എവരു (തെലുങ്ക്) - റിവ്യൂ


കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുറത്തിറങ്ങിയ തെലുങ്ക് ക്രൈം ത്രില്ലർ സിനിമയാണ് എവരു. ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് വെങ്കട്ട് രാംജി സംവിധാനം ചെയ്ത എവരു. അദിവി ശേഷ്, റജിന കസാൻഡ്ര, നവീൻ ചന്ദ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

 ദി ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് സിനിമയുടെ പുനരാവിഷ്കരണമാണ് ഈ ചിത്രം. കഴിഞ്ഞ വർഷം തന്നെ മാർച്ചിൽ ഇറങ്ങിയ ബദ്‌ലാ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു. ഈ മൂന്ന് ചിത്രങ്ങൾക്കും നല്ല പ്രതികരണമാണ് ബോക്സ് ഓഫീസിൽ ലഭിച്ചത്. 


ഡി എസ് പി അശോക് കൃഷ്ണയുടെ (നവീൻ ചന്ദ്ര) കൊലപാതകത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഇയാളെ വെടിവെച്ചു കൊല്ലുന്ന ബിസിനസ്സുകാരി സമീറ മഹയെ ( റജിന കസാൻഡ്ര ) പോലീസ് അറസ്റ് ചെയ്യുന്നു. തമിഴ്നാടിലെ കൂണൂരിലെ പണക്കാരനായ രാഹുൽ മഹായുടെ ഭാര്യയാണ് സമീറ. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സ്വയം പ്രതിരോധത്തിൽ ചെയ്തുപോയതാണെന്ന് പോലീസിനോട് വെളിപ്പെടുത്തുന്ന സമീറയെ ദൃശ്യമാധ്യമങ്ങൾ പിന്തുണയ്ക്കുകയും തുടർന്ന് കേസ് ഫയൽ ചെയ്യുകയും ചെയ്യുന്നു. 

അശോകിന്റെ കുടുംബം ക്രിമിനൽ വക്കീലായ രത്നാകറിന് കേസ് ഏൽപ്പിക്കുമ്പോൾ, സമീറയുടെ സഹായത്തിന് വരുന്നത് വിക്രം (അദിവി ശേഷ്) എന്ന പോലീസ് ഉദ്യോഗസ്ഥനാണ്. ഇയാൾ പിന്നീട് സമീറയെ ഹോട്ടൽ മുറിയിൽ വെച്ച് കണ്ടുമുട്ടുന്നു. രത്‌നാകർ എന്ന പ്രഗത്ഭനായ  വക്കീലിൽ നിന്നും തെളിവുകൾ ഇല്ലാതാക്കാൻ സമീറയെ സഹായിക്കാം എന്ന വാഗ്ദാനത്തോടെ, സംഭവിച്ച കഥകൾ തുറന്ന് പറയാൻ വിക്രം ആവശ്യപ്പെടുന്നു. തുടർന്ന് വിക്രം തന്റെ പല കണ്ടെത്തലുകളുമായി വരികയും ഇത് കേസിനു വഴിത്തിരിവാവുകയും ചെയ്യുന്നു. 

സമീറയുടെ ജീവിതത്തിലേക്കുള്ള കഥാപാത്രങ്ങളുടെ വരവും, സമീറയും അശോകും തമ്മിലുള്ള ബന്ധവും തുടങ്ങി നിരവധി മുഹൂർത്തങ്ങളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു. സമീറയും വിക്രമും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ പറയുന്നത്. ഇതിനിടയിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ തീവ്രതയും കാണിച്ചു തരുന്നുണ്ട്. 


സമീറ പറയുന്ന കഥകളിലൂടെ, ഒരു വലിയ കേസ് തെളിയിക്കാൻ വിക്രം നടത്തുന്ന ശ്രെമങ്ങളാണ് ചിത്രം മുഴുവൻ. ഇതിനെ പ്രേക്ഷകന് പൂർണ്ണമായും ഉൾക്കൊള്ളാവുന്ന രീതിയിൽ മികച്ച ഒരു മേക്കിങ് ആണ് എവരു എന്ന ചിത്രം. 

