അവന്‍ ഇവന്‍ (Avan Ivan)


ഇന്ത്യന്‍ ചലച്ചിത്രലോകത്ത്‌ തണ്റ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ്‌ ബാല.വെറും നാലു ചിത്രങ്ങള്‍ കൊണ്ട്‌ തന്നെ ഒരു ദേശീയപുരസ്കാരം ഉള്‍പ്പെടെ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ 5 തവണ നേടിയെടുത്ത ബാലയുടെ അഞ്ചാമത്തെ ചലചിത്രസംരംഭമാണ്‌ 'അവന്‍ ഇവന്‍'. മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‌ സ്വന്തമാക്കിയ സേതു(1999) എന്ന ആദ്യ ചിത്രത്തിനു ശേഷം ഇദ്ദേഹം ചെയ്ത ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഒരോ ചിത്രങ്ങള്‍ക്ക്‌ ശേഷവും ബാല എന്ന സംവിധായകണ്റ്റെ,തിരക്കഥാകൃത്തിണ്റ്റെ വളര്‍ച്ച കാണാന്‍ സാധിക്കും.ഇതു തന്നെയാണ്‌ ബാലയെ ഒരു ദേശീയ പുരസ്കാരം വരെ എത്തിച്ചതും.തണ്റ്റെ മുന്‍ കാല ചിത്രങ്ങളില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സേതു,നന്ദ,ചിത്തന്‍(പിതാമഹന്‍),രുദ്രന്‍(നാന്‍ കടവുള്‍) തുടങ്ങിയവ വ്യത്യസ്തമായ ജീവിതശൈലിയുള്ളവരാണ്‌.തമിഴ്‌ സിനിമകളില്‍ കണ്ടുവരുന്ന സ്ഥിരം രീതികളില്‍ നിന്നും ഇവര്‍ ഏറെ വേറിട്ട്‌ നില്‍ക്കുന്നു.ഇത്തരം കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കുകയും അവരുടെ കഥ സ്ഥിരം തമിഴ്ചിത്രങ്ങളുടെ ചേരുവകളില്‍ നിന്നും വിഭിന്നമായി അവതരിപ്പിക്കുകയും ചെയ്യാന്‍ ധൈര്യം കാണിച്ച ബാലയുടെ പുതിയ ചിത്രമായ അവന്‍ ഇവന്‍ ഇതിനാല്‍ തന്നെ ഏവരും കാത്ത്‌ നിന്ന ഒന്നാണ്‌.
ഇതുവരെ ബാല സംവിധാനം ചെയ്ത ചിത്രങ്ങള്‍ വിപണനമൂല്യം ലക്ഷ്യം കണ്ട്‌ ഇറങ്ങിയതായിരുന്നില്ലെങ്കില്‍ കൂടി ഇവ നല്ല രീതിയില്‍ തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.എന്നാല്‍ ഒരു സമ്പൂര്‍ണ്ണ എണ്റ്റര്‍ട്രേയിനര്‍ എന്ന പരസ്യങ്ങളോടെ ആണ്‌ 'അവന്‍ ഇവന്‍' പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്‌.മുന്‍ ചിത്രങ്ങളില്‍ സെണ്റ്റിമെണ്റ്റ്സിണ്റ്റെ ധാരാളിത്തം ഉണ്ടെങ്കില്‍ കൂടി സന്ദര്‍ഭോചിതമായ തമാശകള്‍ പ്രേക്ഷകരെ രസിപ്പിച്ചിരുന്നു('നാന്‍ കടവുള്‍' വ്യത്യസ്തമാണ്‌).പിന്നെന്തിനാണ്‌ 'അവന്‍ ഇവന്‍' എന്ന ചിത്രത്തിണ്റ്റെ പരസ്യങ്ങളില്‍ ബാലയുടെ ആദ്യ തമാശാചിത്രം എന്നത്‌ കൊണ്ട്‌ ഉദ്ദേശിച്ചത്‌ എന്നും,ആര്യ ബാലാചിത്രങ്ങളിലൂടെ തന്നെ തണ്റ്റെ കഴിവ്‌ പ്രദര്‍ശിപ്പിച്ചതാണെങ്കിലും, വിശാല്‍ എന്ന നടന്‍ ഈ ചിത്രത്തില്‍ എങ്ങനെയിരിക്കും എന്നൊക്കെയുള്ള ചിന്തകളാണ്‌ അവന്‍ ഇവന്‍ കാണാന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്‌.