കപ്പേള - റിവ്യൂ


'പാലേരിമാണിക്യത്തിൽ' തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനേതാവായി നിറഞ്ഞു നിന്ന മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്ന ചിത്രമാണ് 'കപ്പേള'. മുസ്തഫ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിൽ അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

വിഷ്ണു വേണു നിർമ്മിച്ചിരിക്കുന്ന കപ്പേളക്ക് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് സുഷീൻ ശ്യാമാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സുധി കോപ്പ, തൻവി റാം എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മാർച്ച് ആറിന് തിയേറ്ററിൽ ഇറങ്ങി നല്ല പ്രതികരണം ലഭിച്ച ചിത്രം ഹിറ്റ് ചാർട്ടിലേക്ക് നീങ്ങവേ ലോക്ക്ഡൗൺ തുടങ്ങുകയും തിയേറ്ററുകൾ അടയ്ക്കുകയും ചെയ്തു. എങ്കിലും വൻ തുകയ്ക്ക് നെറ്ഫ്ലിസ് 'കപ്പേള'യുടെ ഓൺലൈൻ റൈറ്സ് വാങ്ങിക്കുകയും ജൂൺ 22 ന് റീ റിലീസ് ചെയ്യുകയും ചെയ്തു.

ഫോണിലൂടെ പരിചയപ്പെട്ട് തുടങ്ങുന്ന പ്രണയവും അതിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും മികച്ച ഒരു മേക്കിങ്ങിലൂടെ അവതരിപ്പിക്കുകയാണ് മുസ്തഫ കപ്പേളയിലൂടെ. മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു കഥാതന്തുവിനെ ഏച്ചുകൂട്ടലുകളില്ലാതെ, ബോറടിപ്പിക്കാതെ തന്നെ പറഞ്ഞുതരുന്ന ത്രില്ലർ പശ്ചാത്തലമുള്ള ഫീൽ ഗുഡ് ചിത്രമാണ് കപ്പേള.

അന്ന ബെൻ അവതരിപ്പിക്കുന്ന ജെസ്സി എന്ന കഥാപാത്രം കോഴിക്കോട്ടേക്ക് നടത്തുന്ന ഒരു കെ എസ് ആർ ടി സി യാത്രയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. തുടർന്ന് ഈ യാത്രയ്ക്കുണ്ടായ പശ്ചാത്തലം കാണിക്കുന്നുണ്ട്. ജെസ്സിയെ ഒരു നാട്ടിപുറത്തുകാരിയായ, വലിയ ലോകപരിചയവും ഇല്ലാത്ത പ്ലസ് റ്റു തോറ്റ ഒരു പെണ്കുട്ടിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂലിപ്പണിക്കാരനായ അപ്പൻ, തയ്യൽകാരിയായ അമ്മ, അനിയത്തി ഇവരടങ്ങുന്ന ഒരു കൊച്ചു കുടുംബം. അയൽക്കാരെയും അവിടെ ജെസ്സിയുടെ ഒരു ആത്മസുഹൃത്തിനെയും അവതരിപ്പിക്കുന്നുണ്ട്.

ജെസ്സി നമ്പർ തെറ്റി വിളിക്കുന്ന ഒരു ഫോൺ കോൾ കോഴിക്കോട് ഓട്ടോ ഓടിച്ചു നടക്കുന്ന വിഷ്ണുവിലേക്ക് എത്തുന്നു. ഇവർ തമ്മിൽ കടങ്കഥയിലൂടെ തുടങ്ങുന്ന സൗഹൃദം പ്രണയമായി മാറുകയും തുടർന്നുണ്ടാവുന്ന സംഭവങ്ങളും, ഇവരുടെ ഇടയിലേക്ക് കടന്നു വരുന്ന കഥാപാത്രങ്ങളുമായി ചിത്രം മുന്നോട്ട് പോവുന്നു.

കഴിഞ്ഞ വര്ഷം അഭിനയിച്ച രണ്ടു ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച അന്ന ബെൻ വീണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് കപ്പേളയിലൂടെ. ചിത്രത്തിലുടനീളം ഈ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോവുന്നത്. വളരെ അച്ചടക്കത്തോടെ തന്നെ അന്ന ബെൻ ജെസ്സിയെ അവതരിപ്പിച്ചിട്ടുണ്ട്.

വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ മാത്യുവും, റോയ് ആയി വന്ന ശ്രീനാഥ് ഭാസിയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഒരു യുവനടനാണ് റോഷൻ. പുതിയ നിയമം, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമയിലേക്ക് കടന്ന് വന്ന റോഷൻ പക്ഷെ പിന്നീട് പോയ വഴികൾ കുറച്ചു വേറിട്ടതായിരുന്നു. വിശ്വാസപൂർവ്വം മൻസൂർ അത്തരത്തിലൊന്നാണ്. അനുരാഗ് കശ്യപിന്റെ പോലും ശ്രദ്ധ നേടിയ മൂത്തോനിലെ പ്രകടനം, പിന്നീട് അദ്ദേഹത്തിന്റെ തന്നെ ചോക്ഡ് എന്ന ചിത്രത്തിലേക്കുള്ള വഴിയും തുറന്നുകൊടുത്തു. ഇതിനിടയിൽ ആണ് കപ്പേള വരുന്നത്.

കോഴിക്കോട്ടുകാരൻ ഓട്ടോ ഡ്രൈവർ വിഷ്ണു ആയി പക്വതയുള്ള അഭിനയിത്തിലൂടെ കയ്യടിനേടിയിരിക്കുകയാണ് റോഷൻ. ചിത്രത്തിന്റെ അവസാനഭാഗങ്ങളിലേക്കെത്തുമ്പോൾ വേറെ തലത്തിലുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുവരെ കടന്നു വന്ന അഭിനയകളരികൾ റോഷൻ എന്ന അഭിനേതാവിനെ എത്രത്തോളം മാറ്റിയെടുത്തു എന്ന് നമുക്ക് ഈ ഒരു പ്രകടനത്തിലൂടെ മനസിലാക്കാം. ഇനിയും മലയാളസിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങളുമായി റോഷൻ ഇനിയും കാണും എന്ന് ഉറപ്പിച്ചുപറയാം. അത്രയ്ക്കും ഗംഭീരമായാണ് വിഷ്ണുവിനെ കപ്പേളയിൽ റോഷൻ അവതരിപ്പിച്ചത്.

ഫ്രീക്ക് പയ്യൻ കഥാപാത്രങ്ങളെ തനിക്ക് വഴങ്ങു എന്ന തെറ്റിദ്ധാരണ അപ്പാടെ മാറ്റി എഴുതുകയാണ് ശ്രീനാഥ്‌ ഭാസി കപ്പേളയിലൂടെ. റോഷനുമായി കൂട്ടിച്ചേർക്കുമ്പോൾ ശ്രീനാഥ് ഭാസിയുടെ വഴികളും കുറച്ച് വ്യത്യസ്തമാണ്. മലയാള സിനിമ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത തന്റേതായ ഒരു സ്ഥാനം ഇതിനോടകം തന്നെ ഭാസി നേടിയെടുത്തിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, അഞ്ചാം പാതിരാ, ട്രാൻസ് ഇത്രയും ചിത്രങ്ങളിലെ പ്രകടങ്ങൾ എടുത്ത നോക്കിയാൽ ശ്രീനാഥ് ഭാസി മച്ചാൻ പൊളിയാണെന്ന് നിസംശയം പറയാം. എന്നാൽ ഈ കഥാപാത്രങ്ങളെക്കാളും ഒരുപടി മുകളിൽ തന്നെയാണ് കപ്പേളയിലെ റോയ്. കുറച്ചു വില്ലനിസം ഒക്കെയായി പ്രേക്ഷകന് പെട്ടെന്ന് പിടികിട്ടാത്ത തരത്തിലുള്ള കഥാപാത്രത്തെ അതിന്റെ എല്ലാ മാനറിസങ്ങളും ഉൾകൊണ്ട് ശ്രീനാഥ് ഭാസി അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെയാണ് ശ്രീനാഥ് ഭാസിയുടെ എന്റെ ഇഷ്ടപെട്ട കഥാപാത്രമായി റോയ് മാറുന്നതും.

കാസ്റ്റിംഗിന്റെ കാര്യത്തിൽ ചിത്രം വേറിട്ട ഒരു അനുഭവമാണ്. കോഴിക്കോട്, കണ്ണൂർ, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായി കഥ നടക്കുമ്പോൾ അതിനു അനുയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കണം എന്നുള്ളത് അനിവാര്യമാണ്. ഇവിടെ കോഴിക്കോട്ടുകാരനായി നവാസ് വള്ളിക്കുന്നും, കണ്ണൂരുകാരനായി വിജിലേഷ് കാര്യാട്ടും, വയനാട്ടുകാരായി സുധി കോപ്പയും, സുധീഷും വരുമ്പോൾ തന്നെ കാസ്റ്റിംഗ് വളരെ ശ്രദ്ധിച്ചു ചെയ്തതായി കാണാം. ജെസ്സിയുടെ അമ്മയായി നിഷ സാരംഗും, റോയിയുടെ കാമുകിയായി അമ്പിളി ഫെയിം തൻവി റാമും എത്തുന്നു. മുസ്തഫയും ഒരു സുപ്രധാന കഥാപാത്രമായി വരുന്നുണ്ട്.

