Pages

Friday, March 10, 2017

ഒരു നാള്‍ ശുഭരാത്രി നേര്‍ന്ന് പോയി നീ...

ജോൺസൺ മാഷിനു സമർപ്പണം. 2011-ൽ കോളേജ് മാഗസിനിൽ എഴുതിയത്.
രണ്ട് ദശാബ്ദക്കാലം മലയാളസംഗീതത്തിന് മലയാളമണ്ണിന്റെ സുഗന്ധം നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച് ജോണ്‍സണ്‍ മാസ്റ്റര്‍ ഗന്ധര്‍വ്വ•ാരുടെ ലോകത്തേക്ക് യാത്രയായി. 80-കളില്‍, മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ സംഗീതത്തിന്റെ വസന്തം തീര്‍ത്ത അനശ്വരകലാകാരനാണ് അരങ്ങൊഴിയുന്നത്. സിനിമയുടെ ആത്മാവറിഞ്ഞ സംഗീതജ്ഞനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. ചെറുപ്പത്തില്‍ 'വോയ്‌സ് ഓഫ് തൃശ്ശൂര്‍' എന്ന സംഗീതട്രൂപ്പില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ജോണ്‍സണ്‍, ഇതിനിടയിലാണ് പ്രശസ്ത സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി മാറി സംഗീതത്തെ നെഞ്ചിലേറ്റിയ ജോണ്‍സണ്‍ പിന്നീട് വെള്ളിത്തിരയുടെ മായിക ലോകത്തേക്ക് ചുവടു വയ്ക്കുകയായിരുന്നു. 1978-ല്‍ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനാവുകയും, പിന്നീട് 23 വര്‍ഷത്തെ സംഗീത ജീവിതത്തിലൂടെ ഗുരുവിനോളം വളര്‍ന്ന സംഗീതസാമ്രാട്ടായി മാറുകയും ചെയ്തു ഇദ്ദേഹം. മലയാള സംഗീത ലോകത്തിന്, പ്രത്യേകിച്ച് സിനിമയുടെ റീ-റിക്കോര്‍ഡിങ്ങ് ചരിത്രത്തിന് ഇദ്ദേഹം നല്‍കിയ സംഭാവന ചെറുതൊന്നുമല്ല. സംഗീതത്തിന്റെ ഏത് ശാഖയേയും മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ജോണ്‍സണ്‍ മലയാളികളുടെ സംഗീതാഭിരുചിയെ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഹിന്ദുസ്ഥാനിയും, കര്‍ണ്ണാടിക്കും പിന്നെ അല്‍പ്പം വെസ്റ്റേണ്‍ സംഗീതവും മികവോടെ സമ്മിശ്രപ്പെടുത്തി ജോണ്‍സണ്‍ ഈണം പകര്‍ന്ന നിരവധി ഗാനങ്ങള്‍ മലയാളികളും, മലയാളവും നില്‍ക്കുന്ന കാലം വരെ ഓര്‍മ്മിക്കപ്പെടുമെന്ന് നിസ്സംശയം പറയാം. ചലച്ചിത്രഗാനരംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ജോണ്‍സണ്‍ മാസ്റ്റര്‍, മുന്നൂറോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ദേവരാജന്‍ മാസ്റ്ററിന് ശേഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചതും ഇദ്ദേഹം തന്നെ. മറക്കാനാകാത്ത ഭാവഗീതങ്ങള്‍ക്കു പുറമെ, സനിമയുടെ പശ്ചാത്തല സംഗീതത്തിലും ജോണ്‍സണ്‍ ശ്രദ്ധിക്കപ്പെട്ടു. 'ഇണയെ തേടി' എന്ന ചിത്രത്തിലൂടെയാണ് പശ്ചാത്തലസംഗീതത്തിലേക്ക് കടക്കുന്നത്.ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങളിലെ 'സ്വപ്നം വെറുമൊരു സ്വപ്നം...' എന്ന ഗാനത്തിലെ ഈണങ്ങള്‍കൊണ്ട് ജോണ്‍സണ്‍ മലയാളികളെ അത്ഭുതപ്പെടുത്തി. പിന്നീട് കൈനിറയെ ചിത്രങ്ങള്‍. ഭാസ്‌ക്കരന്‍ മാഷിന്റേയും, പൂവ്വച്ചല്‍ ഖാദറിന്റേയും വരികള്‍ക്ക് മനസ്സറിഞ്ഞ് സംഗീതം നല്‍കി. ആദ്യകാലങ്ങളില്‍ ബാലചന്ദ്രമേനോന്‍, ശശികുമാര്‍, ഭരതന്‍ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ രണ്ട് ഗന്ധര്‍വ്വ•ാര്‍ ഒന്നിക്കുകയായിരുന്നു. മലയാളികളുടെ പ്രിയസംവിധായകന്‍ പത്മരാജനും, ജോണ്‍സണും. ഇവരെ ഒന്നിപ്പിച്ചത് ഏതോ ദൈവീക ശക്തിയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. അത്രയും അനുഗ്രഹീതനായ സംഗീതം ഇവരുടെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കേള്‍ക്കാന്‍ സാധിക്കും. പാട്ടുകള്‍ക്ക് ഈണം നല്‍കുന്നതിനേക്കാളേറെ പശ്ചാത്തലസംഗീതത്തിന്റെ പൂര്‍ണ്ണതയ്ക്ക് പത്മരാജന്‍ ചിത്രങ്ങളില്‍ സംഗീതം നല്‍കുമ്പോള്‍ ജോണ്‍സണ്‍ മാസ്റ്റര്‍ ശ്രദ്ധിച്ചിരുന്നു. ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങളെപോലും ചടുലമാക്കുവാന്‍ പറ്റിയ പശ്ചാത്തലസംഗീതമായിരുന്നു ഇദ്ദേഹം ഒരുക്കിയിരുന്നത്. പത്മരാജന്‍ മാഷിന്റെ ചിത്രങ്ങളുടെ ഭാവതലത്തിന് ആഴം പകര്‍ന്നത് ജോണ്‍സണ്‍ എന്ന പ്രതിഭയുടെ സംഗീതമാണ്. കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിക്കോപ്പുകള്‍, തൂവാനത്തുമ്പികള്‍, ഞാന്‍ ഗന്ധര്‍വ്വന്‍, അപരന്‍, സീസണ്‍ തുടങ്ങി മലയാളികള്‍ മറക്കാനാഗ്രഹിക്കാത്ത നിരവധി ചിത്രങ്ങള്‍ക്കായി ഇരുവരും ഒന്നിച്ചു. 'ആടിവാകാറ്റേ'(കൂടെവിടെ), 'ഒന്നാംരാഗം പാടി' (തൂവാനത്തുമ്പികള്‍), 'ദേവി' (ഞാന്‍ ഗന്ധര്‍വ്വന്‍) തുടങ്ങിയ ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ നിന്നും പിറന്നവയാണ്. പത്മരാജന്റെ കെട്ടുറപ്പുള്ള തിരക്കഥയില്‍ പ്രണയവും വിരഹവും സന്തോഷവും,സങ്കടവും ജോണ്‍സന്റെ സംഗീതത്തിലൂടെ മലയാളികള്‍ അനുഭവിച്ചു. ഭരതന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ക്ക് വേണ്ടിയും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് ജോണ്‍സണ്‍ മാസ്റ്റര്‍ ആയിരുന്നു. കൈതപ്രം, ഒ. എന്‍. വി എന്നീ ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നപ്പോള്‍ വാക്കിന്റെ ഭാവം തന്നെ ഈണങ്ങളിലേക്ക് പകരുന്നതായാണ് അനുഭവപ്പെടുന്നത്. ഈയൊരു രസതന്ത്രം തന്നെയാണ് 'കൈതപ്രം - ജോണ്‍സണ്‍', 'ഒ. എന്‍. വി - ജോണ്‍സണ്‍' കൂട്ടുകെട്ടുകളെ മലയാളികള്‍ നെഞ്ചോടു ചേര്‍ക്കാന്‍ കാരണം. ജോണ്‍സണ്‍ ഏറ്റവുമധികം ഈണം പകര്‍ന്നത് കൈതപ്രത്തിന്റെ വരികള്‍ക്കാണ്. ഇതിലേറെയും മനോഹരഗാനങ്ങള്‍. ഇവരൊന്നിച്ച അര്‍ത്ഥം, കിരീടം, കളിക്കളം, ചമയം, വരവേല്‍പ്പ്, ചെങ്കോല്‍, തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഒരു വട്ടമെങ്കിലും കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. 