ഒരു നാള്‍ ശുഭരാത്രി നേര്‍ന്ന് പോയി നീ...

ജോൺസൺ മാഷിനു സമർപ്പണം. 2011-ൽ കോളേജ് മാഗസിനിൽ എഴുതിയത്.
രണ്ട് ദശാബ്ദക്കാലം മലയാളസംഗീതത്തിന് മലയാളമണ്ണിന്റെ സുഗന്ധം നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച് ജോണ്‍സണ്‍ മാസ്റ്റര്‍ ഗന്ധര്‍വ്വ•ാരുടെ ലോകത്തേക്ക് യാത്രയായി. 80-കളില്‍, മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ സംഗീതത്തിന്റെ വസന്തം തീര്‍ത്ത അനശ്വരകലാകാരനാണ് അരങ്ങൊഴിയുന്നത്. സിനിമയുടെ ആത്മാവറിഞ്ഞ സംഗീതജ്ഞനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. ചെറുപ്പത്തില്‍ 'വോയ്‌സ് ഓഫ് തൃശ്ശൂര്‍' എന്ന സംഗീതട്രൂപ്പില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ജോണ്‍സണ്‍, ഇതിനിടയിലാണ് പ്രശസ്ത സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി മാറി സംഗീതത്തെ നെഞ്ചിലേറ്റിയ ജോണ്‍സണ്‍ പിന്നീട് വെള്ളിത്തിരയുടെ മായിക ലോകത്തേക്ക് ചുവടു വയ്ക്കുകയായിരുന്നു. 1978-ല്‍ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനാവുകയും, പിന്നീട് 23 വര്‍ഷത്തെ സംഗീത ജീവിതത്തിലൂടെ ഗുരുവിനോളം വളര്‍ന്ന സംഗീതസാമ്രാട്ടായി മാറുകയും ചെയ്തു ഇദ്ദേഹം. മലയാള സംഗീത ലോകത്തിന്, പ്രത്യേകിച്ച് സിനിമയുടെ റീ-റിക്കോര്‍ഡിങ്ങ് ചരിത്രത്തിന് ഇദ്ദേഹം നല്‍കിയ സംഭാവന ചെറുതൊന്നുമല്ല. സംഗീതത്തിന്റെ ഏത് ശാഖയേയും മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ജോണ്‍സണ്‍ മലയാളികളുടെ സംഗീതാഭിരുചിയെ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഹിന്ദുസ്ഥാനിയും, കര്‍ണ്ണാടിക്കും പിന്നെ അല്‍പ്പം വെസ്റ്റേണ്‍ സംഗീതവും മികവോടെ സമ്മിശ്രപ്പെടുത്തി ജോണ്‍സണ്‍ ഈണം പകര്‍ന്ന നിരവധി ഗാനങ്ങള്‍ മലയാളികളും, മലയാളവും നില്‍ക്കുന്ന കാലം വരെ ഓര്‍മ്മിക്കപ്പെടുമെന്ന് നിസ്സംശയം പറയാം. ചലച്ചിത്രഗാനരംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ജോണ്‍സണ്‍ മാസ്റ്റര്‍, മുന്നൂറോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ദേവരാജന്‍ മാസ്റ്ററിന് ശേഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചതും ഇദ്ദേഹം തന്നെ. മറക്കാനാകാത്ത ഭാവഗീതങ്ങള്‍ക്കു പുറമെ, സനിമയുടെ പശ്ചാത്തല സംഗീതത്തിലും ജോണ്‍സണ്‍ ശ്രദ്ധിക്കപ്പെട്ടു. 'ഇണയെ തേടി' എന്ന ചിത്രത്തിലൂടെയാണ് പശ്ചാത്തലസംഗീതത്തിലേക്ക് കടക്കുന്നത്.ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങളിലെ 'സ്വപ്നം വെറുമൊരു സ്വപ്നം...' എന്ന ഗാനത്തിലെ ഈണങ്ങള്‍കൊണ്ട് ജോണ്‍സണ്‍ മലയാളികളെ അത്ഭുതപ്പെടുത്തി. പിന്നീട് കൈനിറയെ ചിത്രങ്ങള്‍. ഭാസ്‌ക്കരന്‍ മാഷിന്റേയും, പൂവ്വച്ചല്‍ ഖാദറിന്റേയും വരികള്‍ക്ക് മനസ്സറിഞ്ഞ് സംഗീതം നല്‍കി. ആദ്യകാലങ്ങളില്‍ ബാലചന്ദ്രമേനോന്‍, ശശികുമാര്‍, ഭരതന്‍ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ രണ്ട് ഗന്ധര്‍വ്വ•ാര്‍ ഒന്നിക്കുകയായിരുന്നു. മലയാളികളുടെ പ്രിയസംവിധായകന്‍ പത്മരാജനും, ജോണ്‍സണും. ഇവരെ ഒന്നിപ്പിച്ചത് ഏതോ ദൈവീക ശക്തിയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. അത്രയും അനുഗ്രഹീതനായ സംഗീതം ഇവരുടെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കേള്‍ക്കാന്‍ സാധിക്കും. പാട്ടുകള്‍ക്ക് ഈണം നല്‍കുന്നതിനേക്കാളേറെ പശ്ചാത്തലസംഗീതത്തിന്റെ പൂര്‍ണ്ണതയ്ക്ക് പത്മരാജന്‍ ചിത്രങ്ങളില്‍ സംഗീതം നല്‍കുമ്പോള്‍ ജോണ്‍സണ്‍ മാസ്റ്റര്‍ ശ്രദ്ധിച്ചിരുന്നു. ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങളെപോലും ചടുലമാക്കുവാന്‍ പറ്റിയ പശ്ചാത്തലസംഗീതമായിരുന്നു ഇദ്ദേഹം ഒരുക്കിയിരുന്നത്. പത്മരാജന്‍ മാഷിന്റെ ചിത്രങ്ങളുടെ ഭാവതലത്തിന് ആഴം പകര്‍ന്നത് ജോണ്‍സണ്‍ എന്ന പ്രതിഭയുടെ സംഗീതമാണ്. കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിക്കോപ്പുകള്‍, തൂവാനത്തുമ്പികള്‍, ഞാന്‍ ഗന്ധര്‍വ്വന്‍, അപരന്‍, സീസണ്‍ തുടങ്ങി മലയാളികള്‍ മറക്കാനാഗ്രഹിക്കാത്ത നിരവധി ചിത്രങ്ങള്‍ക്കായി ഇരുവരും ഒന്നിച്ചു. 'ആടിവാകാറ്റേ'(കൂടെവിടെ), 'ഒന്നാംരാഗം പാടി' (തൂവാനത്തുമ്പികള്‍), 'ദേവി' (ഞാന്‍ ഗന്ധര്‍വ്വന്‍) തുടങ്ങിയ ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ നിന്നും പിറന്നവയാണ്. പത്മരാജന്റെ കെട്ടുറപ്പുള്ള തിരക്കഥയില്‍ പ്രണയവും വിരഹവും സന്തോഷവും,സങ്കടവും ജോണ്‍സന്റെ സംഗീതത്തിലൂടെ മലയാളികള്‍ അനുഭവിച്ചു. ഭരതന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ക്ക് വേണ്ടിയും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് ജോണ്‍സണ്‍ മാസ്റ്റര്‍ ആയിരുന്നു. കൈതപ്രം, ഒ. എന്‍. വി എന്നീ ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നപ്പോള്‍ വാക്കിന്റെ ഭാവം തന്നെ ഈണങ്ങളിലേക്ക് പകരുന്നതായാണ് അനുഭവപ്പെടുന്നത്. ഈയൊരു രസതന്ത്രം തന്നെയാണ് 'കൈതപ്രം - ജോണ്‍സണ്‍', 'ഒ. എന്‍. വി - ജോണ്‍സണ്‍' കൂട്ടുകെട്ടുകളെ മലയാളികള്‍ നെഞ്ചോടു ചേര്‍ക്കാന്‍ കാരണം. ജോണ്‍സണ്‍ ഏറ്റവുമധികം ഈണം പകര്‍ന്നത് കൈതപ്രത്തിന്റെ വരികള്‍ക്കാണ്. ഇതിലേറെയും മനോഹരഗാനങ്ങള്‍. ഇവരൊന്നിച്ച അര്‍ത്ഥം, കിരീടം, കളിക്കളം, ചമയം, വരവേല്‍പ്പ്, ചെങ്കോല്‍, തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഒരു വട്ടമെങ്കിലും കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. 'കിരീടം' എന്ന സിബി മലയില്‍ ലോഹിതദാസ് ചിത്രത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളുന്ന ഗാനമായിരുന്നു 'കണ്ണീര്‍പൂവിന്റെ കവിളില്‍.....' . സ്വപ്നങ്ങള്‍ തകര്‍ന്ന്, ജീവിതം ഗതിവിട്ട മകന്റെ വേദനയും, കാമുകന്റെ വിരഹവും ഈയൊരു ഗാനത്തിലൂടെ മലയാളികള്‍ അനുഭവിച്ചു. ജോണ്‍സണ്‍ മാഷിന്റെ മികച്ച ഗാനങ്ങളിലൊന്ന് !!! വരവേല്‍പ്പിലെ 'ദൂരെ ദൂരെ സാഗരം' എന്ന ഗാനം ഈ കൂട്ടുകെട്ടിന്റെ ആദ്യ ചുവടുവയ്പായി. പിന്നിട് ഒരു പാട് ഹിറ്റ് ഗാനങ്ങള്‍. 'രാജഹംസമേ'(ചമയം), 'പീലിക്കണ്ണെഴുതി' (സ്‌നേഹസാഗരം), 'ആകാശഗോപുരം'(കളിക്കളം), 'പാതിമെയ്''(പാവം പാവം രാജകുമാരന്‍), 'നീലരാവിലിന്നുനിന്റെ'(കുടുംബസമേതം), 'മൗനസരോവരം'(സവിധം), 'മധുരം ജീവാമൃതബിന്ദു'(ചെങ്കോല്‍), 'തൂമഞ്ഞിന്‍'(സമൂഹം), 'വെണ്ണിലാവോ'(പിന്‍ഗാമി), 'പൊന്നില്‍ക്കുളിച്ചു നിന്നു'(സല്ലാപം), 'ആദ്യമായി കണ്ട നാള്‍'(തൂവല്‍കൊട്ടാരം), 'ചൈത്രനിലാവിന്റെ'(ഒരാള്‍ മാത്രം), 'എന്തേ കണ്ണന്'(ഫോട്ടാഗ്രാഫര്‍), തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയമായി. ഒ. എന്‍. വിയോടൊത്ത് ജോണ്‍സണ്‍ മാസ്റ്റര്‍ തുടര്‍ന്ന സംഗീത സഞ്ചാരം വര്‍ഷങ്ങളോളം നീണ്ടിരുന്നു. 1982-ലെ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത കിലുകിലുക്കത്തില്‍ തുടങ്ങി, ഭരതന്റേയും, പത്മരാജന്റേയും, മോഹന്റേയും ചിത്രങ്ങളില്‍ ഇവരൊന്നിച്ചു. 'എന്റെ മണ്‍വീണയില്‍' (നേരം പുലരുമ്പോള്‍), 'മെല്ലെ മെല്ലെ മുഖപടം' (ഒരു മിന്നാമുനുങ്ങിന്റെ നുറുങ്ങുവട്ടം), തുടങ്ങിയ കാവ്യാത്മകമായ ഒരു പിടി നല്ല ഗാനങ്ങള്‍ ഈ യാത്രയില്‍ പിറന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പൊ•ുട്ടയിടുന്ന താറാവിലെ 'കുന്നിമണിചെപ്പുതുറന്ന്'' എന്ന ഗാനത്തിന്റെ മനോഹാരിത ഒരിക്കലും നഷ്ടപ്പെടാത്തതാണ്. ജോണ്‍സണ്‍-ഒ.എന്‍.