നീലവെളിച്ചം (2023)



ഒപിഎം സിനിമാസിന്റെ ബാനറിൽ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് നിർമിച്ച് ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നീലവെളിച്ചം. മലയാളത്തിലെ എക്കാലത്തെയും ക്‌ളാസ്സിക് സിനിമകളിൽ ഒന്നായ 'ഭാർഗവീനിലയം' എന്ന ചിത്രത്തിന്റെ റീബൂട്ട് എന്ന നിലയിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. തന്റെ 'നീലവെളിച്ചം' എന്ന ചെറുകഥയെ ആസ്പദമാക്കി, വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥയെഴുതിയ ചിത്രമായിരുന്നു 1964-ൽ പുറത്തിറങ്ങിയ എ. വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം. പ്രേം നസീർ, മധു, അടൂർ ഭാസി, കുതിരവട്ടം പപ്പു, പി.ജെ. ആന്റണി, വിജയ നിർമ്മല എന്നീ മഹാരഥന്മാർ അഭിനയിച്ച ഈ ചിത്രത്തിന് മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രം എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഒരുപാട് സവിശേഷതകൾ നിറഞ്ഞ ഈ ചിത്രത്തിലെ ബാബുരാജ് ഈണം പകർന്ന എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾ പാടിനടക്കുന്നവയാണ്. ഇങ്ങനെ എല്ലാ തരത്തിലും ഒന്നിനൊന്നു മെച്ചമായ ഒരു ക്ലാസിക് ചിത്രത്തെ വീണ്ടും തിരശീലയിൽ എത്തിക്കുമ്പോൾ, അതിനോട് ഒന്ന് താരതമ്യപ്പെടുത്താൻ പോലും സാധിക്കാത്ത വിധം ഒരു ശരാശരി ആസ്വാദന നിലവാരം മാത്രം പുലർത്തിയ ഒരു സിനിമയായി മാറി ആഷിഖ് അബുവിന്റെ 'നീലവെളിച്ചം'. 


വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ പോലും മാറ്റം വരുത്താതെ, ഋഷികേശ് ഭാസ്കരന്റെ ചില കൂട്ടിച്ചേർക്കലുകൾ മാത്രം നടത്തിയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ടോവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്ങൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്റേതാണ് ഛായാഗ്രഹണം. 


നീലവെളിച്ചം എന്ന കഥയിലെ ആദ്യ ഭാഗം ഒരു ആമുഖം പോലെ പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. 

