എ സ്റ്റാറും ഗൗതമന്റെ രഥവും

എന്റെ കല്യാണത്തോട് അനുബന്ധിച്ചാണ് വീട്ടിൽ പുതിയ കാർ എടുക്കണം എന്ന ആലോചന വന്നത്. ഇപ്പൊ ഉള്ളത് എക്സ്ചേഞ്ച് ചെയ്‌ത്‌ പുതിയത് വാങ്ങാം എന്ന അച്ഛന്റെ തീരുമാനത്തോട് വണ്ടിപ്രാന്തനായ മണിക്കുട്ടൻ (അനിയൻ) തെല്ലൊരു നിരാശയോടെ സമ്മതം മൂളി. 'എ സ്റ്റാർ ' (ആദ്യ വണ്ടി ) കൊടുക്കാൻ അവനു മനസ്സില്ലായിരുന്നു. അത് ചേട്ടൻ ഉപയോഗിച്ചോട്ടെ എന്ന് പറഞ്ഞു നോക്കിയെങ്കിലും ഗുണം ചെയ്തില്ല. എന്റെ ഭാഗത്തും തെറ്റുണ്ട്. 'വീട്ടിൽ വണ്ടി ഉണ്ടായിട്ടും ഓടിക്കാൻ അറിയാത്ത' ഞാൻ ഈ കാർ കൊണ്ട് നടന്നോളാം എന്ന് ആരോട് പറയാൻ, ആര് കേൾക്കാൻ. വല്യ മസിലുപിടുത്തം ഒന്നും ഇല്ലാണ്ട് കാറുകളെ പറ്റി വല്യ ധാരണ ഒന്നും ഇല്ലാത്ത ഞാൻ സമ്മതം മൂളി. 'നമ്മുടെ വീട്ടിലെ ആദ്യ കാർ ' വികാരം തന്നെ ആയിരുന്നു അമ്മയ്ക്കും. പിന്നെ വീട്ടിൽ മറ്റൊരാൾ കൂടെ വരുവല്ലേ, കുറെ അമ്പലങ്ങളിൽ ഒക്കെ പോവാനില്ലേ എന്നൊക്കെ പറഞ്ഞപ്പോൾ അമ്മ ഓ കെ പറഞ്ഞു. ഞാനും കുട്ടുവും (കസിൻ ) എ സ്റ്റാറിന്റെ കുറെ കിടിലൻ ഫോട്ടോ ഒക്കെ എടുത്ത് ഓ എൽ എക്‌സിൽ ഒരു പരസ്യം ഇറക്കി. 2011 മോഡൽ എ സ്റ്റാർ വില്പനയ്ക്ക്.

വർഷങ്ങൾക്ക് മുൻപ് ഫ്രഷ് കാർ എന്ന മണിക്കുട്ടന്റെ സങ്കല്പത്തെ ചുരുട്ടിക്കൂട്ടി സെക്കൻഡ് ഹാൻഡ് കാറുകളിലേക്ക് ഒതുക്കിയപ്പോൾ പോയി കണ്ട ഒരുപാട് എണ്ണങ്ങളിൽ, ആദ്യ നോട്ടത്തിൽ തന്നെ ഞങ്ങളുടെ മനസ്സ് കവർന്ന വണ്ടിയാണ് 'എ സ്റ്റാർ '. ഇത്രയും കാലം കൂടെ ഉള്ള ഒരു കൂടപ്പിറപ്പിനെ പെട്ടെന്ന് കൊടുക്കാൻ മനസ്സ് അനുവദിച്ചില്ല. അതിനാൽ ആവണം അച്ഛൻ വണ്ടി കാണാൻ വന്നവർക്ക് വിലയുടെ കാര്യത്തിൽ ഇളവ് കൊടുക്കാഞ്ഞതും, പലരും വന്ന് വെറും കയ്യോടെ മടങ്ങി പോയതും. ഒരെണ്ണം ഏകദേശം ഒത്തുവന്നപ്പോൾ വീട്ടിൽ എല്ലാര്ക്കും ഒരു വിഷാദം. കൊടുക്കാൻ ഒട്ടും മനസ്സുവരുന്നില്ല. വണ്ടി വാങ്ങിയ അന്ന് തൊട്ട് ഞങ്ങളെക്കാളും കരുതലോടെയും സ്നേഹത്തോടെയും എ സ്റ്റാറിനെ കാണുന്ന അച്ഛൻ ഒടുവിൽ ആ തീരുമാനം എടുത്തു. വണ്ടിയുടെ ഡെലിവറി തീയതി നീട്ടിയത് കാരണം കല്യാണം കഴിയുന്ന വരെ അല്ലറ ചില്ലറ ഓട്ടങ്ങൾക്ക് എ സ്റ്റാർ വേണം എന്നും അത് തത്കാലം കൊടുക്കേണ്ടെന്നും. അന്ന് വല്ലാത്തൊരു സന്തോഷമായിരുന്നു, നഷ്ടപ്പെടാൻ പോകുന്ന എന്തോ തിരിച്ചു കിട്ടിയ ഫീൽ. കല്യാണം ഒകെ കഴിഞ്ഞു. പുതിയ വണ്ടിയും വന്നു. അവൻ ഇവിടെ തന്നെ ഇരിപ്പുണ്ട്. എ സ്റ്റാറിന്റെ നമ്പർ 87 ഇൽ അവസാനിക്കുന്നത് കാരണം അതെ നമ്പർ തന്നെ പുതിയ വണ്ടിക്കും (8787) ചോദിച്ച് വാങ്ങിച്ചത് ആദ്യം വന്നവനോടുള്ള സ്നേഹം കൊണ്ടാണ്, ഒരു കുന്നോളം സ്നേഹം.