വി. അവസാനമായി - ഒന്നിക്കുന്നത് ജയരാജ് സംവിധാനം ചെയ്ത 'ഗുല്‍മോഹര്‍' എന്ന ചിത്രത്തിനായാണ്. ഇതിലെ 'ഒരു നാള്‍ ശുഭരാത്രി നേര്‍ന്ന് പോയി നീ' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. ഒ. എന്‍. വി. ജോണ്‍സണ്‍ മാഷിനായി എഴുതിയ ഈ പാട്ടിന്റെ പല്ലവി ജോണ്‍സണോടുള്ള ചോദ്യം പോലെ തോന്നുന്നുവെന്ന് ഇദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഒ. എന്‍. വി പറയുകയുണ്ടായി.അത്രയ്ക്ക് ആത്മബന്ധം പുലര്‍ത്തിയ സഖ്യമായിരുന്നു ഒ.എന്‍. വി.ജോണ്‍സണ്‍. ഇത് കൂടാതെ മറ്റ് പല പാട്ടെഴുത്തുകാരോടൊപ്പം ചേര്‍ന്ന് ജോണ്‍സണ്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ചു. ജോഷി സംവിധാനം ചെയ്ത 'ഒരു കുടക്കീഴില്‍' എന്ന ചിത്രത്തിലെ 'അനുരാഗിണീ ഇതായെന്‍' എന്നു തുടങ്ങുന്ന ഗാനം മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയഗാനങ്ങളിലൊന്നാണ്. പൂവച്ചല്‍ ഖാദറിന്റേതാണ് ഗാനരചന. ദശരഥത്തിലെ 'മന്ദാരചെപ്പുണ്ടോ' (ഗാനരചന: പൂവച്ചല്‍ ഖാദര്‍), സസ്‌നേഹത്തിലെ 'താനേ പൂവിട്ട മോഹം' (ഗാനരചന: പി.കെ. ഗോപി), മാനത്തെ വെള്ളിത്തേരിലെ 'മനസ്സിന്‍ മടിയിലെ മാന്തളിരില്‍' (ഗാനരചന: ഷിബു ചക്രവര്‍ത്തി) എന്നീ ഗാനങ്ങളും ഇത്തരത്തിലുള്ളവയാണ്. 1995-ല്‍ പുറത്തിറങ്ങിയ 'ഈ പുഴയും കടന്ന്' എന്ന കമല്‍ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഗീരീഷ് പുത്തന്‍ഞ്ചേരിയുടെ വരികള്‍ക്ക് നല്‍കിയ മികവുറ്റ സംഗീതം ഈ രണ്ട് പ്രതിഭകളുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാക്കി 'ഈ പുഴയും കടന്ന്' എന്ന സിനിമയെ മാറ്റി.ചിന്താവിഷ്ടയായ ശ്യാമളയിലെ 'മര്‍ച്ചകത്തമ്മയെ' എന്ന് തുടങ്ങുന്ന ഗാനം ശബരിമല തീര്‍ത്ഥാടകന്റെ വികാരങ്ങളുള്‍ക്കൊള്ളുന്നതായിരുന്നു.
2000-നു ശേഷം സംഗീതരംഗത്ത് നിന്നും വിട്ടു നിന്ന ജോണ്‍സണ്‍ മാസ്റ്റര്‍ വളരെ കുറച്ച് ചിത്രങ്ങള്‍ക്കെ സംഗീതം നല്കിയുള്ളൂ. ഇതില്‍ പ്രശസ്ത കവി മുല്ലനേഴിയുമായി ഒന്നിച്ച 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഗാനങ്ങള്‍ മലയാളിത്തമുള്ള സംഗീതത്തിന്റെ തിരിച്ചുവരവായിരുന്നു. ജോണ്‍സണ്‍ മാസ്റ്റര്‍ ഏറ്റവുമധികം പാടിപ്പിച്ച ഗായകരിലൊരാളായ ജി. വേണുഗോപാല്‍ 'കറുത്ത രാവിന്റെ കന്നിക്കിടാവൊരു' എന്ന ഗാനം ആലപിച്ചപ്പോള്‍ ജോണ്‍സണ്‍ സ്പര്‍ശം നിറഞ്ഞു നിന്ന മറ്റൊരുഗാനം മലയാളികള്‍ സ്വീകരിച്ചു. മുല്ലനേഴി രചിച്ച മറ്റ് ഗാനങ്ങളും ശ്രദ്ധേയമായി. ഇരു പ്രതിഭകളും മലയാള സിനിമയേയും, സിനിമാസ്‌നേഹികളെയും 2011-ല്‍ വിട്ടുപിരിഞ്ഞുവെന്ന് ഓര്‍ക്കുമ്പോള്‍ സംഗീതശാഖയ്ക്ക് സംഭവിച്ച തീരാ നഷ്ടമായി ഇതിനെ വിലയിരുത്താം.