എടുത്തു പറയേണ്ടത് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയുമാണ്. ഇത്രയേറെ സംഭാഷണങ്ങളും, കഥകളും നിറഞ്ഞ ഒരു തിരക്കഥ അതിന്റെ ത്രില്ലിംഗ് എലമെന്റ് ഒട്ടും ചോരാതെ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയന്റ്. കഥാസന്ദർഭങ്ങളിൽ ചില പാളിച്ചകൾ കാണാമെങ്കിലും, അതൊരു പോരായ്മയായി തോന്നിയില്ല. വെങ്കട്ട് രാംജി എന്ന തിരക്കഥാകൃത്ത് തന്നെ സംവിധായകനാവുന്ന ചിത്രം കൂടെയാണ് എവരു. 

ദി ഇൻവിസിബിൾ ഗസ്റ്റ് , ബദ്‌ലാ എന്ന ചിത്രങ്ങളുടെ പ്രമേയം ആണെങ്കിൽ കൂടി കഥയിലും സന്ദർഭങ്ങളിലും ചില മാറ്റങ്ങൾ നടന്നിട്ടുണ്ട്. ത്രില്ലർ ഗണത്തിൽ പെട്ട ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നത് അത്ര എളുപ്പമുള്ള പണി അല്ല എന്ന വസ്തുത കൂടെ കണക്കിലെടുക്കുമ്പോൾ ഒരു മികച്ച ശ്രമം തന്നെയാണ് എവരു. 

റജിന കസാൻഡ്ര ചെയ്ത കഥാപാത്രം മികച്ച പ്രകടനം കാഴ്ചവെച്ചു. അദിവി ശേഷ് ചെയ്ത വിക്രം എന്ന കഥാപാത്രം പ്രശംസനീയമാണ്. വിവിധ മാനറിസങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ അദിവി വിജയിച്ചു. ചിത്രത്തിലെ സുപ്രധാന കഥാപാത്രമായ വിക്രം, തുടക്കം തൊട്ട് ഒടുക്കം വരെ തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നുണ്ട്. വില്ലൻ പരിവേഷത്തിൽ നിന്നും, എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായി അനായാസം മാറാൻ കഴിഞ്ഞു എന്നുള്ളതും പ്രത്യേകതയാണ്. മറ്റൊരു നല്ല കഥാപാത്രമായി മുരളി ശർമയും ചിത്രത്തിലുണ്ട്.

ശ്രീചരൻ പകലയുടെ പശ്ചാത്തല സംഗീതം ത്രില്ലിംഗ് മൊമന്റുകൾ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു. പച്ചിപുളുസു വംശിയുടെ ഛായാഗ്രഹണവും പ്രശംസനീയമാണ്. ചില രാത്രികാല രംഗങ്ങളെല്ലാം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. സാങ്കേതിക വശങ്ങളെല്ലാം തന്നെ മുന്നിട്ട് നിൽക്കുന്നു. 

35 കോടി കളക്ഷൻ നേടിയ ചിത്രം വെറും 7 കോടി ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. ചെറിയ ബഡ്ജറ്റിൽ നിർമിച്ച് വലിയ വിജയം കൊയ്യുക എന്ന ഫോർമുല ഇപ്പോൾ പല തെലുങ്ക് ചിത്രങ്ങളും പരീക്ഷിച്ചിച്ചു വരുന്നുണ്ട്. 2019 ലെ മികച്ച പത്ത് സിനിമകളിൽ ഈ ചിത്രവും ഇടം പിടിച്ചിട്ടുണ്ട്.

എവരു ആമസോൺ പ്രൈം വിഡിയോയിലും കാണാം. ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക്, ഈ ചിത്രം ഒരു പുത്തൻ അനുഭവമാകും. 

ആമസോൺ പ്രൈം വീഡിയോ ലിങ്ക് : https://www.primevideo.com/detail/0RQYMFKY7GGIJT2EJ04NIFO4LQ/ref=atv_dp_share_cu_r

Comments

Popular posts from this blog

നീലവെളിച്ചം (2023)

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌ ഇന്‍ 2012