പിന്നീട് ഒരു ഒറ്റപ്പെട്ട വലിയ മാളിക കാണിക്കുകയും,അർധരാത്രി അവിടേക്ക് ഒരാൾ അതിക്രമിച്ചു കയറുന്നതും അയാൾ എന്തോ കണ്ട് പേടിച്ച് തിരിച്ചു ഓടി പോകുന്നതായും കാണിക്കുന്നുണ്ട്. ശേഷം അടുത്ത ദിവസം വൈക്കം മുഹമ്മദ് ബഷീർ (ടോവിനോ) എന്ന പ്രശസ്തനായ കഥാകൃത്ത്, വാടകയ്ക്ക് വീടന്വേഷിച്ചു കൊണ്ട് ഈ വീട്ടിൽ എത്തിച്ചേരുകയും, വീട്ടിൽ താമസമാക്കുകയും ചെയുന്നു. വീട് വൃത്തിയാക്കുന്നതിന് കൂടെ തന്നെ, ആ ഒരു കഥാപാത്രത്തിന്റെ ഇഷ്ടങ്ങളും, മാനറിസങ്ങളും കാണിക്കുന്നുണ്ട്. തുടർന്ന് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ചെന്ന് , ഹോട്ടലുടമയോട് (ജെയിംസ് ഏലിയ) താൻ താമസിക്കുന്ന വീട് പറഞ്ഞു കൊടുത്തപ്പോൾ അത് ഭാർഗവീനിലയം ആണെന്നും, അവിടെ ഭാർഗവി (റിമ കല്ലിങ്കൽ) എന്ന ഒരു യുവതി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും വളരെ ഭയത്തോടെ ഹോട്ടലുടമ പറഞ്ഞുകൊടുക്കുന്നു. ബഷീർ പിന്നീട് തന്റെ സുഹൃത്തുക്കളെ കാണുകയും, അവരും ഈ കഥ തന്നെ പറയുകയും, പ്രണയനൈരാശ്യത്തിൽ കിണറിൽ ചാടി ആത്മഹത്യാ ചെയ്ത ഭാർഗവി അവിടെ താമസിക്കാൻ ചെല്ലുന്നവരെ ഉപ്രദ്രവിക്കാറുണ്ടെന്നും, രാത്രികാലങ്ങളിൽ ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും പറയുന്നു. ഇത് കേട്ട് ചെറിയ ഭയത്തോടെ ആണെങ്കിലും, ബഷീർ അവിടെ താമസം തുടരുന്നു. കൂടാതെ ഭാർഗ്ഗവിയുമായി സൗഹൃദം സ്ഥാപിക്കാനും തുടങ്ങുന്നു. കുറച്ച ദിവസങ്ങൾക്ക് ശേഷം ഭാർഗവിയെ കുറിച്ച് തന്നെ കഥയെഴുതാൻ തീരുമാനിച്ച ബഷീറിന്, ഭാർഗ്ഗവിയുടെ സാനിധ്യം തിരിച്ചറിയുകയും, താൻ കേട്ട കഥകളിൽ നിന്നും വ്യത്യസ്തമായ ഒരുപാട് കഥകളിലേക്ക് ഭാർഗവി കൊണ്ട് ചെല്ലുന്നതായും അനുഭവപ്പെടുന്നു. ഈ അനുഭവങ്ങളിൽ നിന്നും ബഷീർ ഭാർഗ്ഗവിയുടെ കാമുകനായ ശശികുമാറിനെയും (റോഷൻ മാത്യു), മുറച്ചെറുക്കനായ നാണുക്കുട്ടനെയും (ഷൈൻ ടോം ചാക്കോ) എല്ലാം സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നതും, കഥ എഴുതുന്നതുമായി ചിത്രം മുന്നോട്ട് പോവുന്നു. ഭാർഗ്ഗവിയുടെയും, ശശികുമാറിന്റെയും കഥ പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ രണ്ടാം പകുതി തുടങ്ങുന്നത്. ഇവരുടെ പ്രണയവും, പിന്നീട് ഭാർഗ്ഗവിയുടെ ആത്മഹത്യ എങ്ങനെയാണ് നടക്കുന്നത് തുടങ്ങിയ സംഭവങ്ങളാണ് നീലവെളിച്ചത്തിൽ പറയുന്നത്. 


സാങ്കേതികപരമായി വളരെയധികം മുന്നിട്ട് നിൽക്കുന്ന ആദ്യപകുതിയിൽ നിന്നും രണ്ടാം പകുതിയിൽ എത്തുമ്പോൾ, മോശം പ്രകടനങ്ങളും, കഥാപാത്രസൃഷ്ടിയിൽ ഉണ്ടായ പോരായ്മകളും ചിത്രത്തിന്റെ ആസ്വാദനത്തെ വളരെ രീതിയിൽ മോശമാക്കി. 

