മുന്നറിവ് - റിവ്യൂ
വർക്ക് ഫ്രം ഹോം ചെയ്യുന്ന ഐ ടി ജീവനക്കാരൻ ഭാവികാലത്ത് നിന്നുമുള്ള തന്റെ മകളുടെ ശബ്ദം കേൾക്കുന്നതും തുടർന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. അരുൺ എന്ന ഐ ടി ക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അരുൺ സ്കൈപ്പിലൂടെയും മറ്റും സംസാരിക്കുന്ന ആളുകൾ അദ്ദേഹത്തോട് നേരിട്ട് വന്നു സംസാരിക്കുന്ന പോലെ തോന്നുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ തന്റെ ഭാവിയിൽ നിന്നും വന്ന മകളാണെന്ന് അവകാശപ്പെടുന്ന പൂർവി എന്ന പെൺകുട്ടി ഒരു അശരീരി പോലെ അരുണിനോട് സംവദിക്കുന്നതായും തോന്നുന്നു. ഈ ശബ്ദം തന്നെ ആരോ കളിപ്പിക്കുന്നതായി മാത്രം കാണുന്ന അരുൺ, തന്റെ കസിനായ ബഡ്‌ഡിയോട് ഇത് പറയുന്നുണ്ടെങ്കിലും അവനും തോന്നലായിരിക്കും എന്ന തീരുമാനം എടുക്കുന്നു. തന്റെ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ട് പെട്ടെന്ന് ചെയ്തുകൊടുക്കാൻ ഉണ്ടാവുന്ന സമ്മർദ്ദം അരുണിനെ വല്ലാതെ അലട്ടികൊണ്ടിരിക്കുമ്പോൾ ഒരു പെൺകുട്ടി തന്റെ റൂമിൽ ഉള്ളതായി അരുണിന് അനുഭവപ്പെടുന്നു. ഇത് അരുണിന്റെ ഭാവികാലത്തിൽ നിന്നും വന്ന മകളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളും, ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളും, എങ്ങനെ ഭാവികലത്തിൽ നിന്നും വന്ന് ഭൂതകാലത്തിലെ ഒരാളുമായി സംവദിക്കുന്നുവെന്നുമൊക്കെയുള്ള പൂർവിയുടെ സിദ്ധാന്തങ്ങളോട് അരുൺ പൊരുത്തപ്പെടുകയും, മകളായി അംഗീകരിക്കുകയും ചെയുന്നു. തുടർന്ന് കംപ്യുട്ടർ പ്രോഗ്രാമുകളിൽ അതീവ കഴിവ് തെളിയിക്കുന്ന യുവാക്കളുള്ള ഒരു ഭാവികാലത്തിൽ നിന്നും വരുന്ന പൂർവി തന്റെ അച്ഛനെ ഇപ്പോഴത്തെ പ്രോജെക്ടിൽ സഹായിക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. ഒരു ഐടി ജീവനക്കാരൻ അറിഞ്ഞും അറിയാതെയും പ്രോഗ്രാം ചെയ്ത് പുറത്തിറക്കുന്ന പല ആപ്പുകളും, വെബ് സൈറ്റുകളും ഭാവിയിൽ എന്ത് തരത്തിൽ ആണ് സ്വാധീനിക്കുക എന്നൊക്കെയുള്ള ആരും ചിന്തിക്കാത്ത ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിത്രം ചർച്ചചെയ്യുന്നുണ്ട്. ഇത് നല്ലതായാലും ചീത്തയായാലും അത് ഒരു ഐടിക്കാരനെ ആയിരിക്കില്ല, മറിച്ച് ഭാവിതലമുറയാവും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരിക എന്നും ചിത്രം ഓർമ്മിപ്പിക്കുന്നു.
