ഗുഞ്ചൻ സക്‌സേന : ദി കാർഗിൽ ഗേൾ
ഇന്ത്യൻ എയർ ഫോർസിലെ ആദ്യ വനിതയായ ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ബയോപിക് ചിത്രമാണ് ഗുഞ്ചൻ സക്‌സേന : ദി കാർഗിൽ ഗേൾ. ചിത്രം ഓഗസ്റ്റ് 12 ന് നെറ്ഫ്ലിസ് വഴി റിലീസ് ചെയ്തു. 1996 ൽ ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി നേടി 1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആദ്യ വനിതയായ ഗുഞ്ചൻ നേരിട്ട ലിംഗവിവേചനവും പൈലറ്റ് ആവാൻ കൊതിക്കുന്ന ഒരു പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങളും അവളുടെ അതിജീവനവും, സ്വപ്നസാക്ഷാത്കാരവുമാണ് ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ജീവചരിത്രസംബന്ധിയായ സിനിമ എന്ന നിലയിൽ വളരെ മികച്ചു നിൽക്കുന്ന, പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഗുഞ്ചൻ സക്‌സേന.
കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹീറോ യാഷ് ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രം ശരൺ ശർമയാണ് സംവിധാനം ചെയ്തിരിക്കുന്നത്. യെ ജവാനി ഹേ ദിവാനിയുടെ സഹസംവിധായകനായിരുന്ന ശരൺ ശർമയും നിഖിൽ മേഹോത്രയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഗുഞ്ചൻ സക്സേനയായി വേഷമിടുന്ന ഈ ചിത്രത്തിൽ, പങ്കജ് ത്രിപാഠിയും, അംഗദ് ബേദിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഒരു കാർഗിൽ യുദ്ധത്തിന്റെ രംഗത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. പരിക്കേറ്റ പട്ടാളക്കാരെ രക്ഷിക്കാൻ ഗുഞ്ചൻ (ജാൻവി കപൂർ) ഹെലികോപ്റ്ററിനടുത്തേക്ക് നീങ്ങുന്നതാണ് കാണിക്കുന്നത്. പിന്നീട് ഗുഞ്ചന്റെ ചെറുപ്പകാലം ആണ് കാണിക്കുന്നത്. വിമാനത്തിൽ യാത്ര ചെയുമ്പോൾ, പുറംകാഴ്ചകൾ കാണാൻ ചേട്ടൻ സമ്മതിക്കാത്തതിനെ തുടർന്ന് അതിലെ എയർ ഹോസ്റ്റസ് ഗുഞ്ചനെ കൊണ്ടുപോയി കോക്ക്പിറ്റിൽ കൊണ്ടുപോയി കാഴ്ചകൾ കാണിച്ചു കൊടുക്കുകയും ചെയുന്നു. ശേഷം ചെറുപ്പത്തിൽ തന്നെ, ഒരു പൈലറ്റ് ആവാൻ അവൾ സ്വപ്നം കാണുകയും ചെയ്യുന്നു. പത്താം ക്‌ളാസിൽ നല്ല മാർക്ക് വാങ്ങിയ ഗുഞ്ചൻ പൈലറ്റ് ആവണം എന്ന ആഗ്രഹം വീട്ടിൽ അറിയിക്കുന്നു. എന്നാൽ അമ്മയും പട്ടാളക്കാരനായ ചേട്ടൻ അൻഷുമാനും (അംഗദ് ബേദി) ഇതിനെ എതിർക്കുന്നു. ഒരു പെൺകുട്ടിക്ക് ഒരിക്കലും ഒരു പൈലറ്റ് ആവാൻ കഴിയില്ല എന്ന് തന്റെ ചേട്ടൻ പറയുമ്പോഴും, ഗുഞ്ചനെ പട്ടാളക്കാരനായ അച്ഛൻ അനൂപ് സക്‌സേന (പങ്കജ് ത്രിപാഠി) പിന്തുണയ്ക്കുന്നു. എന്നാൽ പൈലറ്റ് ആവാൻ കോളേജ് വിദ്യാഭ്യാസം വേണം എന്നുള്ളതിനാൽ തന്നെ കുറെ വർഷം കൂടെ ഗുഞ്ചന് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ പൈലറ്റ് പഠനത്തിന് വലിയ തുക വേണ്ടിവരുന്നതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയും, ഗുഞ്ചൻ ആകെ വിഷമിക്കുകയും ചെയുന്നു. പിന്നീട് പത്രത്തിൽ വന്ന ഒരു പരസ്യം ഗുഞ്ചന്റെ ആഗ്രഹത്തെ വീണ്ടും ഉണർത്തി. ഇന്ത്യൻ എയർ ഫോഴ്‌സിലേക്ക് ആദ്യമായി വനിതകളെ ക്ഷണിക്കുന്നു എന്നതായിരുന്നു ആ പരസ്യം. അച്ഛന്റെ പൂർണ്ണ പിന്തുണയോടെ അമ്മയുടെ സമ്മതം വാങ്ങിച്ച് എയർ ഫോഴ്‌സിലേക്കുള്ള പരീക്ഷ എഴുതുന്നു. പിന്നീട് മെഡിക്കൽ ടെസ്റ്റിന് പോകുന്നു. എന്നാൽ ആദ്യത്തെ മെഡികളിൽ തന്നെ ഗുഞ്ചൻ പരാജയപ്പെടുന്നു. വീണ്ടും എയർ ഫോഴ്‌സിലേക്ക് കയറിപ്പറ്റാൻ ഗുഞ്ചൻ നടത്തുന്ന ശ്രമങ്ങളും, നേരിടുന്ന പ്രശ്നങ്ങളും ഒക്കെയായി ചിത്രം മുന്നോട്ട് പോകുന്നു. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ, ഗുഞ്ചനിലേക്ക് ഓരോ പ്രേക്ഷകനും കൂടുതൽ അടുക്കുന്നു. മികച്ച ഒരുപിടി നല്ല മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്നുണ്ട് ഈ ചിത്രം.