പഴയ ചിത്രത്തിന്റെ റീബൂട്ട് ആയതുകൊണ്ട് തന്നെ നിരൂപണം എഴുതുമ്പോൾ ആ ചിത്രത്തെ ഓർക്കാതെ വയ്യ. അഭിനേതാക്കളെ തിരഞ്ഞെടുത്തതിൽ നിന്ന് തന്നെ ഈ ചിത്രത്തിന്റെ പതനം തുടങ്ങി എന്ന് പറയാം. ബഷീറായി അഭിനയിച്ച ടോവിനോ രൂപസാദൃശ്യം കൊണ്ട് ബഷീറിനെ പോലെ തോന്നിച്ചെങ്കിലും ആ മാനറിസങ്ങളും, സരസ സ്വഭാവവും, എന്തിനു ഡയലോഗ് ഡെലിവറി പോലും പലയിടങ്ങളിലും മോശമായിരുന്നു. ഭാർഗവിയോട് സംസാരിക്കുന്ന രംഗങ്ങളിലെല്ലാം അസ്വാഭാവികത തോന്നി. ഭാർഗവി ആയി വന്ന റിമ കഥാപാത്രത്തോട് ഒട്ടും നീതി പുലർത്തിയില്ല. പ്രണയരംഗങ്ങൾ എല്ലാം വളരെ അരോചകമായിരുന്നു. റോഷൻ മാത്യുവിന്റെ പ്രകടനവും വലിയ മാറ്റം ഒന്നും ഉണ്ടാക്കിയില്ല. വില്ലനായി വന്ന ഷൈൻ ടോം ചാക്കോ, ഒരേ ടെംപ്ലേറ്റ് കഥാപാത്രങ്ങളാണ് ചെയുന്നത് എന്ന് തോന്നിപ്പോവും. സംഭാഷണങ്ങളും മാനറിസങ്ങളും, ഭീഷ്മയിലും, കൊറോണ പേപ്പേഴ്‌സിലും കണ്ട അതെ ഷൈൻ ടോം ചാക്കോ തന്നെ. രണ്ടാം പകുതി ഒട്ടും കണ്ടിരിക്കാൻ പറ്റാത്ത വിധം ആക്കി തീർത്തത് ഷൈന്റെയും റിമയുടെയും പ്രകടനങ്ങൾ തന്നെ ആണ്. ഇത് കൂടാതെ വന്ന അഭിനേതാക്കളെല്ലാം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. ഭാർഗ്ഗവീനിലയത്തിലെ പപ്പു അവതരിപ്പിച്ച കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചത് രാജേഷ് മാധവനായിരുന്നു. എന്നാൽ പപ്പുവിന് 'കുതിരവട്ടം പപ്പു' എന്ന പേര് സമ്മാനിച്ച ആ ചിത്രത്തിലെ അത്രപോലും രംഗങ്ങൾ നീലവെളിച്ചത്തിൽ രാജേഷ് മാധവന് ഇല്ലാതെ പോയി. 


ബ്ലാക്ക് ആൻഡ് വൈറ്റ് ഭാർഗ്ഗവീനിലയത്തിൽ നിന്നും, കളർ പടമായ നീലവെളിച്ചത്തിലേക്ക് എത്തുമ്പോൾ, സാങ്കേതികപരമായി മാത്രമാണ് ചിത്രം മുന്നിൽ നിക്കുന്നത്. ബഷീറിന്റെ അതെ തിരക്കഥ തന്നെ എടുത്തെങ്കിലും, ബഷീറിന്റെ കഥാപാത്രം ഭാർഗവിയോട് ഉണ്ടാക്കുന്ന സൗഹൃദവും, ഭാർഗവിക്ക് ശശികുമാറിനോട് തോന്നുന്ന പ്രണയവും, ഭാർഗ്ഗവീനിലയത്തിനോട് തോന്നുന്ന ഭയവും ഒന്നും പ്രേക്ഷകരിലേക്കെത്തിക്കാൻ ആഷിഖ് അബു എന്ന സംവിധായകന് കഴിഞ്ഞില്ല. ഗിരീഷ് ഗംഗാധരൻ നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വളരെ മികച്ചതാണ്. പേടിപെടുത്തുന്ന ഭാർഗ്ഗവീനിലയവും, രാത്രികാലങ്ങളിലെ ഭീകരതയും, ഛായാഗ്രഹത്തിലെ മികവോടെ പ്രേക്ഷകർക്ക് മികച്ച ഒരു അനുഭവം സമ്മാനിച്ചു. ഫ്ലാഷ് ബാക്ക് രംഗങ്ങളും മനോഹരമായിരുന്നു.


