ജനപ്രിയന്‍ (Janapriyan)


നവാഗതസംവിധായകന്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്‌ 'ജനപ്രിയന്‍'.കൃഷ്ണ പൂജപ്പുര രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.ഭാമയാണ്‌ നായിക.ഇവരെ കൂടാതെ മനോജ്‌ കെ ജയനും പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.സ്പോട്ട്‌ ലൈറ്റ്‌ വിഷന്‍സിണ്റ്റെ ബാനറില്‍ മാമ്മെന്‍ ജോണും റീന എം ജോണും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.
അച്ചണ്റ്റെ മരണത്തിന്‌ ശേഷം അച്ചണ്റ്റെ ജോലി കിട്ടിയെങ്കിലും മനസ്സില്‍ ഒരുപാട്‌ സിനിമാസ്വപ്നങ്ങളുമായി നടക്കുന്നവനാണ്‌ 'വൈശാഖന്‍'(മനോജ്‌ കെ ജയന്‍).പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങി തണ്റ്റെ തിരക്കഥ നാട്ടുകാരനായ ധനികന്‍ അച്ചായനെ (ജഗതി) കേള്‍പ്പിച്ചുകൊടുക്കുന്നിടത്താണ്‌ സിനിമ തുടങ്ങുന്നത്‌.എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാത്ത അച്ചായന്‍ ഇയാളെ പറഞ്ഞു വിടുന്നു.അച്ചണ്റ്റെ ആഗ്രഹത്താല്‍ ഏറ്റെടുത്ത താലൂക്ക്‌ ഓഫീസിലെ ജോലി മനസ്സില്ലാമനസ്സോടെ ചെയ്യുന്ന വൈശാഖന്‍ ഓഫീസിലെ സ്റ്റാഫുകള്‍ക്കിറ്റയിലും പരിഹാസകഥാപാത്രമാണ്‌.ജോലിയില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത വൈശാഖനു നേരെ വ്യാപകമായ പരാതി ഉയര്‍ന്ന്‌ വന്നതിനെ തുടര്‍ന്ന്‌ ഇയാളെ തഹസില്‍ദാര്‍(ലാലു അലക്സ്‌) അഞ്ച്‌ വര്‍ഷത്തെ നിര്‍ബന്ധിത അവധി എടുപ്പിക്കുന്നു.ശേഷിച്ച കാലം സിനിമാസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇതൊരു അനുഗ്രഹമാകുമെന്ന്‌ വൈശാഖനെ ധരിപ്പിക്കുന്നു.വൈശാഖണ്റ്റെ സ്ഥാനമൊഴിഞ്ഞ കസേരയിലേക്ക്‌ പുതിയ നിയമനം തേടുന്നിടത്താണ്‌ 'പ്രിയദര്‍ശന്‍' എന്ന പ്രിയണ്റ്റെ വരവ്‌.കടങ്ങളേറെ വരുത്തിവച്ച്‌ ഒടുക്കം നില്‍ക്കാകയമില്ലാതെ ആത്മഹത്യ ചെയ്തതാണ്‌ പ്രിയണ്റ്റെ അച്ചന്‍.അമ്മയേയും കെട്ടുപ്രായമെത്തിയ പെങ്ങളേയും നോക്കിവളര്‍ത്തിയത്‌ നേരം പുലരുന്നത്‌ മുതല്‍ അന്തിയാവോളം തന്നാല്‍ കഴിയുന്നത്ര ജോലികള്‍ ചെയ്ത്‌ ജീവിക്കുന്ന പ്രിയന്‍ തന്നെയാണ്‌.ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷ നേടാനും ബാക്കി കടങ്ങള്‍ വീട്ടാനും പ്രിയന്‌ വലിയൊരു ആശ്വാസമായി ഈ താല്‍ക്കാലിക നിയമനം മാറി.സംസാരപ്രിയനാണ്‌ പ്രിയദര്‍ശന്‍.തണ്റ്റെ നാടിനേയും നാട്ടുകാരേയും കുറിച്ച്‌ വാചാലനാവുന്ന ശുദ്ധനായ നാട്ടിന്‍പുറത്തുകാരന്‍.താന്‍ താമസിക്കുന്ന ലോഡ്ജിലെ തൊട്ടപ്പുറത്തെ വീട്ടിലെ കോടീശ്വരണ്റ്റെ മകള്‍ മീര(ഭാമ) എന്ന പെണ്‍ക്കുട്ടിയെ പ്രിയന്‍ പരിചയപ്പെടുന്നു.താന്‍ ഈ വീട്ടിലെ ജോലിക്കരിയാണെന്ന തെറ്റിദ്ധാരണയിലാണ്‌ പരിചയപ്പെടല്‍.തണ്റ്റെ സങ്കല്‍പ്പത്തിലെ പാവപ്പെട്ട പെണ്ണിനെ കണ്ടെത്തിയ പ്രിയന്‍ പിന്നീട്‌ മീരയുമായി പ്രണയത്തിലാവുന്നു.ഇതിനിടയില്‍ വൈശാഖന്‍ ജോലിയിലേക്ക്‌ തിരിച്ച്‌ വരുന്നു.ഇനിയും ഒരുപാട്‌ കാര്യങ്ങള്‍ ചെയ്ത്‌ തീര്‍ക്കാനുള്ള പ്രിയന്‌ ഇതൊരു തിരിച്ചടിയാകുന്നു.തുടര്‍ന്ന്‌ വൈശാഖനെ സിനിമയിലേക്ക്‌ തിരിച്ച്‌ വിടാന്‍ നല്ലൊരു പ്രൊഡ്യൂസറെ തേടിപ്പിടിക്കന്‍ പ്രിയന്‍ ഇറങ്ങുന്നു.പിന്നീടങ്ങോട്ട്‌ പ്രിയണ്റ്റെ ജീവിതപ്രശ്നങ്ങളും,വൈശാഖണ്റ്റെ സിനിമാക്കാര്യങ്ങളുമായി കഥ മുന്നോട്ട്‌ പോകുന്നു.
പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ജയസൂര്യക്ക്‌ സാധിച്ചു.ജയസൂര്യ എന്ന യുവനടണ്റ്റെ അഭിനയം തന്നെയാണ്‌ ഈ ചിത്രത്തെ അല്‍പ്പമെങ്കിലും മുന്നോട്ട്‌ നയിക്കുന്നത്‌.പ്രിയണ്റ്റെ സംസാരശൈലിയും,ശുദ്ധതയും പ്രേക്ഷകരെ കയ്യിലെടുത്തു.സിനിമാഭ്രാന്തനായ വൈശാഖനായി മനോജ്‌ കെ ജയനും നല്ല അഭിനയം കാഴ്ച്ചവച്ചിരിക്കുന്നു.പ്രിയണ്റ്റെ ലോഡ്ജ്‌ മുറിയിലെ സഹതാമസക്കാരനെ ഭരത്‌ സലീം കുമാര്‍ ആണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.മികച്ച നടനുള്ള ഈ വര്‍ഷത്തെ ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിച്ച്‌ കൂട്ടി മലയാളസിനിമയുടേയും മലയാളികളുടേയും അഭിമാനമായി തീര്‍ന്ന സലീം കുമാറിനെ നിറഞ്ഞ കൈയ്യടിയോടെയാണ്‌ തിയ്യേറ്ററുകളില്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്‌.ഭാമയുടെ നായികാകഥാപാത്രം മികച്ച്‌ നില്‍ക്കുന്നുവെങ്കിലും ഏറെക്കുറെ ഗാനരംഗങ്ങളില്‍ ഒതുങ്ങി.സരയൂവിണ്റ്റെ സ്ഥിയും മറിച്ചല്ല.ദേവന്‍,ഭീമന്‍ രഘു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
കൃഷ്ണ പൂജപ്പുര എഴുതിയ തിരക്കഥയില്‍ പാകപ്പിഴകള്‍ ഒരുപാടാണ്‌. സിനിമാസ്വപ്നം കണ്ട്‌ നടക്കുന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ കഴിയാതെ പോയത്‌ തുടക്കം മോശമാക്കി.തുടക്കത്തിലെ ചില രംഗങ്ങളും ഭീമന്‍ രഘുവിണ്റ്റെ തമാശാരംഗങ്ങളും നന്നായി ബോറടിപ്പിച്ചു.എന്നാല്‍ പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ നന്നായി ചിത്രീകരിക്കാന്‍ തിരക്കഥാകൃത്തിനു സാധിച്ചു.ആദ്യപകുതിയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രം രണ്ടാം പകുതിയില്‍ ഗതിവിട്ട്‌ സഞ്ചരിച്ചു.കഥാഗതി ഒരു ദിശയുമില്ലാതെ നീങ്ങുന്നതായി തോന്നി.രണ്ട്‌ കഥാപാത്രങ്ങള്‍, വൈശാഖന്‍,പ്രിയദര്‍ശന്‍ എന്നിവരെ ഒരുമിച്ച്‌ തുല്യപ്രാധാന്യം നല്‍കി അവസാനം വരെ കൊണ്ടെത്തിക്കുന്നതിക്കാന്‍ പാടുപെട്ട തിരക്കഥ സീരിയല്‍ രംഗത്ത്‌ നിന്നും വന്ന പുതുമുഖസംവിധായകന്‌ വെല്ലുവിളിയാവുകയും ഇവിടെ സംവിധായകന്‍ പരാജയപ്പെടുകയും ചെയ്തതോടെ മികച്ച്‌ നിന്ന ഒരു ചിത്രം അവസാനരംഗങ്ങളില്‍ പ്രേക്ഷകരെ നിരാശരാക്കിക്കളഞ്ഞു. ഗാനങ്ങള്‍ ആസ്വാദ്യകരമാണ്‌.ഗൌതം ആണ്‌ സംഗീതസംവിധായകന്‍.ഗാനരംഗങ്ങള്‍ മനോഹരമായി തന്നെ പ്രദീപ്‌ നായര്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു.സന്തോഷ്‌ വര്‍മ്മയുടേതാണ്‌ ഗാനരചന.കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ്‌ ചിത്രം തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്‌.വെക്കേഷന്‍ കഴിയുന്നതോടെ ചിത്രത്തിണ്റ്റെ ഗതി എന്താകുമെന്നും,ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പടിച്ചിട്ടും പടം പിടിക്കാന്‍ ബുദ്ധിമുട്ടുന്ന വൈശാഖനേയും,പ്രൊഡ്യൂസര്‍ എന്തെന്നറിയാത്ത,ജീവിതാനുഭവങ്ങളാല്‍ കഥ പറഞ്ഞ്‌ നിര്‍മ്മാതാവിനെ കയ്യിലെടുക്കുന്ന,കോടീശ്വരണ്റ്റെ മകളെ വേലക്കാരിയെന്ന്‌ തെറ്റിദ്ധരിച്ച്‌ പ്രേമിക്കുന്ന പ്രിയനേയും പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നും കണ്ടറിയാം.

റേറ്റിംഗ്‌ :5/10

Comments

Post a Comment

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)