുടെ ദുഷ്പ്രവർത്തികൾ ഒന്നും അറിയാതെ തന്നെ എല്ലാവരെയും തന്റെ സഹോദരങ്ങളെ പോലെ കണ്ടു വളരുന്നു. ഗുസ്തിയിൽ എല്ലാം പ്രാവീണ്യം നേടുന്നതെല്ലാം ഇതിനിടയിൽ കാണിക്കുന്നുണ്ട്. ശേഷം ഇന്നത്തെ കാലഘട്ടം ആണ് കാണിക്കുന്നത്. സുൽത്താന്റെ (കാർത്തി) മുംബൈയിൽ നിന്നുള്ള വരവിനായി ഒരുങ്ങുന്നതും, ഇതിനിടയിൽ ഒരു തങ്ങളുടെ ഗ്രാമത്തെ നശിപ്പിക്കാൻ വന്ന ജയശീലൻ എന്ന ഗുണ്ടയിൽ നിന്നും, തങ്ങളെ രക്ഷിക്കണം എന്ന അഭ്യർത്ഥനയുമായി ഗ്രാമത്തലവൻ (പൊൻവണ്ണൻ) സേതുപതിയെ വന്നു കാണുന്നതും കാണിക്കുന്നുണ്ട്. ഈ ഒരു ആവശ്യം സേതുപതി ഏറ്റെടുക്കുന്നു.
സുൽത്താന്റെ വരവിനു ശേഷം ഒരു ദിവസം തന്റെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു ആക്രമണം നടക്കുന്നു. ഇതിൽ ഒരാൾ കൊല്ലപ്പെടുന്നു. ഇതിനെ തുടർന്ന് അച്ഛനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന സുൽത്താൻ ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ നാട് വിട്ട് പോവും എന്ന് പറയുന്നു. പിറ്റേന്ന് സേതുപതി മരണപ്പെടുന്നു. നേരത്തെ ഉണ്ടായ ആക്രമണം പോലീസ് പദ്ധതിയിട്ട് ചെയ്തതാണെന്ന് അറിയുന്ന സുൽത്താൻ, പോലീസ് കമ്മീഷണറെ ( ഹരീഷ് പേരാടി) പോയി കാണുന്നു. സേതുപതിയുടെ ഗുണ്ടകളെ എല്ലാം എൻകൗണ്ടർ ചെയ്യാനാണ് തന്നെ പ്ലാൻ എന്നും, ഇനി ഒരു പെറ്റി കേസ് എങ്കിലും ഉണ്ടായാൽ എല്ലാവരെയും അവസാനിപ്പിക്കും എന്നും, കമ്മീഷണർ പറയുന്നു. എന്നാൽ, ഇവരെല്ലാം എന്റെ സഹോദരങ്ങൾ ആണെന്നും, എല്ലാവരെയും ഞാൻ നന്നാക്കികൊള്ളം എന്നും പറയുന്ന വിക്രത്തിന്‌ കമ്മീഷണർ ആറു മാസം സമയം നൽകുന്നു.
ഇവരുടെ കയ്യിൽ നിന്നും ഇനിയും ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഓട്ട ലോറി (യോഗി ബാബു) യുടെ നാട്ടിലേക്ക് പോകുന്നത് മുതലാണ് ചിത്രത്തിന്റെ പ്രധാന കഥ ആരംഭിക്കുന്നത്. ഇവിടെ വെച്ച് ഗ്രാമത്തിലെ രുക്മണി എന്ന പെൺകുട്ടിയോട് വിക്രത്തിന്‌ ഇഷ്ടം തോന്നുകയും, ഇവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ എന്ന വ്യാജേന, എല്ലാവരെയും കൂട്ടി അവിടെ താമസമാക്കുകയും ചെയുന്നു. ആ ഗ്രാമത്തിൽ ഉണ്ടാവുന്ന സംഭവങ്ങളും, അതെ തുടർന്ന് സുൽത്താൻ എന്ന വിക്രത്തിന്‌ നേരിടുന്ന പ്രശ്നങ്ങളും ആണ് പിന്നീടങ്ങോട്ട് ചിത്രം ചർച്ച ചെയ്യപ്പെടുന്നത്.