ടെക്നിക്കൽ വശങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും മികച്ചതായി തോന്നിയത് രചനയും സംവിധാനവുമാണ്. അവസാനത്തെ ഫോൺ സംഭാഷണമൊഴിച്ചാൽ പിഴവുകളില്ലാത്ത തിരക്കഥയായി തോന്നി. കഥ പറയുന്ന രീതിയും വ്യത്യസ്തമാണ്. ഫീൽ ഗുഡ് ചിത്രത്തിനെ ഒരു ത്രില്ലർ തലത്തിലേക്ക് എത്തിക്കുമ്പോഴും, ആ ഒരു ഒഴുക്ക് നഷ്ടപ്പെടാതെ നോക്കുനുണ്ട്. ജെസ്സിയുടെ ജീവിതം കാണിക്കുന്നതും, റോയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രംഗങ്ങളെല്ലാം സംവിധാനമികവുകളിൽ ഒന്നായി പറയാം.

മനോഹരമായ വിഷ്വൽസ് മറ്റൊരു പ്രത്യേകതയാണ്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം, കോഴിക്കോടിനെ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. നാട്ടിൻപുറത്തെ രംഗങ്ങളും, ഇതിൽനിന്നും വളരെ വ്യത്യസ്തമായ ആക്ഷൻ രംഗങ്ങളും മികച്ചു നിന്നു. സുഷീൻ ശ്യാമിന്റെ സംഗീതം ചിത്രത്തിന്റെ മൊത്തത്തിലുള്ള ഒരു ഫീൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സൂരജ് സന്തോഷും ശ്വേതാ മോഹനും ചേർന്നാലപിച്ച കണ്ണിൽ വിടരും എന്ന ഗാനം ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഇഴുകിച്ചേർന്നു നിന്നു. സിതാര പറ്റിയ കടുകുമണിക്കൊരു എന്ന കടംകഥ പാട്ട് നല്ല രസമായിരുന്നു കേൾക്കാൻ.
കണ്ണെടുക്കാൻ ഇടം തരാത്ത തരത്തിൽ എഡിറ്റിംഗ് നടത്തിയ നൗഫൽ അബ്ദുള്ള കപ്പേളയെ മികച്ച ഒരു അനുഭവമാക്കാൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

പ്രണയബന്ധങ്ങളിൽ വീഴുന്നതും, അത് മൂലമുണ്ടാവുന്ന പ്രശ്നങ്ങളും മലയാസിനിമയിൽ പണ്ടുമുതലേ ചർച്ച ചെയ്ത സംഭവങ്ങളാണ്. എന്നാൽ അത്തരം കാര്യങ്ങൾക്കു ഇന്നും പ്രസക്തിയുണ്ടെന്നും വീട്ടുകാരും നാട്ടുകാരും എല്ലാം ഉൾപ്പെടുന്ന ഒരു സമൂഹം ഇതിനെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള ഒരു സന്ദേശമാണ് ചിത്രം നല്കാൻ ശ്രമിക്കുന്നത്. സദാചാരപോലീസ് ചമയുന്ന ആൾക്കാരെ കുറിച്ച പറയുന്ന ഇഷ്‌ക് പോലെ ആവും ഈ ചിത്രവും എന്ന് തോന്നിപ്പിക്കുന്നിടത്ത് നിന്ന് വ്യത്യസ്തമായ ഒരു ട്രാക്കിലേക്ക് ചിത്രം പോകുന്നുണ്ട്. കഥാപാത്രങ്ങളുടെ സ്വഭാവമാറ്റങ്ങളും, കഥാഗതിയിൽ സംഭവിക്കുന്ന ചെറിയ ട്വിസ്റ്റുകളും ബ്രില്ലിയൻറ് ആയ മേക്കിങ്ങിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് കപ്പേള. ഈ വർഷം ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നായി കപ്പേളയെ മാറ്റുന്നതും ഇത് തന്നെയാണ്. ഇനിയും കാണാത്തവർ തീർച്ചയായും കാണേണ്ട ചിത്രമാണ് കപ്പേള. ഒരു സിനിമ എന്ന നിലയിൽ അതിന്റെ പൂർണത കൈവരിച്ച ചിത്രമാണെന്ന് നിസ്സംശയം പറയാം.

Comments

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)