മേരിക്കുണ്ടൊരു കുഞ്ഞാട് (Merikundoru Kunjadu)
ഷാഫി-ബെന്നി.പി.നായരമ്പലം-ദിലീപ് സഖ്യം എട്ട് വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'മേരിക്കുണ്ടൊരു കുഞ്ഞാട്'.കല്ല്യാണരാമനാണ് ഇവരൊന്നിച്ച ആദ്യ ചിത്രം.ബെന്നി പിന്നീട് ഷാഫിക്കു വേണ്ടി 'തൊമ്മനും മക്കളും','ലോല്ലിപോപ്പ്','ചട്ടമ്പിനാട്' എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.ദിലീപിനായി 'മന്ത്രമോതിരം','ചാന്ത്പൊട്ട്' എന്നീ ചിത്രങ്ങല്‍ക്കു കഥയെഴുതിയതും ബെന്നിയായിരുന്നു.ഇതില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചാന്ത്പൊട്ട് ദിലീപിണ്റ്റെ കരിയറിലെ നാഴികകല്ലായിരുന്നു.ദിലീപിനെ ജനപ്രിയനായകപദവിയിലേക്ക് ഉയര്‍ത്തിയ കഥാപാത്രങ്ങളായ രാമന്‍ കുട്ടിയും,രാധയും ബെന്നിയുടെ തൂലികതുമ്പിലൂടെ ജനിച്ചവയായിരുന്നു.അതിനാല്‍ തന്നെ ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഷാഫിയുടെ 'കുഞ്ഞാട്' തെറ്റിച്ചില്ല എന്നാണ് ആദ്യദിവസങ്ങളിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്.ഒരു മുഴുനീള തമാശചിത്രം മനോഹരമായ ഒരു തിരക്കഥയാല്‍ കെട്ടിപടൂര്‍ത്തിരിക്കയാണിവിടെ.'പാപ്പി അപ്പച്ചാ','കാര്യസ്തന്‍' എന്നീ ചിത്രങ്ങളില്‍ ദിലീപ് ചെയ്ത വേഷങ്ങളില്‍ നിന്നും ഒരുപാട് മുന്‍പിലാണ് 'മേരിക്കുണ്ടൊരു കുഞ്ഞാടി'ലെ സോളമന്‍.ഏകദേശം ചക്കരമുത്തിനോടു സാമ്യതയുണ്ടെങ്കിലും ദിലീപിനെ അയല്‍പക്കത്തെ പയ്യന്‍ ഇമേജിലേക്ക് തിരിച്ചെത്തിച്ചിരിക്കയാണ് ബെന്നി സോളമനിലൂടെ. പ്രേക്ഷകര്‍ കാത്തിരുന്ന കൂട്ടുകെട്ട് മലയാളികള്‍ക്കായി സമ്മാനിച്ച ഒരു നല്ല ക്രിസ്ത്മസ് വിരുന്നു തന്നെയാണ് മേരിക്കുണ്ടൊരു കുഞ്ഞാട്.
വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രത്തില്‍ ഷാഫിയുടെ സ്ഥിരം ഫോര്‍മുലകളെല്ലാം അടങ്ങിയിരിക്കുന്നു.പാവത്താനായ സോളമണ്റ്റെ കഥയാണ് ചിത്രം പറയുന്നത്.നാട്ടിലെ കൊച്ചുപിള്ളേര്‍ അടിച്ചാല്‍ തിരിച്ചടിക്കാന്‍ പോലും ധൈര്യമില്ലാത്തവന്‍.നാട്ടുകാര്‍ക്കെല്ലാം സോളമന്‍ 'കുഞ്ഞാട്' സോളമനാണ്. സര്‍വ്വോപരി പേടിത്തൊണ്ടനും മടിയനുമായ സോളമണ്റ്റെ മനസ്സില്‍ നിറയെ സിനിമാസംവിധായകമോഹങ്ങളാണ്.ഇത് അറിഞ്ഞിട്ടുതന്നെ പള്ളീലച്ചന്‍ പള്ളിയിലേക്ക് പൊന്നിന്‍ കുരിശ്ശ് വയ്ക്കാനുള്ള പണം സ്വരൂപിക്കാന്‍ ഒരു സീരിയല്‍ സംവിധാനചുമതല സോളമനെ ഏല്‍പ്പിക്കുന്നു.രസകരമായ പല കാരണങ്ങളാല്‍ ഷൂട്ടിംഗ് അവതാളത്തിലാവുന്നു. സോളമന്‍ നാട്ടിലെ പ്രധാനധനികന്‍ ഇട്ടിച്ചണ്റ്റെ മകള്‍ മേരിയുമായി പ്രേമത്തിലാണ്.പണ്ട് ഇട്ടിച്ചന് സോളമണ്റ്റെ അമ്മയെ വലിയ ഇഷ്ടമായിരുന്നു.മേരി എന്നു തന്നെയായിരുന്നു പേരും.ഈ ഇഷ്ടം കല്ല്യാണം വരെ എത്തിയതുമാണ്.എന്നാല്‍ ചില കാരണങ്ങളാല്‍ മേരി കല്യാണതലേന്ന് നാട്ടിലെ കപ്യാരുടെ കൂടെ ഒളിച്ചോടി.ഇത് ഇട്ടിച്ചനെ വിഷമിപ്പിച്ചു.ഈ ഇഷ്ടം മനസ്സില്‍ സൂക്ഷിക്കുന്ന ഇട്ടിച്ചന്‍ തണ്റ്റെ ആദ്യമകള്‍ക്ക് മേരി എന്നു പേരിട്ടു.ഈ പഴയ ചതിക്കഥയുടെ പേരില്‍ സോളമന് മേരിയെ കൊടുക്കില്ല എന്ന് ഇട്ടിച്ചന്‍ വാശി പിടിച്ചു.കൂടെകൂടെ മേരിയുടെ ആങ്ങളമാരുടെ ഇടിയും സോളമന്‍ വാങ്ങിച്ചു കൂട്ടി.ഇങ്ങനെയിരിക്കെയാണ് തണ്റ്റെ വീട്ടിനടുത്തുള്ള പൊട്ടക്കിണറ്റില്‍ നിന്നും അപരിചിതനായ ഒരാളെ സോളമന്‍ രക്ഷിക്കുന്നത്.മേരിയുടെ ആങ്ങളമാരോട് പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള ഇയാളെ പിന്നീട് സോളമന്‍ തണ്റ്റെ ഒളിച്ചോടിപ്പോയ ചേട്ടന്‍ 'ജോസ്' ആണെന്ന വ്യാജപ്രചരണം നടത്തി കൂടെകൊണ്ടുനടക്കുന്നു.മേരിയുടെ തണ്ടും തടിയുമുള്ള ചേട്ടന്‍മാരോട് പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള ജോസിണ്റ്റെ നിഴലില്‍ സോളമന്‍ തലപൊക്കി തുടങ്ങുന്നു.തുടര്‍ന്ന് ചിത്രം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുന്നു.സോളമന് മേരിയെ കിട്ടുമോ?,ജോസ് സോളമനെ സഹായിക്കുന്നതിന് പിന്നിലെന്താണ്? തൂടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തലോടെ സിനിമ ശുഭകരമായ അന്ത്യത്തിലേക്ക്.