 'ഭാർഗവീനിലയം' എന്ന സിനിമയിലെ ഗാനങ്ങൾ തന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചത്. ഇങ്ങനെ ഒരു ചിത്രം വീണ്ടും എടുക്കുമ്പോൾ, അതിലെ ഗാനങ്ങൾ അതേപടി ഉപയോഗിച്ചത് ഒരു വലിയ കല്ലുകടിയായി മാറി. ചിത്രത്തിലെ ഗാനങ്ങളിലേക്കിലും ഒരു പുതുമ കൊണ്ടുവരാൻ അണിയറപ്രവർത്തകർക്ക് ശ്രമിക്കാമായിരുന്നു. 'താമസമെന്തേ വരുവാൻ' എന്ന ഗാനം ഒക്കെ ദാസേട്ടന്റെ ശബ്ദത്തിൽ ഇന്നും കേട്ട് ആസ്വദിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഇത് അസഹനീയമായിരുന്നു. 'പൊട്ടി തകർന്ന' എന്ന ഗാനമൊക്കെ ഇതേ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. 'അനുരാഗ മധുചഷകം' എന്ന ഗാനം മാത്രമാണ്, നൃത്ത രംഗത്തിന്റെ ചിത്രീകരണത്തിന്റെ മികവുകൊണ്ട് കുറച്ചെങ്കിലും മികച്ചു നിന്നത്. ബിജിപാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നാണ് പശ്ചാത്തലസംഗീതം ഒരുക്കിയത്. ചില രംഗങ്ങളിൽ ആ ഒരു ഹൊറർ മൂഡ് കൊണ്ടുവരാൻ ഇവർക്കു കഴിഞ്ഞു. രണ്ടാം പകുതി വളരെ വലിച്ചു നീട്ടിക്കൊണ്ടുപോയി എന്ന് തോന്നിക്കും വിധം ആയിരുന്നു വി സാജന്റെ ചിത്രസംയോജനം. കഥയുടെ ഒഴുക്കിനു ഈ ഒരു ലാഗ് ആവശ്യമായിരുന്നെങ്കിൽ കൂടി, കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ട് അതിനെ മോശമാക്കി. 

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരെ വെച്ച് തുടങ്ങിയ ഈ പ്രോജക്ട്, പിന്നീട് കൊറോണ കാരണം നീണ്ടു പോവുകയും, ആസിഫ് അലിയെ നായകനാക്കാൻ വിചാരിച്ച് ഒടുവിൽ ടോവിനോയെ നായകനാക്കി ചിത്രം തുടങ്ങുകയായിരുന്നു. 


ഭാർഗ്ഗവീനിലയത്തെ അതേപടി എടുത്തു വെക്കാനായിരുന്നെങ്കിൽ ആഷിഖ് അബു അത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന സംശയം ബാക്കിയാക്കികൊണ്ടായിരിക്കും ഓരോ പ്രേക്ഷകരും ഈ ചിത്രം കണ്ടിറങ്ങുന്നത്. ഒരു ക്ലാസിക്കിനെ ഇന്നത്തെ തലമുറയിലെ യുവാക്കളിലേക്കെത്തിക്കാൻ ശ്രമിക്കുമ്പോൾ, വെറും സാങ്കേതികമികവുകൊണ്ടു മാത്രം അത് സാധ്യമാവില്ലെന്നും, അങ്ങനെ ഒരു പ്രോജക്ട് വിജയിക്കണമെകിൽ ആദ്യത്തേതിനേക്കാൾ പ്രഗത്ഭരായ അഭിനേതാക്കളും, ആ ചിത്രം സംവിധാനം ചെയ്ത മഹാന്മാരെക്കാൾ വലിയ ഭാവനാപരമായ ഉൾക്കാഴ്‌ച ഉള്ള ആരെങ്കിലും ആയിരിക്കണം പുതിയത് ചെയേണ്ടിയിരുന്നത് എന്നുമുള്ള കാര്യങ്ങൾ ഇതിന്റെ പിന്നണി പ്രവർത്തകർ ചിന്തിക്കാതെ പോയി. ഗാനങ്ങൾ പോലും പുതിയത് ചെയ്യാതെ പഴയത് ഉപയോഗിച്ചത് വളരെ പ്രകടമായ ഒരു തെളിവാണ്. അതും 'ഭാർഗവീനിലയം' എന്ന ചിത്രം ഇന്നും അതെ പ്രൗഢിയോടെ, അതെ സിനിമാ അനുഭവം പ്രേക്ഷകന്  സമ്മാനിക്കുമ്പോഴും, ഇങ്ങനെ ഒന്ന് വേണ്ടിയിരുന്നില്ല. ഒരുപാട് പുതുമ പ്രതീക്ഷിച്ച്, വളരെ പ്രതീക്ഷയോടെ ഈ ചിത്രത്തെ സമീപിച്ച ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ ഒരുപാട് നിരാശപ്പെടുത്തി 'നീലവെളിച്ചം'. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്. 


Comments

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌ ഇന്‍ 2012