അരുണിന്റെ കഥാപാത്രം അവതരിപ്പിച്ച അരുൺ ജി നായർ മികച്ച പ്രകടനം കാഴ്ചവെച്ചു. സമ്മർദ്ദത്തിൽ ജോലി ചെയുന്ന ഒരു ഐടിക്കാരന്റെ എല്ലാ മാനറിസങ്ങളും മികച്ചരീതിയിൽ ചെയ്തിട്ടുണ്ട്. മകളായി വന്ന സൈജു ജോൺ തന്റെ കഥാപാത്രത്തോട് നീതിപുലർത്തി. തന്റെ അമ്മ പഞ്ചാബിൽ ജനിച്ചു വളർന്ന ഒരാൾ ആണ് എന്ന് പറയുന്നത് കൊണ്ടാവാം, മലയാളം ഒട്ടും വഴങ്ങാത്തപോലെ സംഭാഷണങ്ങൾ തോന്നിപ്പിച്ചത്. ഭാവികാലത്തിൽ മലയാളത്തിനുള്ള പ്രാധ്യാന്യം കുറയും എന്ന ചിന്താഗതിയാണോ ഈ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ, അല്ലെങ്കിൽ ഡബ്ബിങ് ഇങ്ങനെ ചെയ്തത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ഒരു പോരായ്മ ഒഴിച്ചാൽ അച്ഛനും മകളും തമ്മിലുള്ള വൈകാരിക തലങ്ങളിൽ ഇരുവരും മികച്ചു നിന്നു. ശിവാനി, രാജീവ് എന്നിവരുടെയും മുഴുനീള കഥാപാത്രങ്ങൾ മികവ് പുലർത്തി. ബാക്കിയുള്ളവർക്കൊന്നും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
അധികം കേട്ട് പരിചയമില്ലാത്ത, തികച്ചും ഐടി മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമ പ്രേക്ഷകരിലേക്കെത്തിക്കാൻ എഴുത്തുകാരനും സംവിധായകനുമായ ആഷിക് കുമാർ നല്ല രീതിയിൽ ശ്രെമിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ടെക്നിക്കൽ വശങ്ങളിൽ മികച്ചതൊന്നും അവകാശപ്പെടാനില്ലാത്ത ഈ ചിത്രത്തിനെ ഒരു ശരാശരി അനുഭവമാക്കി തീർക്കാൻ കഴിഞ്ഞു എന്നിടത്ത് തന്നെയാണ് ഈ സംവിധായകൻ വിജയിച്ചിരിക്കുന്നത്. എങ്കിലും ചില സ്ഥലങ്ങളിലെ ലാഗിംഗ് ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചെയ്ത കാര്യങ്ങൾ തന്നെ വീണ്ടും കാണിക്കുമ്പോൾ, പ്രത്യേകിച്ച് അരുണും ആയുഷിയും ഇരുന്ന് പ്രോഗ്രാം ചെയ്യുന്ന രംഗങ്ങൾ, മകളുമായി ഉള്ള സംഭാഷണങ്ങൾ എല്ലാം ഒന്ന് വെട്ടി ചുരുക്കമായിരുന്നു എന്ന് തോന്നി. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ ഒരുപാട് അവ്യക്തമായ സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. ഇതെല്ലാം തിരക്കഥയിലെ പാളിച്ചകളായി തോന്നാം. ചിത്രത്തിന്റെ എഡിറ്റിംഗിലും ഈ പ്രശ്നങ്ങൾ കാണാം. ചിത്രത്തിന്റെ തുടർച്ച എവിടെയൊക്കെയോ നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു. മൃദുൽ വിശ്വനാഥാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. പൂർണ്ണമായും ഐഫോണിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് എന്ന് അവകാശപ്പെടുന്നതിനാൽ തന്നെ ലൈറ്റിംഗിലും, ക്ലോസ് അപ്പ് ദൃശ്യങ്ങളിലും അനുഭവപ്പെടുന്ന പോരായ്മകൾ എഴുതിത്തള്ളാം. ചില രാത്രികാലഷോട്ടുകൾ മികച്ചതായി തോന്നി. ബിനാലെ ചിത്രീകരിച്ചിരിക്കുന്നതും നല്ലതായിരുന്നു. വെള്ളത്തിനടിയിൽ വെച്ച് ചിത്രീകരിച്ച ഒരു രംഗം അതിശയിപ്പിച്ചു. ചിത്രത്തിന്റെ കളറിംഗ് അത്ര നല്ലതായി തോന്നിയില്ല. പ്രത്യേകിച്ച് പുറമെ ചിത്രീകരിച്ച രംഗങ്ങളെല്ലാം വെളിച്ചക്കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഭൂതകാലത്തിലെ ആളുകളുമായി എങ്ങനെ സംവദിക്കുന്നു എന്ന് അരുണിനെ പറഞ്ഞുമനസ്സിലാക്കുന്ന രംഗങ്ങളിൽ കാണിക്കുന്ന അനിമേഷൻ മികച്ചുനിന്നു. പ്രേക്ഷകനെ ചിലപ്പോൾ ബോറടിപ്പിക്കുമായിരുന്ന ഈ സംഭാഷണങ്ങൾ നല്ല രീതിയിൽ രസകരമായി അവതരിപ്പിക്കാൻ ഈ അനിമേഷൻ സഹായിച്ചു.
സയൻസ് ഫിക്ഷനുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒന്ന് കണ്ടുനോക്കാം ഈ പരീക്ഷണചിത്രം. കണ്ടുമറന്ന കഥകളിൽ നിന്നും പ്രേക്ഷകരെ ഏറെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് ഈ ചിത്രം. കുറേകൂടി സാങ്കേതികമികവ് പുലർത്തിയിരുന്നെങ്കിൽ വേറെ തരത്തിലുള്ള പ്രേക്ഷകപ്രശംസ നേടിയേനെ ഈ ചിത്രം. യുട്യൂബ് ലിങ്ക് താഴെ നൽകുന്നു.
യൂട്യൂബ് ലിങ്ക് :
Comments
Post a Comment