വാര്യത്തെ ചക്ക - ഷോർട്ട് ഫിലിം റിവ്യൂ


ടീം ജാങ്കോ സ്പേസ് യുട്യൂബിൽ ഇന്നലെ റിലീസ് ചെയ്ത ഷോർട്ട് ഫിലിം ആണ് 'വാര്യത്തെ ചക്ക'. ശരത് കുമാർ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണം നേടി യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തുണ്ട്.
പേരുപോലെ തന്നെ വാര്യത്തെ ചക്കയാണ് ചിത്രത്തിലെ താരം. സുനിൽ സുഗത അഭിനയിച്ച പലിശക്കാരൻ പീതാംബരൻ എന്ന കഥാപാത്രം തന്റെ വീട്ടിലെ ചക്ക ഇടാൻ പ്ലാവിൽ കേറി അതിൽ നിന്നും വീഴുന്നതിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് ചക്കയിടാൻ വാര്യത്തെ പ്ലാവിൽ കേറിയ എല്ലാവരും അപകടത്തിൽ പെടുന്നതിനാൽ, നാട്ടുകാരും വീട്ടുകാരും ആ പ്ലാവിൽ ബാധയുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു തരം സൽസ ശാപം പോലെ അത് തുടർന്ന് പോവുന്നു. തന്റെ മകൾ പാറുവും (ദൃശ്യ കെ ശശി) സുനിക്കുട്ടനും (സൂരജ് കെ സത്യൻ) ആയുള്ള പ്രേമം പീതാംബരൻ കയ്യോടെ പിടികൂടുന്നു. തുടർന്ന് സുനിക്കുട്ടന്റെ അച്ഛൻ കടം വാങ്ങിയ പണം എഴുതിത്തള്ളണമെങ്കിൽ വാര്യത്തെ ചക്ക ഇടണം എന്ന് സുനിക്കുട്ടനെ പീതാംബരൻ വെല്ലുവിളിക്കുകയും ചെയ്യുന്നു. കൂട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയോടെ സുനി ഈ വെല്ലുവിളി സ്വീകരിക്കുന്നു. സുനിയും കൂട്ടുകാരായ പപ്പനും (ദിലീപ് മോഹൻ) ഫൈസലും (വിനീത് വിജയകുമാർ) നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിൽ. നാട്ടിലെ ചില അന്ധവിശ്വാസങ്ങൾ എങ്ങനെ പൊട്ടിപുറപ്പെടുന്നു എന്ന് ചിത്രം കാണിച്ചു തരുന്നുണ്ട്. ഇത് തന്നെയാവണം തിരക്കഥാകൃത്തും സംവിധായകനും മുന്നിൽ കണ്ട ലക്‌ഷ്യം.
ചെറിയൊരു കഥയെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു പ്രേക്ഷകനെ തുടക്കം മുതൽ ഒടുക്കം വരെ ആകാഷയോടെ പിടിച്ചു നിർത്താൻ  ശരത് കുമാറിന്റെ സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ വലിച്ചുനീട്ടൽ ഫീൽ ചെയ്തു. സുനിൽ സുഗതയുടെ കഥാപാത്രം വളരെ അനുയോജ്യമായി തോന്നി. നായകനായി അഭിനയിച്ച സൂരജ്, കൂട്ടുകാരനായി അഭിനയിച്ച ദിലീപ് മോഹൻ എന്നിവർ നല്ല പ്രകടനം കാഴ്ചവെച്ചു. വിനീത് ചെയ്ത ഫൈസലിന്റെ കഥാപാത്രം കുറച്ചുകൂടെ നന്നാവാമായിരുന്നു എന്ന് തോന്നി. ചില രംഗങ്ങളിൽ തമാശകൾ പറയുണ്ടെങ്കിലും ഡബ്ബിങിന്റെ പ്രശ്നങ്ങൾ കൊണ്ടും, മുഖഭാവങ്ങൾ കൊണ്ടും എവിടൊക്കെയോ പാകപ്പിഴകൾ ഉള്ളതുപോലെ തോന്നി. കുറച്ചുനേരം മാത്രം ഉള്ളുവെങ്കിലും ദൃശ്യ തന്റെ കഥാപാത്രം നല്ല രീതിയിൽ കൈകാര്യം ചെയ്തു. ബാക്കി കഥാപാത്രങ്ങളായ രമേശൻ (നന്ദു), സതീശൻ (അഖിൽ സാജ്) , ഇരുട്ട് മുരളി (പ്രമോദ് വെളിയനാട്), ചെത്ത് വാസു (സുനിൽ), സൈക്കോ സേവിയർ ( കലേഷ് കണ്ണാട്ട് ) എന്നിവരും നല്ല പ്രകടനം കാഴ്ചവെച്ചു.
എഡിറ്റിങ്ങും പ്രസൂൺ മോഹനന്റെ  ടൈറ്റിൽ ഡിസൈനും എടുത്ത് പറയേണ്ടത് തന്നെയാണ്. ചിത്രത്തെ വേറെ തലത്തിലേക്ക് എത്തിക്കാൻ ഇതിനു കഴിഞ്ഞിട്ടുണ്ട്. തിരക്കഥാകൃത്തുകളിൽ ഒരാളായ നിംസ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലുടനീളം ഛായാഗ്രഹണവും മനോഹരമായിരുന്നു. രാത്രിയിലെ രംഗങ്ങളെല്ലാം വ്യക്തതയോടെ അവതരിപ്പിക്കാൻ അക്ഷയ് ശ്രമിച്ചിട്ടുണ്ട്. പ്രശംസനീയമായ മറ്റൊരു കാര്യം പ്രേക്ഷകരെ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആകാംഷയോടെ പിടിച്ചുനിർത്താൻ സഹായിച്ച നിഖിൽ തോമസിന്റെ  പശ്ചാത്തലസംഗീതമാണ്.
ഷോർട്ട് ഫിലിമിന്റെ തുടക്കത്തിൽ തന്നെ ഷോർട്ട് ഫിലിമുകൾ കാലങ്ങളായി തുടർന്ന് പോരുന്ന ചില ആചാരങ്ങളെ പരിഹസിക്കുന്നത് രസകരമായി തോന്നി. അതിൽ ഒന്നാണ് ഹെഡ്‌ഫോൺ വെച്ചാലും വെച്ചില്ലേലും കേൾക്കാം എന്നുള്ളത്. പൊതുവെ ടി വി യിൽ ചിത്രങ്ങൾ കാണുന്ന  ഞാനും പലതവണ ആലോചിട്ടുണ്ട് എന്തിനാണ് ഈ ഹെഡ്‌ഫോൺ വെക്കണം എന്ന് എല്ലാ ഷോർട്ട് ഫിലിമുകളും വാശി പിടിക്കുന്നത് എന്ന്.
ഈ അടുത്ത കാലത് ഇറങ്ങിയതിൽ കണ്ടിരിക്കാവുന്ന ഒരു ഹ്രസ്വചിത്രമാണ് 'വാര്യത്തെ ചക്ക'. രസകരമായ നിരവധി മുഹൂർത്തങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും, അഭിനേതാക്കൾക്കും ബിഗ് സ്‌ക്രീനിലേക്കുള്ള ഒരു വലിയ ചുവട് വെപ്പാവട്ടെ ഈ ചിത്രം എന്ന് ആശംസിക്കുന്നു. 

Comments

Popular posts from this blog

നീലവെളിച്ചം (2023)

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌ ഇന്‍ 2012