2010-ല്‍ പുറത്തിറങ്ങിയ 'നിറക്കാഴ്ച' യാണ് ഇദ്ദേഹത്തിന്റെ സംഗീതത്തില്‍ പിറന്ന അവസാന ചിത്രം. എ. ആര്‍. റഹ്മാന്റെ അച്ഛന്‍ ആര്‍. കെ. ശേഖറിനുശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച ഓര്‍ക്കസ്ട്ര കംപോസര്‍മാരില്‍ ഒരാളായിരുന്നു ജോണ്‍സണ്‍. ലളിതമായ ഓര്‍ക്കസ്‌ട്രേഷന്‍ ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. മിക്ക ഗാനങ്ങളും തനിക്ക് പ്രിയപ്പെട്ട രാഗമായ 'കല്ല്യാണി' രാഗത്തിലായിരുന്നു ഇദ്ദേഹം ചിട്ടപ്പെടുത്തിയത്. ഉപകരണസംഗീതത്തില്‍ അസാമാന്യ മികവ് പുലര്‍ത്തിയിരുന്ന ജോണ്‍സണ്‍ പശ്ചാത്തലസംഗീതത്തില്‍, വേറിട്ട വഴികള്‍ വെട്ടിത്തുറന്നു. മണിച്ചിത്രത്താഴിലേയും, പത്മരാജന്‍ ചിത്രങ്ങളിലേയും പശ്ചാത്തലസംഗീതം ഏവരെയും അത്ഭുതപ്പെടുത്തുകയാണ് ഇപ്പോഴും. ഈയൊരു കഴിവു തന്നെയാണ് സംഗീതത്തിന് ആദ്യമായി ദേശീയപുരസ്‌ക്കാരം നേടുന്ന മലയാളിയാവാന്‍ ജോണ്‍സണ്‍ മാസ്റ്ററിനു സാധിക്കാന്‍ കാരണമായത്. പശ്ചാത്തല സംഗീതത്തിന് 2 തവണ ദേശീയ പുരസ്‌ക്കാരം ജോണ്‍സണ്‍ മാസ്റ്റര്‍ നേടി. 1994-ല്‍ പൊന്തന്‍മാടയ്ക്കും, 1995-ല്‍ സുകൃതത്തിനും തുടര്‍ച്ചയായി 2 ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കുന്ന സംഗീത സംവിധായകന്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിന്റേതായി. അഞ്ച് തവണയായി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഇദ്ദേഹത്തിനെ തേടിയെത്തി. 82-ല്‍ ഓര്‍മ്മയ്ക്കായി, വടക്കുനോക്കി യന്ത്രം, മഴവില്‍ക്കാവടി എന്നീ ചിത്രങ്ങള്‍ക്ക് 89-ല്‍, 'അങ്ങനെ ഒരവധിക്കാലത്ത്' എന്ന ചിത്രത്തിന് 99-ല്‍ എന്നിങ്ങനെ മികച്ച സംഗീതസംവിധായകനും, 92-ല്‍ സദയം, 96-ല്‍ സല്ലാപം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പശ്ചാത്തലസംഗീതത്തിനും, ഉള്ള പുരസ്‌ക്കാരങ്ങള്‍ നേടുകയും തന്റെ ഗുരു ദേവരാജന്‍ മാസ്റ്ററുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. പുതിയ തലമുറയിലെ സംഗീതസംവിധായകര്‍ സംഗീതത്തിന്റെ ആചാര്യനായി കാണുന്ന ജോണ്‍സണ്‍ മാസ്റ്ററെ പക്ഷേ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാള സംഗീതം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല. അസുഖം മൂലം വിട്ട് നില്‍ക്കുകയായിരുന്നെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ ഇദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇത് കഴിയാതെ പോയതിന്റെ വിഷമം മരണം വരെ ജോണ്‍സണ്‍ മാസ്റ്റര്‍ പേറിനടന്നു. കലര്‍പ്പില്ലാത്ത സംഗീതത്തിന്റെ ശ്രോതസ്സാണ് ഇന്ന് മലയാളികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഈയിടെയായി ഉയര്‍ന്നുവന്ന പല സംഗീത വിവാദങ്ങളും, മോഷ്ടിക്കപ്പെട്ട സംഗീതവും, സംഗീതപ്രേമികളെ അലോസരപ്പെടുത്തുമ്പോഴും, ജോണ്‍സണ്‍ മാഷിന്റെ സംഗീതത്തിന്റെ, അദൃശ്യസാന്നിദ്ധ്യം നല്‍കുന്ന അനുഭവം മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഇത് തന്നെയാണ് മലയാള സംഗീത പാരമ്പര്യത്തെ ഇന്നും നിലനിര്‍ത്തുന്നത്.
'ഒരു നാള്‍ ശുഭരാത്രി നേര്‍ന്ന് പോയി നീ...
ഇതിലേ ഒരു പൂക്കിനാവായി വന്നു നീ
ശ്രുതി നേര്‍ത്ത് നേര്‍ത്ത് മായും
അനുരാഗ ഗീതിപോലെ പറയൂ നീ എങ്ങുപോയി...... '

Comments

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)