'കിരീടം' എന്ന സിബി മലയില്‍ ലോഹിതദാസ് ചിത്രത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളുന്ന ഗാനമായിരുന്നു 'കണ്ണീര്‍പൂവിന്റെ കവിളില്‍.....' . സ്വപ്നങ്ങള്‍ തകര്‍ന്ന്, ജീവിതം ഗതിവിട്ട മകന്റെ വേദനയും, കാമുകന്റെ വിരഹവും ഈയൊരു ഗാനത്തിലൂടെ മലയാളികള്‍ അനുഭവിച്ചു. ജോണ്‍സണ്‍ മാഷിന്റെ മികച്ച ഗാനങ്ങളിലൊന്ന് !!! വരവേല്‍പ്പിലെ 'ദൂരെ ദൂരെ സാഗരം' എന്ന ഗാനം ഈ കൂട്ടുകെട്ടിന്റെ ആദ്യ ചുവടുവയ്പായി. പിന്നിട് ഒരു പാട് ഹിറ്റ് ഗാനങ്ങള്‍. 'രാജഹംസമേ'(ചമയം), 'പീലിക്കണ്ണെഴുതി' (സ്‌നേഹസാഗരം), 'ആകാശഗോപുരം'(കളിക്കളം), 'പാതിമെയ്''(പാവം പാവം രാജകുമാരന്‍), 'നീലരാവിലിന്നുനിന്റെ'(കുടുംബസമേതം), 'മൗനസരോവരം'(സവിധം), 'മധുരം ജീവാമൃതബിന്ദു'(ചെങ്കോല്‍), 'തൂമഞ്ഞിന്‍'(സമൂഹം), 'വെണ്ണിലാവോ'(പിന്‍ഗാമി), 'പൊന്നില്‍ക്കുളിച്ചു നിന്നു'(സല്ലാപം), 'ആദ്യമായി കണ്ട നാള്‍'(തൂവല്‍കൊട്ടാരം), 'ചൈത്രനിലാവിന്റെ'(ഒരാള്‍ മാത്രം), 'എന്തേ കണ്ണന്'(ഫോട്ടാഗ്രാഫര്‍), തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയമായി. ഒ. എന്‍. വിയോടൊത്ത് ജോണ്‍സണ്‍ മാസ്റ്റര്‍ തുടര്‍ന്ന സംഗീത സഞ്ചാരം വര്‍ഷങ്ങളോളം നീണ്ടിരുന്നു. 1982-ലെ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത കിലുകിലുക്കത്തില്‍ തുടങ്ങി, ഭരതന്റേയും, പത്മരാജന്റേയും, മോഹന്റേയും ചിത്രങ്ങളില്‍ ഇവരൊന്നിച്ചു. 'എന്റെ മണ്‍വീണയില്‍' (നേരം പുലരുമ്പോള്‍), 'മെല്ലെ മെല്ലെ മുഖപടം' (ഒരു മിന്നാമുനുങ്ങിന്റെ നുറുങ്ങുവട്ടം), തുടങ്ങിയ കാവ്യാത്മകമായ ഒരു പിടി നല്ല ഗാനങ്ങള്‍ ഈ യാത്രയില്‍ പിറന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പൊ•ുട്ടയിടുന്ന താറാവിലെ 'കുന്നിമണിചെപ്പുതുറന്ന്'' എന്ന ഗാനത്തിന്റെ മനോഹാരിത ഒരിക്കലും നഷ്ടപ്പെടാത്തതാണ്. ജോണ്‍സണ്‍-ഒ.എന്‍.വി. അവസാനമായി - ഒന്നിക്കുന്നത് ജയരാജ് സംവിധാനം ചെയ്ത 'ഗുല്‍മോഹര്‍' എന്ന ചിത്രത്തിനായാണ്. ഇതിലെ 'ഒരു നാള്‍ ശുഭരാത്രി നേര്‍ന്ന് പോയി നീ' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. ഒ. എന്‍. വി. ജോണ്‍സണ്‍ മാഷിനായി എഴുതിയ ഈ പാട്ടിന്റെ പല്ലവി ജോണ്‍സണോടുള്ള ചോദ്യം പോലെ തോന്നുന്നുവെന്ന് ഇദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഒ. എന്‍. വി പറയുകയുണ്ടായി.അത്രയ്ക്ക് ആത്മബന്ധം പുലര്‍ത്തിയ സഖ്യമായിരുന്നു ഒ.എന്‍. വി.