ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (Children of Heaven) (1997)
ഇറാനിയന്‍ സംവിധായകന്‍ മജീദി-മജീദി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമാണ് 'ഹില്‍ഡ്രന്‍ ഓഫ് ഹെവന്‍'. .മജീദി-മജീദി തന്നെ രചന നിര്‍വ്വഹിച്ച ചിത്രം 'ബച്ചേഹാ-യെ-അസ്മാന്‍' എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ 1997 നു പുറത്തിറങ്ങി.ഒരു പൂര്‍ണ്ണ ഇറാനിയന്‍ ചലച്ചിത്രം.തുടര്‍ന്ന് ഏറെ പ്രശംസ നേടിയ ചിത്രം 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന പേരില്‍ ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍ നിറഞ്ഞാടി.പൂര്‍ണ്ണമായും കുട്ടികളെ ലക്ഷ്യമിട്ട സിനിമ പക്ഷെ വെള്ളിത്തിരയില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.ചലച്ചിത്രോത്സവങ്ങളില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം ആ വര്‍ഷത്തെ മികച്ച വിദേശചിത്രത്തിനായുള്ള അക്കാദമി അവാര്‍ഡ് നോമിനേഷന്‍ നേടി.90 മിനിട്ടുകള്‍ കൊണ്ട് ഒരു കൊച്ചു ആശയത്തെ തന്‍മയത്തത്തോടെ ചിത്രീകരിച്ച സിനിമ പിന്നീട് അര്‍ജണ്റ്റീനിയന്‍ ഫിലിം ക്രിറ്റിക്സ് അവാര്‍ഡും,മോണ്ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിണ്റ്റെ 4 അവാര്‍ഡുകള്‍ ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ സ്വന്തമാക്കി കൊണ്ട് മജീദി-മജീദിയുടെ 17 സംവിധാനസംരഭങ്ങളില്‍ ഏറ്റവും മികച്ചതായി നിലകൊള്ളുന്നു.
അലി എന്ന പയ്യണ്റ്റെയും അവണ്റ്റെ കൊച്ചു പെങ്ങള്‍ സാറയുടെയും നിഷ്കളങ്കമായ കഥയാണ് 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' പറയുന്നത്.തിരക്കുപിടിച്ച ജോലിയിലാണ് അലിയുടെ അച്ചന്‍.അമ്മക്കു നല്ല സുഖമില്ല.ഈ സാഹചര്യത്തില്‍ വീട്ടുകാര്യങ്ങല്‍ ശ്രദ്ധിക്കാന്‍ അലിയെയാണ് അച്ചന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.ഒരു ദിവസം അനിയത്തിയുടെ ഷൂ ചെരുപ്പുകുത്തിയുടെ കയ്യില്‍ നിന്നും അലി വാങ്ങിക്കുന്നു.തുടര്‍ന്നു പച്ചക്കറിക്കടയില്‍ വച്ച് ഷൂ കാണാതാവുന്നു.അലി ആകെ ധര്‍മ്മസങ്കടത്തിലായി.അനിയത്തിക്കു നാളെ സ്കൂളില്‍ പോകണമെങ്കില്‍ ഷൂ നിര്‍ബന്ധമാണ്.പുതിയ ഷൂ വാങ്ങിക്കാന്‍ പോലും പറ്റാത്ത സാമ്പത്തികസ്തിഥിയിലാണ് അലിയുടെ കുടുംബം.ഷൂ നഷ്ട്ടപെട്ട കാര്യം അച്ചനറിഞ്ഞാലുണ്ടാകുന്ന പൊല്ലാപ്പുകള്‍ അലി പെങ്ങളോട് പറഞ്ഞു മനസിലാക്കികൊടുക്കുന്നു.തുടര്‍ന്ന് അലി തണ്റ്റെ ഷൂ പെങ്ങള്‍ക്കു നല്‍കുന്നു.അവളുടെ സ്കൂള്‍ വിട്ടത്തിനുശേഷം മാത്രമെ അലിയുടെ ക്ളാസ്സ് തുടങ്ങുന്നുള്ളു എന്നതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമായിരുന്നു.