വീട്ടിലെ ആദ്യ വണ്ടി ഒരു വികാരമായി കൊണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട്. അവരെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ള അനുഭവങ്ങളും, മുഹൂർത്തങ്ങളുമായി ബന്ധപ്പെടുത്താൻ പറ്റുന്ന ഒരു 'ഫീൽ ഗുഡ്' സിനിമയാണ് നീരജ് മാധവ് നായകനാക്കി പുതുമുഖ സംവിധായകൻ ആനന്ദ് മേനോൻ സംവിധാനം ചെയ്ത 'ഗൗതമന്റെ രഥം'. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ റോൾ കൈകാര്യം ചെയ്‌ത ബേസിൽ ജോസഫ് ഒരു മുഴുനീള കഥാപാത്രം ഇതിൽ ചെയ്തിരിക്കുന്നു.

ചെറുപ്പകാലം മുതൽക്കേ വണ്ടികളെ സ്നേഹിക്കുന്ന ഗൗതം എന്ന കുട്ടിയിലൂടെയാണ് കഥ തുടങ്ങുന്നത്. പാലക്കാട്ട് പോസ്റ്റ് മാസ്റ്ററായ അച്ഛന്റെ ( രഞ്ജി പണിക്കർ ) സൈക്കിളിൽ ചക്രം കറക്കി കളിച്ച് വളരുന്ന ഗൗതമിന് കൂട്ട് അവന്റെ മുത്തശ്ശി (വത്സല മേനോൻ) ആയിരുന്നു. മുത്തശ്ശി പറഞ്ഞു കൊടുത്ത പുരാണങ്ങളും , മുത്തശ്ശൻ കാറോടിച്ച സാഹസിക കഥകളും കേട്ട് ഗൗതമനും അവനോടൊപ്പം വണ്ടിപ്രാന്തും വളർന്നു. അച്ഛന് ട്രാൻസ്ഫർ കിട്ടി കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോൾ അവന്റെ ആദ്യ കാർ യാത്ര എന്ന സ്വപ്നവും പൂവണിഞ്ഞു.

ഗൗതമിന് പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ അച്ഛൻ അവനെ കൊണ്ട് കാർ ലൈസൻസ് എടുപ്പിച്ചു. വീട്ടിലേക്ക് ഒരു കാർ വാങ്ങിക്കാൻ പോവുകയാണെന്ന് പറയുന്ന അച്ഛൻ, കാർ തിരഞ്ഞെടുക്കാനുള്ള അധികാരം മകന് കൈമാറുകയും ചെയ്തു. തുടർന്ന് അവനും കൂട്ടുകാരും ചേർന്ന് മനക്കോട്ട കെട്ടുകയാണ്. പുതിയ ഹോണ്ട സിറ്റിയിൽ തുടങ്ങി, ഒരുപാട് കാറുകൾ നോക്കിവെച്ചെങ്കിലും ഒടുവിൽ വീട്ടിൽ എത്തുന്നത് ഒരു സെക്കന്റ് ഹാൻഡ് നാനോ കാർ ആണ്. ഒട്ടും ഇഷ്ടമില്ലാതെ നാനോ കാറിനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്ന ഗൗതമിന്റെ യാത്രകളാണ് പിന്നീട്. തന്റെ കൂട്ടുകാർ പോലും കളിയാക്കുന്ന, കുഞ്ഞുട്ടൻ എന്നും നാണപ്പൻ എന്നും വീട്ടുകാർ വിളിക്കുന്ന, ഈ കാർ ഒഴിവാക്കി എങ്ങനെയെങ്കിലും പുതിയത് സ്വന്തമാക്കണം എന്ന ലക്ഷ്യവുമായി നടക്കുന്ന ഗൗതം നേരിടുന്ന പ്രശ്നങ്ങൾ രസകരമായ നർമ്മമുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.