വളരെ പെട്ടെന്ന് തന്നെ കഥ പറഞ്ഞു പോകുന്നുണ്ട് ചിത്രത്തിന്റെ ആദ്യ പകുതി. തുടക്കത്തിലേ രണ്ടു ഗാനരംഗങ്ങളും, തമാശകളും, സംഘട്ടനരങ്ങളും എല്ലാം തന്നെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ഈ ഒരു വേഗതയിൽ തന്നെയാണ് ഗ്രാമത്തിലെ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. മരുഭൂമിപോലെ വറ്റിവരണ്ടു കിടക്കുന്ന ഗ്രാമം എന്ന രീതിയിൽ കളറിങ്ങും, ഛായാഗ്രഹണവും നന്നായി ചെയ്തിട്ടുണ്ട്. നായികയെ കണ്ടുമുട്ടുന്ന രംഗങ്ങളും തുടർന്നുള്ള ഗാനരംഗങ്ങളും നല്ല ഒഴുക്കോടെ പോവുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ, വളരെ പതുക്കെയാണ് ചിത്രം നീങ്ങുന്നത്. ഇടയ്ക്കൊക്കെ നന്നായി പ്രേക്ഷകരെ ബോറടിപ്പിച്ചിട്ടുണ്ട്.
ഒട്ടും അപ്രതീക്ഷിതമല്ലാതെ, പ്രേക്ഷകർ ചിന്തിക്കുന്നതുപോലെ തന്നെയാണ് ചിത്രത്തിന്റെ കഥാഗതി. ഈ അടുത്തിറങ്ങിയ ഭൂമി എന്ന ചിത്രത്തിനോട് സാമ്യത തോന്നുന്ന ഒരു കഥ ഇവിടെയും പറഞ്ഞു പോവുന്നുണ്ട്. പാവപെട്ട കർഷകർ, അവരുടെ ഭൂമി, അത് കൈക്കലാക്കാൻ വരുന്ന ഒരു കോർപ്പറേറ്റ് ഭീമൻ, കോടികളുടെ കരാർ ഇങ്ങനെതുടങ്ങി നമ്മൾ വിയറ്റ്നാം കോളനിയിലും, അവതാറിലും ഒക്കെ കണ്ട കഥാഗതി തന്നെയാണ് ഇവിടെയും. കൊല്ലും കൊലയും മാത്രം പരിചയമുള്ള ഗുണ്ടകളെ, മാനുഷിക പരിഗണന കാണിച്ച് അവരെ നല്ല ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നായകൻ എന്ന രീതിയിൽ ഒരു വ്യത്യസ്തത മാത്രമാണ് ചിത്രത്തിന്റെ സവിശേഷത.
