സെക്കന്‍റ് ഷോ (Second Show)
ഒരു കൂട്ടം പുതുമുഖങ്ങളുടെ സിനിമ.കഥയും തിരക്കഥയും അഭിനയവും തൊട്ട് സംവിധായകര്‍ വരെ എല്ലാം പുതുമുഖങ്ങള്‍.. അവകാശ വാദങ്ങള്‍ ഒന്നും തന്നെയില്ലാതെ വന്ന സിനിമ.മമ്മുട്ടിയുടെ മകന്‍ ദുല്ഖറിന്‍റെ കന്നി ചിത്രം എന്നതില്‍ ഉപരി മറ്റൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ കണ്ടു മടുത്ത സിനിമ വ്യാകരണങ്ങള്‍ക്ക് നേരെ ചാട്ടുളി പോലുള്ള മറുപടിയായി മാറുകയാണ് സെക്കന്‍റ് ഷോ.
ലാലു(ദുല്ഖര്‍ സല്‍മാന്‍)))) എന്ന കേന്ദ്ര കഥാപാത്രവും അവന്‍റെ ചെറിയ(പിന്നീട് വലുതായി മാറുന്ന) ലോകവും ആണ് സിനിമ പറയുന്നത്.കഥാപാത്രത്തിന്‍റെ വികാര വിചാരങ്ങള്‍ കൃത്യമായി ഒപ്പി എടുക്കാന്‍ എന്നോണ്ണം കഥാ നായകന്‍ കഥ പറയുന്ന തരത്തില്‍ ആണ് കഥ പുരോഗമിക്കുന്നത്.ലാലുവും അവന്‍റെ സുഹൃത്ത് കുരുടി എന്ന്‍ വിളിക്കുന്ന നെല്‍സണ്‍ മണ്ടേല(സണ്ണി)യും അവരുടെ സുഹൃത്തുക്കളും “എങ്ങനെയും പണമുണ്ടാക്കുക” എന്ന ഇന്നിന്‍റെ യുവത്വത്തിന്‍റെ ചിന്തയുടെ പ്രതിഫലനങ്ങള്‍ ആണ്.അതിനായി അവര്‍ എത്തി പെടുന്നത് വിഷ്ണു ബുദ്ധന്‍( എന്ന ഡ്രഗ് ഡീലറുടെ അടുത്തും.അവര്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ തെറ്റാണെന്ന്‍ തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകി പോകുന്നു.അവിടെ നിന്നാണ് സെക്കന്‍റ് ഷോയുടെ രണ്ടാം അദ്ധ്യായം തുടങ്ങുന്നത്.വികടനും കുരുടിയും വിഷ്ണു ബുദ്ധനും “സൈമാ” എന്നുള്ള വിളിയും ചേര്‍ന്ന്‍,ശക്തമായ ഒരു കഥാ തന്തുവിനു ചുറ്റുമുള്ള കഥാപാത്ര സൃഷ്ടി എടുത്ത് പറയേണ്ടതാണ്.മലയാള സിനിമയിലെ വിധേയത്വം നിറഞ്ഞ നായികാ സങ്കല്‍പത്തെയും വിരഹം നിറഞ്ഞ മാതൃത്വതെയും സെക്കന്‍റ് ഷോയിലെ നായിക ഗീതു(ഗൌതമി)വിലൂടെയും അമ്മ(രോഹിണി)യിലൂടെയും സംവിധായകന്‍ കണക്കിന് കളിയാക്കുന്നുണ്ട്.ഒരു വിഷ്ണു ബുദ്ധന്‍ അവസാനിക്കുന്നിടത്ത് പുതിയൊരു വിഷ്ണു ബുദ്ധന്‍ ഉദയം ചെയ്യുന്നു എന്ന്‍ ഓര്‍മിപ്പിച്ച് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.ശാന്തിയുടെ മുഖം മൂടിയണിഞ്ഞ ചെന്നായ്ക്കളുടെ ലോകമാണ് ഇതെന്നു വിഷ്ണു ബുദ്ധനും മകന്‍ സിദ്ധാര്‍ഥ് ബുദ്ധനും(മിഥുന്‍ നായര്‍) പ്രേക്ഷകനെ ഓര്‍മിപ്പിക്കുന്നു.
സിനിമ വിട്ട് പുറത്തിറങ്ങുന്ന ഒരു ശരാശരി മലയാള പ്രേക്ഷകന്‍റെ മനസ്സില്‍ ശ്രീനാഥ് എന്ന പുതുമുഖ സംവിധായകന്‍റെ ഈ സിനിമ ഒരു പുത്തന്‍ അനുഭവം തന്നെയാകുന്നു .സിനിമയിലെ അമാനുഷികനായ നായക സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തെക്ക് തങ്ങളുടെ കഥാപാത്രങ്ങളെ കൊണ്ടുവരിക എന്ന ജോലി വിനി വിശ്വ ലാല്‍ എന്ന പുതുമുഖ തിരക്കഥാകൃത്തുക്കള്‍ ഭംഗിയായി നിര്‍വഹിച്ചു. അഭിനേതാക്കള്‍ ഒട്ടു മിക്കവരും താര പരിവേഷമില്ലാത്ത പുതുമുഖങ്ങള്‍ ആയതിനാല്‍ ഈ ജോലി എളുപ്പമാകുകയും ചെയ്തു.പപ്പു എന്ന ഛായാഗ്രഹകന്‍റെ ദൃശ്യ മികവ് എടുത്ത് പറയേണ്ടതാണ്.. നൈറ്റ് ഷോര്‍ട്ട്സ് അതിന്‍റെ പൂര്‍ണ മിഴിവോടെ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.ശ്രീകാന്ത്-പ്രവീണ്‍( (മാങ്കാത്ത ഫെയം)ടീമിന്‍റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തുന്നു. ചുരുക്കി പറഞ്ഞാല്‍ ഇതാ ഇതാണ് മലയാള സിനിമയുടെ പുതിയ മുഖം എന്ന് ഈ സൌഹൃദ കൂട്ടായ്മ വിളിച്ച് പറയുന്നു.തേര്‍ഡ് ഷോ എന്ന പുതിയ അദ്ധ്യായം എഴുതി കാണിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. നമുക്കും കാത്തിരിക്കാം ഈ സൌഹൃദ കൂട്ടായ്മയുടെ പുതിയ അദ്ധ്യായങ്ങള്‍ക്കായി.
ഒറ്റവാക്കില്‍ : മലയാള സിനിമ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്ന് നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എങ്കില്‍ നിങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സിനിമ.
റേറ്റിങ്ങ്: 8.
കഥ നന്നായി തോന്നിയിരുന്നു. എന്നാലും ചിലയിടങ്ങളിൽ ഒരു ബന്ധമില്ലായ്മ ചെറുതായി മുഷിപ്പിചിരുന്നു. ശ്രീനാഥ് എന്ന സംവിധായകനും ദുൽഖർ,സണ്ണി തുടങ്ങിയ നടന്മാർക്കും ഇനിയും മുന്നേറാൻ പറ്റുമെന്ന പ്രതീക്ഷ തന്ന ചിത്രം
ReplyDeleteആശംസകൾ