ഓരോ പെൺകുട്ടികളുടെയും സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കണമെങ്കിൽ, അവിടെ വീട്ടുകാരുടെ പൂർണപിന്തുണ വേണം എന്ന ഒരു വലിയ സന്ദേശമാണ് ഈ ചിത്രത്തിലൂടെ പറഞ്ഞു തരുന്നത്. ഇതിലെ അച്ഛനായി വന്ന കഥാപാത്രം, വളരെ ഗൗരവമായി തന്നെ ഗുഞ്ചന്റെ സ്വപ്നങ്ങളോടും അത് കൈവരിക്കാൻ ഉണ്ടാവുന്ന പ്രശ്നങ്ങളോടും സമീപിക്കുകയും, മകളുടെ സ്വപ്‌നങ്ങൾ തന്റെയും സ്വപ്നങ്ങളാണെന്ന് ചിന്തിക്കുകയും ചെയ്യുന്നു. അച്ഛൻ മകൾ ബന്ധത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ആദ്യപകുതി പൂർണ്ണമായും മുന്നോട്ട് പോകുന്നത്. ഇവരുടെ സംഭാഷങ്ങൾ ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവ് വശം ആണ്. പല ഘട്ടങ്ങളിലും മകൾ തളരുമ്പോഴും ഇത്തരം സംഭാഷണങ്ങൾ മകളെ പൂർവ്വാധികം ശക്തിയോടെ വീണ്ടും ആ സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കാൻ കെല്പുള്ളവളാക്കുന്നുണ്ട്. ഇങ്ങനെ ഒരു അച്ഛൻ ഉണ്ടായിരുന്നെങ്കിൽ, എന്ന് ജീവിതത്തിൽ തന്റെ സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ഓരോ പെൺകുട്ടിയും ചിലപ്പോൾ ആഗ്രഹിച്ചു പോകും. മകളെ തളർത്തുന്ന ഒരു വാക്ക് പോലും പറയാതെ, ആ ആഗ്രഹത്തിലേക്ക് കൈപിടിച്ചു ഉയർത്തുകയാണ് അനൂപ് സക്‌സേന എന്ന കഥാപാത്രം ചെയ്തത്. അതിനാൽ തന്നെ ഇതിലെ അച്ഛൻ കഥാപാത്രത്തിന് ഒരു വലിയ സല്യൂട്ട്.
ഗുഞ്ചൻ സക്സേനയായി വേഷമിട്ട ജാൻവി കപൂർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പല കാലഘട്ടങ്ങളിലൂടെയും, വ്യത്യസ്തയാർന്ന ഒരുപാട് സന്ദർഭങ്ങളിലൂടെയും കടന്നു പോവുന്ന കഥാപാത്രമാണ് ഗുഞ്ചൻ. വളരെ ഗൗരവമായി തന്നെ ഈ കഥാപാത്രത്തെ ഏറ്റെടുക്കുകയും, ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലിംഗ വിവേചനം നേരിടുന്നതും, തുടർന്ന് സീനിയർ ഓഫീസറോട് പ്രതികരിക്കുന്നതുമെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. നെപോട്ടിസത്തിന്റെ പേര് പറഞ്ഞുകൊണ്ട് ജാൻവിയുടെ ഈ ചിത്രത്തിലെ പ്രകടനത്തെ താഴ്ത്തികെട്ടുന്ന ഒരു പ്രവണത പൊതുവെ കാണുന്നുണ്ട്. പക്ഷെ ഈ വിവാദങ്ങൾ ഒകെ വെറുതെ ആണെന്ന് ചിത്രം കാണുന്നവർക്ക് മനസിലാവും. ധടക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, ആദ്യ ചിത്രത്തിൽ തന്നെ മികച്ച അരങ്ങേറ്റ നടിക്കുള്ള അവാർഡും നേടിയ ജാൻവിയുടെ മൂന്നാമത്തെ ചിത്രമാണ് ഗുഞ്ചൻ: ദി കാർഗിൽ ഗേൾ. ഗോസ്റ്റ് സ്റ്റോറീസ് എന്ന നെറ്ഫ്ലിസ് ചിത്രത്തിലും ജാൻവി അഭിനയിച്ചിട്ടുണ്ട്. ഈ ഒരു ചെറിയ അഭിനയപരിചയം വെച്ചു നോക്കുമ്പോൾ ജാൻവിയുടെ കരിയറിലെ വലിയ ഒരു ചിത്രം തന്നെയാവും ഇത്.
