കനക - ഷോർട്ട് ഫിലിം റിവ്യൂ
മെയ് ഒന്നിന് സൈലന്റ് മേക്കർസ് പിക്‌ചേഴ്‌സിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രമാണ് 'കനക'. കൂട്ടുകാരന്റെ കാണാതായ അമ്മയെ തേടിയുള്ള അന്വേഷണം ഒരു സീരിയൽ കില്ലെറിലേക്ക് എത്തിപ്പെടുന്നതാണ് കഥയുടെ പ്രമേയം. 'ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ' ജനുസ്സിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രം ദുരൂഹതകളും, ട്വിസ്റ്റുകളുമൊക്കെയായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്.
റിയാൻ (ശിവ ഹരിഹരൻ) എന്ന സി.ഐ.ഡി ഉദ്യോഗസ്ഥന്റെ മകൻ സി.ഐ.ഡി ആവാനുള്ള ആഗ്രഹുമായി നടക്കുകയാണ്. ആയിടയ്ക്കാണ്
സുഹൃത്ത് രാജ (യോഗേഷ്) തന്റെ അമ്മയെ കാണാതായ കാര്യം പറയുന്നത്. ഇത് കേട്ട് പൊതുവെ അന്വേഷണ ത്വരയുള്ള നായകൻ തന്റെ മനസ്സിൽ തെളിഞ്ഞ വഴിയിലൂടെ അന്വേഷണം നടത്തുകയാണ്. തീർത്തും ദുരൂഹതകൾ നിറഞ്ഞ കഥാപാത്രമായ രാജയുടെ അമ്മ കനകമ്മയെ (മായാ ആൻ ജോസഫ്) തേടിയുള്ള അന്വേഷണങ്ങൾ ചെന്നെത്തുന്നത് നഗരത്തിലെ സുപ്രധാനമായ തുണിക്കടകളിലാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ട്വിസ്റ്റുകളും, ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി ചിത്രം മുന്നോട്ട് പോകുന്നു. കമലയും, കനകയും ആരാണെന്ന ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങളിലേക്കുള്ള റിയാന്റെ അന്വേഷണയാത്രകാലാണ് ചിത്രം പറയുന്നത്.ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ നായകനായ റിയാനുണ്ടായ ആകാംശകളും ചോദ്യങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ച് നമ്മളോരോരുത്തരെയും ആ അന്വേഷണയാത്രയിൽ കൂടെ കൂട്ടുകയാണ് സംവിധായകനും തിരക്കഥാകൃത്തും.
റിയാന്റെ വേഷമണിഞ്ഞ ശിവ ഹരിഹരൻ മികച്ച പ്രകടനം കാഴ്ചവെച്ചു, മുഖത്തു മിന്നിമറയുന്ന മുഖഭാവങ്ങൾ ആ കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായിത്തോന്നി. തമിഴ് സംസാരിക്കുന്ന കൂട്ടുകാരൻ രാജയും നന്നായി അഭിനയിച്ചു. കനകയുടെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. ദുരൂഹതകൾ തങ്ങിനിൽക്കുന്ന ഈ കഥാപാത്രത്തിനെ അതിന്റെ എല്ലാ ഭാവതലങ്ങളോടും കൂടെ അഭിനയിച്ചു ഫലിപ്പിക്കാൻ മായ ആനിന് കഴിഞ്ഞു. ഈ കഥാപാത്രത്തിന്റെ പ്രകടനം ചിലപ്പോൾ ചിത്രത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചേനെ എന്നുള്ള വസ്തുത കൂടെ പരിശോധിക്കുമ്പോൾ, എല്ലാരെക്കാളും ഒരു പിടി മുകളിൽ തന്നെയാണ് കനകയുടെ കഥാപാത്രത്തിനുള്ള സ്ഥാനം.
