ഫോറൻസിക് - റിവ്യൂ


പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രം 7th ഡേയുടെ രചയിതാവ് അഖിൽ പോൾ ആറു വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. അഖിൽ പോളിനെ കൂടാതെ രചനയിലും സംവിധാനത്തിലും സഹായിയായി അനസ് ഖാനുമുണ്ട്. ടോവിനോ നായകനാവുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഫോറൻസിക്. രാക്ഷസൻ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളുടെ പ്രമേയമായ തുടർകൊലപാതകപരമ്പരകളുടെ അന്വേഷണം തന്നെയാണ് ഫോറൻസിക്കിലും പറയുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥനായി ടോവിനോ വേഷമിടുമ്പോൾ കേസുകൾ അന്വേഷിക്കുന്ന പോലീസ് ഓഫിസറായി മമത മോഹൻദാസ് എത്തുന്നു. റെബ മോണിക്ക, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.

 

തുടക്കത്തിൽ ഇറച്ചി വെട്ടുന്നത് ഇഷ്ടപ്പെടുന്ന, കോഴിയുടെ തലയും മറ്റും കുപ്പികളിൽ സൂക്ഷിക്കുന്ന തരത്തിൽ മാനസിക വൈകല്യം കാണിക്കുന്ന ഒരു കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്. മകന്റെ ഈ ചേഷ്ടകൾ കണ്ട് അവനെ തല്ലുന്ന അച്ഛനോട് അവനു പക വരികയും അച്ഛനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് ആരും അറിയാതെ കുഴിച്ചിടുന്നു. ഈ രംഗങ്ങളാൽ തന്നെ ചിത്രത്തിൽ ആരാവും സീരിയൽ കില്ലർ എന്ന സൂചന തരുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞു നഗരത്തിൽ നടക്കുന്ന കൊലപാതകപരമ്പര അന്വേഷിക്കാൻ ഋതികസേവിയർ എന്ന പോലീസ് ഉദ്യോഗസ്ഥയെ നിയമിക്കുകയും, സഹായിയായി സാമുവൽ ജോൺ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനെ കൊണ്ടുവരികയും ചെയ്യുന്നു. ഇവർ തമ്മിൽ വലിയ സുഖമല്ലാത്ത ഒരു മുൻകാല പരിചയമുണ്ട്. പിന്നീട് കേസന്വേഷണത്തിൽ സാമുവലിന്റെ ബുദ്ധിപരമായ നിർദ്ദേശങ്ങളും കണ്ടെത്തലുകളും നിർണ്ണായകമാവുകയും ചെയുന്നു. റിട്ടയേർഡ് എസ് പി അബ്ദുൾ വഹാബ് താൻ 10 വർഷം മുൻപ് അന്വേഷിച്ച ഒരു കേസുമായി സാമ്യതകൾ ഉണ്ടെന്ന് കണ്ടെത്തുകയും, ചില നിർണ്ണായകമായ തെളിവുകൾ കൈമാറുകയും ചെയ്യുന്നു. ഇവിടെ തുടങ്ങി പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു നീങ്ങുകയാണ് ചിത്രം.

ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ എല്ലാ ചേരുവകളും മികച്ച രീതിയിൽ അവതരിപ്പിച്ച ആദ്യ പകുതിക്ക് ശേഷം, സീരിയൽ കില്ലെറിലേക്കുള്ള അന്വേഷണം തുടങ്ങുമ്പോൾ തൊട്ട് കഥയിലെ പോരായ്മകൾ മുഴച്ചു നിൽക്കുന്നു. സാമുവൽ ജോണിന്റെ ചില കണ്ടെത്തലുകൾക്ക് ലോജിക് ഇല്ലായ്മ അനുഭവപ്പെട്ടു. ചില രംഗങ്ങളിൽ പ്രത്യേകിച്ച് ഡി എൻ ഇ പരിശോധിക്കുന്ന അവിടെയെല്ലാം നല്ല ലാഗ് അനുഭവപ്പെട്ടു. ഇടയ്ക്കെല്ലാം ഫോറൻസിക്കിന്റെ ആരും കാണാത്ത മെഷിനുകൾ ഡെമോ ചെയ്യുന്ന പോലെ ആയിരുന്നു ചിത്രം. പേരിനോട് സത്യസന്ധത പുലർത്താൻ വേണ്ടിയാകും ഇങ്ങനെ ചെയ്തത്. സീരിയൽ കില്ലറുടെ ബാക്ക് സ്റ്റോറിയും, പകയുണ്ടാകാനുള്ള കാരണങ്ങളും ഒട്ടും കഴമ്പില്ലാത്തതായി തോന്നി. ഒരു മികച്ച ത്രില്ലിംഗ് അനുഭവം പ്രതീക്ഷിച്ച പ്രേക്ഷകരെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്നുണ്ട് ചിത്രം. ഇത്തരം ത്രില്ലറുകൾ പ്രേക്ഷകന്റെ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് അവരെ ശരിയെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഉത്തരങ്ങൾ കഥാന്ത്യത്തോട് അടുക്കുമ്പോൾ കാണിച്ച് കൊടുക്കണം. ഇല്ലാത്ത പക്ഷം തിരക്കഥ പാടെ പരാജയപ്പെടും. അത്തരത്തിൽ ഒരു അനുഭവമാണ് ഫോറൻസിക് സമ്മാനിക്കുന്നത്. കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയിൽ, ഒരുപാട് കഥകൾ കൂട്ടിച്ചേർത്തുകൊണ്ട് ഒരു സീരിയൽ കില്ലറെ ഉണ്ടാക്കിയെടുടുക്കുകയാണ് ഇവിടെ ചെയ്തത്. അതിൽ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനെന്നോണം കുറെ കഥാപാത്രങ്ങളെ വലിച്ചിഴക്കുകയും കൂടെ ചെയ്യുന്നുണ്ട് കഥാകൃത്തുക്കൾ. ഒരുപാട് പാളിച്ചകൾ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട് ഫോറൻസിക്.

തിരക്കഥ പോലെ തന്നെ സംവിധാനവും, ഛായാഗ്രഹണവും ശരാശരി നിലവാരം മാത്രം പുലർത്തിയപ്പോൾ, ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതം മികച്ചതായി തോന്നി. ആദ്യപകുതിയിൽ ത്രില്ലിംഗ് എലമെന്റ് എല്ലാം പ്രേക്ഷകരിലേക്ക് അതേപടി എത്തിക്കാൻ ഈ സംഗീതത്തിന് കഴിഞ്ഞു. രണ്ടാം പകുതിയിൽ പാകപ്പിഴകൾ സംഭവിക്കുമ്പോളും ഇടയ്ക്കൊക്കെ പ്രേക്ഷകരെ ഒന്ന് ത്രില്ലടിപ്പിക്കാൻ ജേക്സ് ബിജോയ്‌ക്ക് കഴിഞ്ഞു. ടോവിനോയ്ക്കും മമ്തയ്ക്കും ഒഴികെ ബാക്കിയുള്ളവർക്കൊന്നും ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഉബൈദ് ആയി വന്ന കഥാപാത്രം വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ ഒരു സുപ്രധാന ഭാഗത്തു തന്നെ ഇത്തരം ഒരു പ്രകടനം ചിത്രത്തെ സാരമായി ബാധിച്ചു. ഉബൈദ് സംസാരിക്കുന്ന കാര്യങ്ങൾക്കും പോലും വ്യക്തത ഉണ്ടായില്ല. ചിത്രം അവസാനത്തോടടുക്കുമ്പോൾ ഇത്തരം കഥാപാത്രങ്ങളുടെ പ്രകടനങ്ങളുടെ ഒരു ചാകരയാണ്.

പ്രേക്ഷകർക്ക് ഓർത്തുവെക്കാൻ പാകത്തിലുള്ള ഒന്നും ചിത്രം സമ്മാനിക്കുന്നില്ല. റിലീസ് ചെയ്തപ്പോൾ കിട്ടിയ നല്ല പ്രതികരണങ്ങൾ ഒരു പക്ഷെ മാറ്റിയെഴുതുകയാണ് ടെലിവിഷൻ പ്രീമിയറിലൂടെ. ഒരു ട്രോളിൽ വായിച്ചപോലെ, രാക്ഷസനും അഞ്ചാം പാതിരാക്കും മെമ്മറീസിനും എല്ലാം താഴെ തന്നെ ആയിരിക്കും ഫോറെൻസിക്കിന്റെ സ്ഥാനം. കേട്ടുപഴകിയ സീരിയൽ കില്ലർ കഥകൾ ഇവിടെ വിലപ്പോകില്ല എന്ന് കൂടെ ഓർമിപ്പിക്കുന്നുണ്ട് ഈ ചിത്രം.

Comments

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)