ഗൗതമന്റെ വേഷം നീരജ് മാധവിന്റെ കയ്യിൽ ഭദ്രമായിരുന്നു. മലയാളി പ്രേക്ഷകർ ഒന്നടങ്കം കൈനീട്ടി സ്വീകരിച്ച നിരവധി വേഷങ്ങളിൽ തകർത്തഭിനയിച്ച നീരജ് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് നായകനായുള്ള ഈ തിരിച്ചുവരവ്. ഇതിനിടയിൽ 'ദി ഫാമിലി മാൻ' എന്ന ആമസോൺ പ്രൈം സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിലുടനീളം പല വികാരതലത്തിലൂടെ സഞ്ചരിക്കുന്ന ഗൗതം എന്ന ചെറുപ്പക്കാരന്റെ സന്തോഷങ്ങളും സങ്കടങ്ങളും പ്രണയവും എല്ലാം തന്നെ അച്ചടക്കത്തോടെ നീരജ് കൈകാര്യം ചെയ്തു. കൂട്ടുകാരനായി അഭിനയിച്ച ബേസിൽ ജോസഫ് തന്റെ മറ്റ് ചിത്രങ്ങളിലെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്നത്തെ പല സിനിമകളിലും അഭിവാജ്യഘടകമാണ് ബേസിൽ. ഗൗതമന്റെ അച്ഛനായി അഭിനയിച്ച രഞ്ജി പണിക്കർ, ഒരു ഇടത്തരം കുടുംബത്തിലെ ഗൃഹനാഥന്റെ വേഷം, വളരെ തന്മയത്തോടെ അവതരിപ്പിച്ചു. മുത്തശ്ശിയും ഗൗതമും തമ്മിലുള്ള ബന്ധം ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിൽ ഏറ്റവും സന്തോഷിപ്പിച്ചതും, മനസ്സിൽ തങ്ങിനിൽക്കുന്നതും ഈ രംഗങ്ങളാണ്. കുസൃതിയും, പിണക്കങ്ങളും നിറഞ്ഞ മുത്തശ്ശിയുടെ കഥാപാത്രം വത്സല മേനോൻ മനോഹരമായി കൈകാര്യം ചെയ്തു. ഗൗതമന്റെ അമ്മയായി വേഷമിട്ടത് ദേവി അജിത്ത് ആണ് . പുണ്യ എലിസബത്ത് നീരജിന്റെ നായികയായി എത്തുന്നു. പുണ്യ അഭിനയിച്ച കല്യാണി എന്ന കഥാപാത്രം ഒരു ചെറിയ സംഘർഷത്തിലൂടെ ഗൗതമന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതും, സൗഹൃദത്തിലാവുന്നതും, പിന്നീട് പതിയെ പ്രണയത്തിലാവുന്നതും എല്ലാം കഥാതന്തുവിനെ ബാധിക്കാത്ത രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇവരുടെ പ്രണയം പറയുന്ന 'ഉയിരേ' എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തിൽ സിദ് ശ്രീറാം ആണ് ഈ ഗാനം ആലപിച്ചത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ, ത്രിൽ അടിപ്പിക്കുന്ന രംഗങ്ങളോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകന് നല്ല ഒരു അനുഭവമാക്കാൻ വിഷ്ണു ശർമയുടെ ഛായാഗ്രഹണത്തിനും വലിയ ഒരു പങ്കുണ്ട്. കെ ജി അനിൽ കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ആദ്യത്തെ കാർ ഒരു വലിയ വികാരമായി കൊണ്ട് നടക്കുന്നവർക്ക് മനസ്സിനെ എവിടെയൊക്കെയോ സ്പർശിക്കുന്ന ചില നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട് 'ഗൗതമന്റെ രഥം'. അത്തരത്തിലുള്ള ഒരു വിഭാഗത്തിന് മാത്രം ഇഷ്ടപ്പെടുന്നതിനാലാവണം ചിത്രത്തിന് വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഈ കൊറോണ കാലത്ത് ഏഷ്യനെറ്റിൽ റിലീസ് ചെയ്തതിന് ശേഷം എന്നെപോലെ കുറെ പേർ ചിത്രം കണ്ട് മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. ഇത് തന്നെയാണ് ഇത്തരം ചിത്രങ്ങളുടെ വിജയവും. രണ്ടു മണിക്കൂർ നേരം ആസ്വദിച്ചു കാണാൻ പറ്റിയ ഒരു ചിത്രം തന്നെയാണ് 'ഗൗതമന്റെ രഥം'.


Comments

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)