ഒരു മികച്ച മിസ്റ്ററി ത്രില്ലറിന്റെ എല്ലാ ചേരുവകളും ഒത്തുചേർന്നിരിക്കുന്ന രചനയാണ് ഈ ചിത്രത്തിന്. പ്രമേയത്തിന്റെ ത്രില്ലിംഗ് സ്വഭാവം ഒരിക്കലും ചോരാതെതന്നെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ശിവപ്രസാദ് കാശിമങ്കുളം ആണ് രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ഇതിന് അനുയോജ്യമായ തരത്തിൽ ഒരു സിനിമയോട് കിടപിടിക്കുന്ന ഛായാഗ്രഹണം ചെയ്ത് സരിൻ രവീന്ദ്രൻ വിസ്മയിപ്പിക്കുന്നുണ്ട്. ഇതിൽ ട്രെയിൻ രംഗങ്ങൾ മികച്ചതായി തോന്നി. കൂടുതൽ ക്ളോസ് ആപ്പ് ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ ശ്രെമിച്ചിട്ടുണ്ട്. മിസ്റ്ററി ത്രില്ലറുകൾ പ്രേക്ഷകർ പൂർണ്ണമായും ഉൾക്കൊള്ളണമെങ്കിൽ അതിന്റെ പശ്ചാത്തലസംഗീതത്തിന് വലിയ പങ്കുണ്ട്. ഇവിടെ എന്തിനേക്കാളും മികച്ച് നിന്നത് 'റിജോ ജോണിന്റെ' പശ്ചാത്തലസംഗീതമാണെന്ന് നിസ്സംശയം പറയാം. പല രംഗങ്ങളിലും പ്രേക്ഷകന് ദുരൂഹതകൾ നിറഞ്ഞ മാനസികാവസ്ഥ സൃഷ്ടിക്കുന്നതിൽ പശ്ചാത്തലസംഗീതത്തിന് വലിയ സ്വാധീനം ചെലുത്താൻ സാധിച്ചു.
പ്രേക്ഷകരുടെ മനസ്സിലുദിച്ച ഒരുപിടി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തിരക്കഥാകൃത്തിന് കഴിയാതെ പോയത് ഒരു വലിയ പോരായ്മയായി തോന്നി. ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ അതിന്റെ അന്ത്യത്തോടടുക്കുമ്പോൾ ഇത്തരം ഉത്തരങ്ങൾ, അല്ലെങ്കിൽ മിസ്റ്ററികൾ സോൾവ് ചെയ്ത് പ്രേക്ഷകരുടെ ചിന്താതലങ്ങളെ വിസ്മയിപ്പിക്കാറുണ്ട് എന്നിരിക്കെ ഇനിയും ചുരുളഴിയാത്ത രഹശ്യമായി കനക നിലകൊള്ളുന്നു.ഒരു ഓപ്പൺ എൻഡിങ് ആയിരിക്കാം ഒരു പക്ഷെ കനകയിലുടെ തിരക്കഥാകൃത്തും സംവിധായകനും ഉദ്ദേശിക്കുന്നത്. ഇത്തരം ചിത്രങ്ങൾ വിരളമാണെന്നിരിക്കെ ഇതൊരു പുതുമയായി തോന്നാം. പ്രേക്ഷകരുടെ മനസ്സിൽ ഉരുത്തിരിഞ്ഞ എല്ലാ ചോദ്യങ്ങളും പ്രേക്ഷകർ തന്നെ കണ്ടെത്തട്ടെ എന്ന ചിന്തയാവാം ഇങ്ങനെ ഒരു എൻഡിങ്ങിലേക്ക് നയിച്ചത്. പക്ഷെ ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്ന പ്രേക്ഷകർക്ക് ഒരു കിടിലൻ ബിരിയാണി മുന്നിൽ കൊണ്ട് വെച്ചിട്ട് തിന്നരുത് എന്ന് പറഞ്ഞപോലെയായി.
ഇത്തരം ചോദ്യങ്ങൾക്ക് ഒരു വലിയ ഉത്തരവുമായി ഈ ടീം ഈ ഹ്രസ്വചിത്രത്തിന്റെ രണ്ടാം ഭാഗയുമായി വരും എന്ന പ്രതീക്ഷയുമായി, ടീം കനകയ്ക്ക് ആശംസകൾ നേരുന്നു.
You tube link : https://www.youtube.com/watch?v=xbye5fxBxI4
You tube link : https://www.youtube.com/watch?v=xbye5fxBxI4
Comments
Post a Comment