സുൽത്താൻ ആയി കാർത്തിയുടെ പ്രകടനം മികച്ചതായിരുന്നു. ഹീറോയിസം കാണിക്കുന്ന നായകൻ എന്നതിനേക്കാളും, ഗുണ്ടകളെ തന്റെ ചേട്ടന്മാരെ പോലെ കണ്ട്‌ അവരെ നല്ല വഴിക്ക് നയിക്കാൻ ശ്രമിക്കുന്ന നായകൻ എന്ന നിലയ്ക്ക് കഥാപാത്രത്തിന് മറ്റൊരു തലം സൃഷ്ടിക്കാൻ കഴിഞ്ഞു. വൈകാരിക മുഹൂർത്തങ്ങളെല്ലാം നന്നായി ചെയ്തിട്ടുണ്ട്. തുടക്കത്തിൽ നെപ്പോളിയനും, പിന്നീടങ്ങോട്ട് ലാലും കാർത്തിയോട് ഒപ്പം നിൽക്കുന്ന പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്. രശ്‌മികയ്ക്ക് നല്ല വേഷമായിരുന്നെങ്കിലും, തുടക്കത്തിലേ ആ ഒരു സ്ക്രീൻ ടൈം പിന്നീടങ്ങോട്ട് കിട്ടിയില്ല. യോഗി ബാബു ആദ്യ പകുതിയിൽ തമാശ രംഗങ്ങളിലെല്ലാം മികച്ചു നിന്നെങ്കിലും, രണ്ടാം പകുതിയിൽ ഒന്ന് രണ്ടു സീനുകളിൽ ഒതുങ്ങിപോയി. ബാക്കി ഏല്ലാവർക്കും ചെറിയ റോളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
ധാരാളപ്രഭു എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ വിവേക് മാർട്ടിൻ ആണ് ഈ ചിത്രത്തിലും സംഗീത സംവിധാനം നിർവഹിച്ചത്. അങ്ങനെ മനസ്സിൽ താങ്ങി നിൽക്കുന്ന ഗാനങ്ങളൊന്നും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. കാർത്തിയുടെ ഇൻട്രോ സോങ് തരക്കേടില്ല എന്ന് തോന്നി. യുവാൻ ശങ്കർ രാജയാണ് പശ്ചാത്തലസംഗീതം നിർവഹിച്ചത്. ചിത്രത്തെ കുറച്ചെങ്കിലും എൻഗേജിങ് ആക്കിയത് ഇതാണെന്ന് പറയാം. യുദ്ധം സെയ്, തീരാൻ, കൈതി, മാസ്റ്റർ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾക്ക് ശേഷം സത്യൻ സൂര്യൻ സുൽത്താന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മികച്ച വിഷ്വൽസ് തന്നെയായിരുന്നു ചിത്രത്തിൽ ഉടനീളം. രാത്രിയിലെ സംഘട്ടന രംഗങ്ങളും, ക്ലൈമാക്സ് രംഗങ്ങളും മികച്ച കാഴ്ചകളാണ് സമ്മാനിച്ചത്. മെർസൽ, കനാ, ബിജിൽ, ഭൂമി എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ എഡിറ്റർ റൂബൻ ആണ് ഈ ചിത്രത്തിന്റെയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ആദ്യ പകുതിയിലെ ചടുലത രണ്ടാം പകുതിയിൽ ഇല്ലാതിരുന്നത് എഡിറ്റിംഗിലെ പാളിച്ചയായി തോന്നി.
സ്ഥിരം ഫോർമുല തന്നെയാണ് ചിത്രത്തിന്റെ ആദ്യത്തെ നെഗറ്റീവ്. ഇനി എന്ത് സംഭവിക്കും എന്ന് ഏതൊരു പ്രേക്ഷകനും ഊഹിക്കാവുന്ന തരത്തിലുള്ള തിരക്കഥ, ഒട്ടും പുതുമയില്ലാത്ത കേട്ടുപകഴിയ ഈണങ്ങൾ സമ്മാനിച്ച ഗാനങ്ങൾ എന്നിവ മറ്റു പോരായ്മകളാണ്. സംവിധാകയൻ പറയാൻ ശ്രമിച്ച പല കാര്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചിത്രത്തിന് സാധിച്ചില്ല എന്ന് വേണം കരുതാൻ. എങ്കിലും ഒരു തവണ കാണാൻ ഉള്ളതെല്ലാം ഈ ചിത്രത്തിലുണ്ട്. ഭൂമിയോട് സാധൃശ്യമുള്ള കഥയാണെങ്കിലും അതിനേക്കാളും എത്രയോ മുകളിൽ തന്നെയാണ് സുൽത്താൻ. ചിത്രം ഡിസ്നി ഹോട്സ്റ്റാറിലൂടെ ഓൺലൈൻ ആയി കാണാവുന്നതാണ്. ലിങ്ക് താഴെ കൊടുക്കുന്നു.

https://www.hotstar.com/1260060296 

Comments

Post a Comment

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)