ബാലാ ചിത്രങ്ങളുടെ സ്ഥിരം ഫോര്‍മുലകള്‍ തെറ്റിച്ച ഈ ചിത്രം ബാലയുടെ മികവിണ്റ്റെ ഒരു നിഴല്‍ മാത്രമേ ആയുള്ളു എന്നു നിസംശയം പറയാം.ബാലയുടെ തന്നെ ചിത്രങ്ങളെ കൂട്ടിചേര്‍ത്ത്‌ ഉണ്ടാക്കിയ ഒരു തിരക്കഥ പോലെ ചിത്രത്തിലെ പല രംഗങ്ങളും കണ്ടാല്‍ തോന്നിപ്പോകും.ബാലയുടെ ആദ്യ കോമഡി എണ്റ്റെര്‍ടെയ്നര്‍ ചെറിയ രീതീയില്‍ എങ്കിലും നിരാശകള്‍ സമ്മാനിക്കുന്നു. എ.ജി.എസ്‌ എണ്റ്റര്‍ടെയ്ന്‍മെണ്റ്റിണ്റ്റെ ബാനറില്‍ കല്‍പ്പാത്തി എസ്‌.അഗോരം,കല്‍പ്പാത്തി എസ്‌.ഗണേഷ്‌,കല്‍പ്പാത്തി എസ്‌.സുരേഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.സംവിധാനത്തിനു പുറമേ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും ബാലയാണ്‌.എസ്‌. രാമകൃഷ്ണന്‍ 'അവന്‍ ഇവന്‍' എന്ന ഈ ചിത്രത്തിണ്റ്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നു.തേനിയിലെ ഒരു ഉള്‍ഗ്രാമത്തിണ്റ്റെ കഥയാണ്‌ അവന്‍ ഇവനിലൂടെ ബാല പറഞ്ഞിരിക്കുന്നത്‌.
വാള്‍ട്ടര്‍ വണങ്കാമുടി എന്ന സ്ത്രൈണസ്വഭാവമുള്ള കഥാപാത്രത്തേയാണ്‌ വിശാല്‍ അവതരിപ്പിച്ചിരിക്കുന്നത്‌.കോങ്കണ്ണനായ വാള്‍ട്ടറിണ്റ്റെ സഹോദരനായ കുമ്പിടറേന്‍ സ്വാമി എന്ന വ്യത്യസ്തമായ മറ്റൊരു കഥാപാത്രമായാണ്‌ ആര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌.സഹോദരന്‍മാരാണെങ്കിലും ഇവരുടെ അമ്മമാര്‍ വ്യത്യസ്തരാണ്‌.ഒരേ വീട്ടില്‍ രണ്ട്‌ വാതില്‍ വച്ച്‌ താമസിക്കുകയും,പരസ്പരം വഴക്കിടൂകയും ചെയ്യുന്ന ഈ അമ്മമാരേയും മക്കളേയും കേന്ദ്രീകരിച്ചാണ്‌ കഥ മുന്നോട്ട്‌ പോകുന്നത്‌.പരസ്പരം ചെറിയ ചെറിയ കാര്യങ്ങള്‍ക്ക്‌ വഴക്കിലാണെങ്കിലും ഇവര്‍ നാട്ടിലെ പ്രമാണിയായിരുന്ന ഹൈനസിണ്റ്റെ കൂടെ എപ്പോഴും ഉണ്ടാകും.സ്വന്തക്കാരാരുമില്ലാത്ത ഹൈനസ്സ്‌ സ്വന്തം മക്കളെ പോലെ ഇവരെ സ്നേഹിക്കുന്നു.വാള്‍ട്ടര്‍,സ്വാമി,ഹൈനസ്സ്‌ ഇവരെ ചുറ്റിപ്പറ്റിയാണ്‌ ചിത്രമെങ്കിലും ഒരു വ്യക്തമായ തിരക്കഥയില്ലാത്തതാണ്‌ ചിത്രത്തിണ്റ്റെ പരാജയം.പൊലീസ്‌ ഉദ്യോഗസ്ഥയായ ബേബി(ജനനി അയ്യര്‍) യോട്‌ വാള്‍ട്ടറിനു തോന്നുന്ന പ്രേമവും, കോളേജ്‌ വിദ്യാര്‍ഥി ആയ തേന്‍മൊഴി(മധു ശാലിനി) യോടുള്ള സ്വാമിയുടെ പ്രണയവും അവതരിപ്പിക്കനുള്ള ശ്രമം വിചാരിച്ചത്ര ഫലം കണ്ടില്ല.രണ്ടു പ്രണയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ചിത്രത്തില്‍ കേള്‍ക്കാന്‍ ഇമ്പമുള്ള പ്രണയഗാനങ്ങള്‍ ഇല്ല എന്നത്‌ ഒരു വലിയ കുറവുതന്നെയായി.