സൂപ്പര്‍സ്റ്റാര്‍ ഇമേജ് പാടെ എടുത്ത് കളഞ്ഞ് തിരിച്ചടിക്കാന്‍ ധൈര്യമില്ലാത്ത ഒരു സാധാരണക്കാരനായ സോളമണ്റ്റെ കഥാപാത്രം ദിലീപിനെ ഏറെ കാലം പിന്നോട്ട് കൊണ്ടുപോകുന്നു.ഒരുപാട് കാലമായി ജനപ്രിയനായകറ്റെ മികച്ച ചിത്രങ്ങള്‍ക്ക് വേണ്ടി കൊതിക്കുന്ന ആരാധകരടക്കമുള്ള പ്രേക്ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെയുള്ള ദിലീപിണ്റ്റെ ഉജ്വലമായ തിരിച്ചുവരവ്.സിനിമ കഴിഞ്ഞിറങ്ങുന്ന ഓരോ പ്രേക്ഷകരേയും അമ്പരിപ്പിച്ച കഥാപാത്രമാണ് ജോസ്.ചിരിക്കാത്ത,അധികം സംസാരിക്കാത്ത ജോസായി എത്തിയത് ബിജുമേനോനാണ്.ബിജുമേനോന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ റോളായി ജോസ് എന്ന കഥാപാത്രത്തെ വിശേഷിപ്പിക്കാം.മുടിയാകെ പറ്റെ വെട്ടി ഒരു ജയില്‍പ്പുള്ളിയുടെ ഗെറ്റപ്പില്‍ ഗാംഭീര്യം കൈവിടാതെ മനോഹരമായി അഭിനയിച്ച ബിജുമേനോനാണ് മേരിക്കുണ്ടൊരു കുഞ്ഞാടിലെ യദ്ധാര്‍ഥതാരം.ഇട്ടിച്ചനായി ഇന്നസെണ്റ്റ് ഒരു നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെ കൈകാര്യം ചെയ്തപ്പോള്‍ മകള്‍ മേരിയായി ഭാവന അഭിനയിച്ചിരിക്കുന്നു.ട്വണ്റ്റി-ട്വണ്റ്റി ക്കു ശേഷം ഇവര്‍ ജോഡികളാകുന്ന ചിത്രമാണിത്.ദിലീപിണ്റ്റെ അമ്മ മേരിയായി വിനയപ്രസാദ് അഭിനയിച്ചപ്പോള്‍ കപ്യാരായി വിജയരാഘവന്‍ വേഷമിട്ടിരിക്കുന്നു.ശവപ്പെട്ടി കച്ചവടക്കാരനായുള്ള സലീം കുമാറിണ്റ്റെ കഥാപാത്രം തമാശയും ഗൌരവവും ഒരുപോലെ കൈകാര്യം ചെയ്ത് കയ്യടിനേടി.പള്ളീലച്ചനായി ജഗതി അഭിനയിച്ചിരിക്കുന്നു.ബിജുമേനോണ്റ്റെ വരവ് വരെ വളരെ ഇഴഞ്ഞു നീങ്ങിയതും തമാശകള്‍ പതിവുപോലെ ശ്രദ്ധപിടിച്ചുപറ്റാതെ പോയതും ചിത്രത്തിനെ കുറച്ച് പിന്നോട്ടുവലിക്കുന്നെങ്കിലും എല്ലാം മറന്ന് ആസ്വദിക്കാന്‍ പറ്റിയ എല്ലാം ഈ സിനിമയിലുണ്ട്.ബേര്‍ണി-ഇഗ്നേഷ്യസ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഒന്നും തന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്നവയല്ല.എന്നാല്‍ ഗാനങ്ങള്‍ ചായാഗ്രഹണഭംഗിയാല്‍ ശ്രദ്ധിക്കപ്പെടുന്നു.ശ്യാം ദത്താണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.അനില്‍ പനച്ചൂരാന്‍ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നു. കാണ്ടഹാര്‍,ബെസ്റ്റ് ആക്ടര്‍,ടൂര്‍ണമണ്റ്റ് എന്നീ ചിത്രങ്ങള്‍ മത്സരിക്കാന്‍ രംഗത്തുണ്ടെങ്കിലും മേരിക്കുണ്ടൊരു കുഞ്ഞാട് ഒരു ചുവട് മുന്നില്‍ തന്നെയാണ്.ഷാഫി-ബെന്നി-ദിലീപ് കൂട്ടുകെട്ടിണ്റ്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് ആയി മാറട്ടെ എന്ന് ആശംസിക്കുന്നു. ഏവര്‍ക്കും ചിത്രക്കൂട്ടിണ്റ്റെ പുതുവത്സരാശംസകള്‍!!
റേറ്റിംഗ്:5.5/10.0
Good review...shud go nd watch d film..
ReplyDelete