പിറ്റേന്നു തൊട്ട് തന്നെ ഷൂ കൈമാറ്റം തുടങ്ങി.പിന്നീട് രസകരമായ സംഭവങ്ങളിലൂടെ സിനിമ മുന്നോട്ട് പോകുന്നു.പക്ഷെ അലിയുടെ മനസ്സ് കൊച്ചുപെങ്ങള്‍ക്കു ഷൂ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.അച്ചണ്റ്റെ കൂടെ നഗരത്തില്‍ തോട്ടപ്പണിക്ക് പോയി കൈനിറയെ കാശുമായി വരുമ്പോഴും പെങ്ങള്‍ക്കു ഷൂ വാങ്ങിച്ച് നല്‍കുന്നതിനെക്കുറിച്ചായിരുന്നു അലി ആദ്യമായി ആവശ്യപ്പെട്ടത്.എന്നാല്‍ വരുന്ന വഴിക്ക് തങ്ങള്‍ സഞ്ചരിച്ച സൈക്കിള്‍ അപകടത്തില്‍ പെട്ടതും ചികിത്സക്കായി പണം ചിലവായതും തണ്റ്റെ മോഹങ്ങള്‍ക്കു താല്‍ക്കാലികമായി വിനയാകുന്നു.പിന്നീട് സ്കൂളില്‍ നിന്നും ഒരു മാരത്തോണ്‍ മത്സരത്തിനുള്ള തിരഞ്ഞെടുപ്പ് തുടങ്ങുന്നു.ഈ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയാല്‍ ലഭിക്കുന്നത് ഷൂവാണെന്ന കാര്യം ശ്രദ്ധയില്‍ പെട്ട അലി മത്സരത്തില്‍ പങ്കെടുക്കുന്നു.തുടര്‍ന്ന് പ്രേക്ഷകരെയാകെ ആകാംശയിലാഴ്ത്തി,അലിയും സാറയും തമ്മിലുള്ള സഹോദര്യബന്ധത്തെ സാക്ഷിനിര്‍ത്തി ചിത്രം ശുഭകരമായ അന്ത്യത്തിലേക്ക്.സ്വര്‍ഗീയതുല്ല്യരായി അലിയും സഹറയും പ്രേക്ഷകമനസ്സില്‍ നിറയുന്നു. അലിയായി അമീര്‍ ഫിറോക്കും സാറയായി ബഹാറെ സിദ്ധിക്കിയും ആണ് അഭിനയിച്ചിരിക്കുന്നത്.180,000 ഡോള്ളര്‍ മുടക്കി ചിത്രീകരിച്ച സിനിമ 933,933 ഡോള്ളര്‍ കളക്ഷന്‍ നേടി.'ബൈസിക്കിള്‍ തീവ്സ്' എന്ന ഇറ്റാലിയന്‍ ചിത്രത്തോടു സാദൃശ്യമുള്ള 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' ആശയപരമായി ഏറെ വേറിട്ടുനില്‍ക്കുന്നു.ഈ ചിത്രം ഈയിടെ 'ബം ബം ബോലെ' എന്ന പേരില്‍ ബോളിവുഡിലേക്ക് മലയാളികളുടെ പ്രിയസംവിധായകന്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തെങ്കിലും ഒട്ടും ശ്രദ്ധ നേടാതെ പോയി.ദര്‍ശീല്‍ സഫാരി(താരെ സമീന്‍ പര്‍) ആണ് അലിയുടെ റോള്‍ കൈകാര്യം ചെയ്തത്. മജീദി-മജീദിയുടെ 17 ചിത്രങ്ങളില്‍ 2000-ത്തിലെ മികച്ച 10 ചിത്രങ്ങളില്‍ ഇടം നേടിയ കളര്‍ ഓഫ് പാരഡൈസും,ദ സോങ്ങ് ഓഫ് സ്പാരോവ്സും തിളങ്ങിനില്‍ക്കുന്നുവെങ്കിലും 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' ഒരു പിടി മുന്നില്‍ തന്നെ.
റേറ്റിംഗ് :8.0/10
IMDB റേറ്റിംഗ്:8.1/10
ഞാന്‍ കണ്ടിരുന്നു..വളരെ നല്ല ചിത്രം...ഇറാനില്‍ നിന്നും വേറെയും ഒരുപാട് നല്ല ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്..മജീദി മജീദിയും,മക്മല്‍ബഫും ഒരുപാട് നല്ല സിനിമള്‍ നല്‍കിയിട്ടുണ്ട്..
ReplyDelete