പ്രണയവും സൌഹൃദവും പറഞ്ഞ്‌ ചിത്രം ഇടവേള വരെ മുന്നോട്ട്‌ പോകുന്നു.ഇടയ്ക്ക്‌ ഹൈനസ്സിനെ അപമാനിച്ച പോലീസ്‌ ഉദ്യോഗസ്ഥരെ വാള്‍ട്ടറും സ്വാമിയും ചേര്‍ന്ന്‌ ആക്രമിക്കുന്നു.തണ്റ്റെ സവിശേഷതയായ സംഘട്ടനരംഗങ്ങള്‍ ഭംഗിയായി തന്നെ ബാല ഇവിടെയും ചെയ്തിരിക്കുന്നു.തുടര്‍ന്ന്‌ സ്വാമിയെ പോലീസ്‌ പിടിക്കുകയും,വാള്‍ട്ടര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.
കഥയില്‍ ഗതിമാറ്റം പ്രതീക്ഷിപ്പിച്ച്‌ ഇടവേള.എന്നാല്‍ ഇടവേളക്ക്‌ ശേഷവും കഥ ഇഴഞ്ഞ്‌ നീങ്ങി.സൂര്യയുടെ ഗസ്റ്റ്‌ അപ്പിയറന്‍സിലായി അടുത്ത പ്രതീക്ഷ.എന്നാല്‍ നടന്‍ സൂര്യയായി തന്നെ ഇവിടെ പ്രത്യക്ഷപ്പെടുന്നു.വേദിയില്‍ സൂര്യയുടെ മുന്‍പില്‍ നല്ലൊരു നടനായ വാള്‍ട്ടര്‍ നവരസങ്ങള്‍ കാണിച്ച്‌ കയ്യടിവാങ്ങിക്കുന്നു.ഇവിടെ മാത്രമാണ്‌ വാള്‍ട്ടര്‍ എന്ന നടനെ സംവിധായകന്‍ പരിചയപ്പെടുത്തുന്നത്‌.മുന്‍പെപ്പോഴോ പറഞ്ഞിട്ടുണ്ടെങ്കിലും അവ പ്രേക്ഷകനില്‍ വാള്‍ട്ടര്‍ എന്ന നടനെ ഉള്‍ക്കൊള്ളാന്‍ മാത്രം ആവുനില്ല.ഈ ഒരു കൊണ്ടുപോരായ്മ തന്നെയാണ്‌ സൂര്യ വരെ എഴുന്നേറ്റ്‌ നിന്ന്‌ കൈയ്യടിക്കുകയും,വാള്‍ട്ടറിനെയും കെട്ടിപിടിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ പ്രേക്ഷകനില്‍ യാതൊരു ചലനവും ശൃഷ്ടിക്കാന്‍ കഴിയാതെ വന്നത്‌.വാള്‍ട്ടറിണ്റ്റെ പ്രകടനത്തില്‍ നിരാശനായി സ്വാമി നടത്തുന്ന പ്രകടനം ആര്യയുടെ അഭിനയത്തെ ഈ ചിത്രത്തില്‍ ആദ്യമായി ചൂഷണം ചെയ്യപ്പെടുന്നുവെങ്കിലും ചിലയിടങ്ങളില്‍ വളരെ നീണ്ടുപോയതായി തോന്നി.ഇടയ്ക്കെപ്പോഴോ കടന്നു വരുന്ന ഹൈനസ്സിണ്റ്റെ സ്വത്ത്‌ വകകള്‍ പറ്റിച്ച്‌ കൈക്കലാക്കിയ കഥാപാത്രം വില്ലനായി പ്രത്യക്ഷപ്പെടുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല.എന്നാല്‍ കുമ്പിടറേന്‍ സ്വാമി സ്നേഹിക്കുന്ന പെണ്‍കുട്ടി അയാളുടെ മകളാണെന്ന് ഹൈനസ്സിനെ അറിയിക്കുന്നു,തുടര്‍ന്ന് സ്വാമിയെ ഹൈനസ്സ്‌ വീട്ടില്‍ നിന്നിറക്കി വിടുകയും,താമസിയാതെ അവരുടെ സ്നേഹം തിരിച്ചറിഞ്ഞ്‌ ഹൈനസ്സ്‌ വീണ്ടും സ്വാമി,വാള്‍ട്ടര്‍ എന്നിവരുമായി ഒന്നിക്കുന്നു.ചിത്രം അതിണ്റ്റെ വികാരമുഹൂര്‍ത്തങ്ങളിലേക്ക്‌ കടക്കുന്നു.ഇവരുടെ ബന്ധം കാണിക്കുന്ന ഗാനരംഗം പിതാമഹനിലെ ഗാനരംഗംങ്ങളുമായി ഏറെ സാമ്യത തോന്നിക്കുമെങ്കിലും അവന്‍ ഇവനിലൂടെ ബാല അവതരിപ്പിക്കാന്‍ ശ്രമിച്ച കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക്‌ എതിക്കുന്നതിന്‌ ഈ ഗാനം വഴിവച്ചു എന്നു തന്നെ പറയാം.