ജാൻവിയോളം തന്നെ പ്രാധാന്യമുള്ള അച്ഛൻ കഥാപാത്രമായി പങ്കജ് ത്രിപാഠിയും തകർത്തു. വളരെ അനായാസമായി ചെയ്തപോലെ തോന്നി. എന്തോ ഒരു ഇഷ്ടം തോന്നും ഈ കഥാപാത്രത്തോട്. ചേട്ടൻ ആയി വന്ന അംഗദ് ബേദിയും നന്നായി തന്നെ തന്റെ റോൾ ചെയ്തു. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ ഈ കഥാപാത്രത്തിന് കുറച്ചുകൂടെ പ്രാധാന്യം ലഭിക്കുന്നുണ്ട്. ഗുഞ്ചന്റെ കുടുംബബന്ധങ്ങളെ കാണിക്കാൻ ഇത് സഹായകമാവുന്നുണ്ട്.
എഴുത്തും സംവിധാനവും നന്നായിതന്നെ ശരൺ ശർമ്മ ചെയ്തു. എവിടെയും ബോറടിപ്പിച്ചില്ല. അച്ഛൻ-മകൾ ബന്ധം ഒക്കെ നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു. മനുഷ് നന്ദന്റെ ഛായാഗ്രഹണവും മികച്ചതായിരുന്നു. സംഗീതം മാത്രം അത്ര മികച്ചു നിന്നില്ല എന്ന പറയാം. ഗാനങ്ങൾ ഒന്നും മനസ്സിൽ തങ്ങിനിൽക്കുന്നവയല്ല. 1999 ലെ ഒരു പ്രതീതി കൊണ്ടുവരാൻ കലാസംവിധാനത്തിൽ ശ്രദ്ധിച്ചിട്ടുള്ളതായി തോന്നി.
മലയാളത്തിൽ ഇതേപോലത്തെ ഒരു പ്രമേയം ചർച്ച ചെയ്ത ചിത്രമായിരുന്നു ഉയരെ. പക്ഷെ ഉയരെയിൽ ഞാൻ പ്രതീക്ഷിച്ച പര്യവസാനം പക്ഷെ ഈ ചിത്രത്തിലൂടെ എനിക്ക് ലഭിക്കാൻ കഴിഞ്ഞു. ഉയരെയിൽ ഇടയ്ക്കെപ്പോഴോ ഗതിമാറി ചാലിച്ച ഒരു തിരക്കഥ അതിന്റെ അവസാനത്തോടടുക്കുമ്പോൾ, സുഗമല്ലാത്ത ഒരു ക്ലൈമാക്സ് ആയിപോയി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ ഇവിടെ പ്രമേയത്തിൽ അധിഷ്ഠിതമായി കൂടുതൽ ഏച്ചുകൂട്ടലുകളില്ലാതെ തന്നെ രണ്ടു മണിക്കൂറിൽ കുറവ് സമയം കൊണ്ട് മികച്ച ഒരു അനുഭവം സമ്മാനിക്കുന്നുണ്ട്.
നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിനു ഒരു വിരാമം ആയി കാണാം ഗുഞ്ചൻ സക്‌സേന : ദി കാർഗിൽ ഗേൾ എന്ന ചിത്രം. ഒരു ബയോപിക് എന്നതിലുപരി, പെൺകുട്ടികൾ അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നത് ആവിഷ്കരിച്ചിരിക്കുന്ന ചുരുക്കം ചില സിനിമകളിൽ മികച്ചു നിൽക്കുന്ന ഒരു ചിത്രമായി ഇതിനെ കാണാം. ഓൺലൈൻ പ്ലാറ്റഫോമായ നെറ്ഫ്ലിക്സിലൂടെ ഈ ചിത്രം കാണാം.
Comments
Post a Comment