എന്നൈ അറിന്താൽ
തമിഴ് ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപിച്ച സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. സൂര്യ എന്ന അഭിനേതാവിന്റെ താരമൂല്യം ഉയർത്തിയ കാക്കാ കാക്കാ, ഉലകനായകന്റെ വേട്ടയാട് വിളയാട് എന്നീ പൊലീസ് ചിത്രങ്ങൾക്ക് ശേഷം ‘കോപ്പ് ട്രളജി’ ഗണത്തിലേക്ക് പെടുത്താവുന്ന ചിത്രമാണ് എന്നൈ അറിന്താൽ. ‘തല’ അജിത്ത് നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിൽകൂടി ട്രയിലറുകളും, ഗൗതം വാസുദേവ് മേനോന്റെ മറ്റു പോലീസ് ചിത്രങ്ങളിൽ കണ്ടുവന്നിട്ടുള്ള ചില സാമ്യതകളും കണക്കിലെടുത്ത് ചിത്രത്തിന്റെ കഥാഗതി ഏകദേശം ഊഹിച്ചെടുക്കാം. അതിനാൽ തന്നെ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാം പ്രേക്ഷകന്റെ കണക്കുകൂട്ടലുകളിൽ നിന്നും ഒട്ടും വ്യതിചലിക്കുന്നില്ല. പ്രതീക്ഷിതമായ കഥ, എണ്ണിയാൽ തീരാത്തത്ര എന്‌കൗണ്ടറുകൾ, നായകന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന മുടി നീട്ടിയ വില്ലൻ, ഇടയ്ക്കെവിടെയോ വെച്ച് കൊല്ലപ്പെടുന്ന നായിക, ഇങ്ങനെ എത്രയോ കഥാസന്ദർഭങ്ങൾ ഗൗതം വാസുദേവ് മേനോന്റെ ചിത്രങ്ങളിൽ തന്നെ കണ്ടുമറന്നവയാണ്. ഇവയൊക്കെ വീണ്ടും ‘സത്യദേവ്’ എന്ന പോലീസ് ഓഫീസറിലൂടെ തിരിച്ചുവരുമ്പോഴും സിനിമാപ്രേമികൾ മനസ്സിൽ കൊണ്ട് നടക്കുന്ന അൻപുസെൽവൻ IPS, രാഘവൻ IPS എന്നീ കഥാപാത്രങ്ങളുടെ മാനറിസങ്ങൾ അങ്ങിങ്ങായി കാണപ്പെടുന്നുണ്ട്. ഇത്തരം നെഗറ്റീവുകളിൽ നിന്നും ‘എന്നൈ അറിന്താൽ’ എന്ന ചിത്രത്തെ വേറിട്ട് നിർത്തുന്നത് ‘തല’ യുടെ സ്ക്രീൻ പ്രെസൻസ് തന്നെയാണ്. തികച്ചും വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളിലാണ് അജിത്ത് പ്രത്യക്ഷപ്പെടുന്നത് .ഒരേ സമയം ഫാൻസിനെ മാസ്സ് പ്രകടനം കൊണ്ട് തൃപ്തിപ്പെടുത്തുകയും, സാധാരണപ്രേക്ഷകനെ വികാരങ്ങൾ തുളുമ്പുന്ന പ്രകടനത്തിലൂടെ വിസ്മയപ്പെടുത്തുകയും ചെയ്യുന്നു. മനോഹരമായ ഗാനരംഗങ്ങളും, അതിഭാവുകത്വം ഒട്ടും കലരാതെ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളും, പശ്ചാത്തല സംഗീതവും ഗൗതം മേനോന്റെ എന്ന സംവിധായകന്റെ തിരിച്ചുവരവും എന്നൈ അറിന്താൽ എന്ന ചിത്രത്തെ മറ്റ് പോലീസ് ചിത്രങ്ങളിൽ നിന്നും സാങ്കേതികമായി ചിത്രം ഒരുപിടി മുന്നിൽ നിർത്തുന്നു . സ്ത്രീസംരക്ഷണം മുഖ്യ വിഷയമാകുന്ന ചിത്രത്തിൽ മറ്റ് സാമൂഹിക വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. കണ്ടുമറന്ന പോലീസ് കഥകൾക്ക് ചെറിയ ഭേദഗതി മാത്രം വരുത്തി പഴയ ഫോർമുല സാങ്കേതികമികവിന്റെയും അജിത്ത് എന്ന അഭിനേതാവിന്റെ മികച്ച പ്രകടനവും ചേർത്ത് വീണ്ടും അവതരിപ്പിച്ചു എന്നല്ലാതെ പുതുമയൊന്നും അവകാശപ്പെടാന്നില്ലാത്ത ചിത്രമാണ് എന്നൈ അറിന്താൽ.
Comments
Post a Comment