അവസാന നിമിഷങ്ങളിലേക്ക്‌ ബാല വീണ്ടും തണ്റ്റെ ട്രേഡ്‌ മാര്‍ക്കായ സെണ്റ്റിമെന്‍സിലേക്കു കടന്നു.പെട്ടെന്നുള്ള വില്ലണ്റ്റെ അവതരണവും,പിന്നീടുള്ള വൈകാരികനിമിഷങ്ങളും കഥക്ക്‌ ഒരു അവസാനം ഉണ്ടാക്കാനായി പടുത്തുയര്‍ത്തിയ രംഗങ്ങളായി തോന്നിപോകും.പിതാമഹന്‍,നാന്‍ കടവുള്‍ എന്നീ ചിത്രങ്ങള്‍ പരിചയപെടുത്തിയ തരത്തിലുള്ള ക്ളൈമാക്സ്‌ രംഗങ്ങള്‍ ഈ ചിത്രത്തിലും കാണാം.എന്നാം തണ്റ്റെ കഴിഞ്ഞ നാല്‌ ചിത്രങ്ങളിലേയും പോലെ അവന്‍ ഇവനില്‍ ബാല അവതരിപ്പിച്ച സെണ്റ്റിമെണ്റ്റ്സ്‌ ഈ ചിത്രത്തില്‍ ഫലം കണ്ടില്ല,കാരണം പേരുസൂചിപ്പിക്കുന്നത്‌ പോലെ അവന്‍-ഇവന്‍ എന്നീ രണ്ട്‌ കഥാപാത്രങ്ങളെ ഹൃദ്യമായി അവതരിപ്പിക്കന്‍ കഴിയാത്തതും,വ്യക്തമല്ലാത്ത ഒരു തിരക്കഥയില്ലാത്തതും ആവാം.ഒരു പക്ഷേ അവന്‍ ഇവനിലെ വില്ലന്‌ പ്രേക്ഷകരെ കയ്യിലെടുക്കന്‍ പറ്റാത്തതും ഒരു കാരണമായി ചൂണ്ടിക്കാണിക്കാം
.ബാലയുടെ ചിത്രങ്ങളെ സ്നേഹിക്കുന്ന സിനിമാപ്രേമികള്‍ക്ക്‌ ഒരു പക്ഷേ ചിത്രം ഇഷ്ടപെട്ടേക്കാം.എന്നാല്‍ സാധാരണക്കാറ്‍ക്ക്‌ ചിത്രത്തിണ്റ്റെ കഥാഗതി അത്രയ്ക്കങ്ങ്‌ ഇഷ്ടപെട്ടോളണം എന്നില്ല. വിശാലിണ്റ്റെ അഭിനയം വിസ്മരിക്കാതെ വയ്യ.ഒരു ആക്ഷന്‍ ഹീറോ ഇമേജില്‍ നിന്നും മാറാന്‍ ശ്രമിക്കുന്ന വിശാലിന്‌ തണ്റ്റെ സിനിമാജീവിതത്തില്‍ ഇത്രയതികം വെല്ലുവിളികള്‍ ഉണ്ടാക്കിയ കഥാപാത്രം ആദ്യമായാവും.ചില്ലറ പാകപ്പിഴകള്‍ അഭിനയത്തില്‍ കാണാമെങ്കിലും ഈ കഥാപാത്രത്തെ പകുതിയിലധികവും ഉള്‍ക്കൊണ്ട്‌ അഭിനയിച്ച വിശാലിനെ പ്രശംസിക്കാതെ വയ്യ.ഒരേ തരത്തിലുള്ള റോളുകളില്‍ ഒതുങ്ങിക്കൂടുന്ന നടന്‍മാറ്‍ക്ക്‌ വിശാല്‍ ഒരു മാതൃകയാവട്ടെ.വിശാലിണ്റ്റെ പ്രകടനത്തില്‍ മുങ്ങിപ്പോയ വേഷമാണ്‌ ആര്യ ചെയ്തിരിക്കുന്നത്‌.നാന്‍ കടവുള്‍ എന്ന ചിത്രത്തിലൂടെ തമിഴ്‌ താരനിരയില്‍ തണ്റ്റെ സ്ഥാനം ഉറപ്പിച്ച ആര്യക്ക്‌ ബാലയോടുള്ള കടപ്പാട്‌ ആയിരിക്കാം ഒരു പക്ഷേ ഈ ചിത്രത്തിലേക്കും വഴിവച്ചത്‌.വാള്‍ട്ടറിണ്റ്റെ അമ്മയായി അംബിക,ഹൈനസ്സ്‌ ആയി ജി.എം.കുമാറ്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.
യുവാന്‍ ശങ്കറ്‍ രാജയാണ്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌.5 ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌.'ഡിയാ ഡിയാ ഡോലെ' എന്ന ഗാനം തികച്ചും ഡപ്പാം കൂത്ത്‌ സ്റ്റൈലിലാണ്‌ ചെയ്തിരിക്കുന്നത്‌.ഹരിചരന്‍ പാടിയ 'രാസാതി' എന്ന ഗാനവും വിജയ്‌ യേശുദാസ്‌ പാടിയ ഗാനവും ചിത്രത്തിലുണ്ട്‌ .ആര്‍തര്‍ എ.വിത്സണ്റ്റെ ചായാഗ്രഹണം ചിത്രത്തിന്‌ കൂടുതല്‍ മിഴിവേകുന്നു.എഡിറ്റിംഗ്‌ നിറ്‍വ്വഹിച്ചിരികുന്നത്‌ സുരേഷ്‌ ആണ്‌. ജൂണ്‍ ൧൭നു കേരളമടക്കമുള്ള തിയേറ്ററുകളില്‍ റിലീസായ ചിത്രത്തിന്‌ ബാലയുടെ കയ്യൊപ്പ്‌ നഷ്ട്ടപ്പട്ടിരിക്കുന്നു.വിശാലിണ്റ്റെ ഒരൊറ്റ അഭിനയമികവില്‍ പ്രദര്‍ശനം തുടരുന്ന അവന്‍ ഇവന്‍ എത്ര കാലം പിടിച്ച്‌ നില്‍ക്കുമെന്ന് സംശയമാണ്‌.കെട്ടഴിഞ്ഞ തിരക്കഥയും ചിലയിടങ്ങളില്‍ ഉള്ള ബോറടിപ്പിക്കുന്ന തമാശാരംഗങ്ങളും അവന്‍ ഇവനോടുള്ള അഭിപ്രായം മോശമാക്കുന്നു.കൊമേഴ്ഷ്യല്‍ സിനിമയുടേ തലങ്ങളിലേക്ക്‌ ബാലയുടെ കഥാപാത്രങ്ങളും,കഥയും എത്തിപ്പെടാന്‍ അത്ര എളുപ്പമല്ല എന്നും തണ്റ്റെ സ്ഥിരം ശൈലികള്‍ മറന്ന് സിനിമ ചെയ്താല്‍ മാത്രമെ അത്തരമൊരു സംരംഭം വിജയിപ്പിക്കാന്‍ സാഥിക്കൂ എന്ന് ബാല മനസ്സിലാക്കിയെന്ന് വിശ്വസിക്കാം.അടുത്ത ചിത്രത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ബാല എന്ന ജീനിയസ്സിന്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

റേറ്റിംഗ്‌ :5.5/10

Comments

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)