ജോണ്‍സണ്‍. ഇത് കൂടാതെ മറ്റ് പല പാട്ടെഴുത്തുകാരോടൊപ്പം ചേര്‍ന്ന് ജോണ്‍സണ്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ചു. ജോഷി സംവിധാനം ചെയ്ത 'ഒരു കുടക്കീഴില്‍' എന്ന ചിത്രത്തിലെ 'അനുരാഗിണീ ഇതായെന്‍' എന്നു തുടങ്ങുന്ന ഗാനം മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയഗാനങ്ങളിലൊന്നാണ്. പൂവച്ചല്‍ ഖാദറിന്റേതാണ് ഗാനരചന. ദശരഥത്തിലെ 'മന്ദാരചെപ്പുണ്ടോ' (ഗാനരചന: പൂവച്ചല്‍ ഖാദര്‍), സസ്‌നേഹത്തിലെ 'താനേ പൂവിട്ട മോഹം' (ഗാനരചന: പി.കെ. ഗോപി), മാനത്തെ വെള്ളിത്തേരിലെ 'മനസ്സിന്‍ മടിയിലെ മാന്തളിരില്‍' (ഗാനരചന: ഷിബു ചക്രവര്‍ത്തി) എന്നീ ഗാനങ്ങളും ഇത്തരത്തിലുള്ളവയാണ്. 1995-ല്‍ പുറത്തിറങ്ങിയ 'ഈ പുഴയും കടന്ന്' എന്ന കമല്‍ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഗീരീഷ് പുത്തന്‍ഞ്ചേരിയുടെ വരികള്‍ക്ക് നല്‍കിയ മികവുറ്റ സംഗീതം ഈ രണ്ട് പ്രതിഭകളുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാക്കി 'ഈ പുഴയും കടന്ന്' എന്ന സിനിമയെ മാറ്റി.ചിന്താവിഷ്ടയായ ശ്യാമളയിലെ 'മര്‍ച്ചകത്തമ്മയെ' എന്ന് തുടങ്ങുന്ന ഗാനം ശബരിമല തീര്‍ത്ഥാടകന്റെ വികാരങ്ങളുള്‍ക്കൊള്ളുന്നതായിരുന്നു.
2000-നു ശേഷം സംഗീതരംഗത്ത് നിന്നും വിട്ടു നിന്ന ജോണ്‍സണ്‍ മാസ്റ്റര്‍ വളരെ കുറച്ച് ചിത്രങ്ങള്‍ക്കെ സംഗീതം നല്കിയുള്ളൂ. ഇതില്‍ പ്രശസ്ത കവി മുല്ലനേഴിയുമായി ഒന്നിച്ച 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഗാനങ്ങള്‍ മലയാളിത്തമുള്ള സംഗീതത്തിന്റെ തിരിച്ചുവരവായിരുന്നു. ജോണ്‍സണ്‍ മാസ്റ്റര്‍ ഏറ്റവുമധികം പാടിപ്പിച്ച ഗായകരിലൊരാളായ ജി. വേണുഗോപാല്‍ 'കറുത്ത രാവിന്റെ കന്നിക്കിടാവൊരു' എന്ന ഗാനം ആലപിച്ചപ്പോള്‍ ജോണ്‍സണ്‍ സ്പര്‍ശം നിറഞ്ഞു നിന്ന മറ്റൊരുഗാനം മലയാളികള്‍ സ്വീകരിച്ചു. മുല്ലനേഴി രചിച്ച മറ്റ് ഗാനങ്ങളും ശ്രദ്ധേയമായി. ഇരു പ്രതിഭകളും മലയാള സിനിമയേയും, സിനിമാസ്‌നേഹികളെയും 2011-ല്‍ വിട്ടുപിരിഞ്ഞുവെന്ന് ഓര്‍ക്കുമ്പോള്‍ സംഗീതശാഖയ്ക്ക് സംഭവിച്ച തീരാ നഷ്ടമായി ഇതിനെ വിലയിരുത്താം.
2010-ല്‍ പുറത്തിറങ്ങിയ 'നിറക്കാഴ്ച' യാണ് ഇദ്ദേഹത്തിന്റെ സംഗീതത്തില്‍ പിറന്ന അവസാന ചിത്രം. എ. ആര്‍. റഹ്മാന്റെ അച്ഛന്‍ ആര്‍. കെ. ശേഖറിനുശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച ഓര്‍ക്കസ്ട്ര കംപോസര്‍മാരില്‍ ഒരാളായിരുന്നു ജോണ്‍സണ്‍. ലളിതമായ ഓര്‍ക്കസ്‌ട്രേഷന്‍ ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. മിക്ക ഗാനങ്ങളും തനിക്ക് പ്രിയപ്പെട്ട രാഗമായ 'കല്ല്യാണി' രാഗത്തിലായിരുന്നു ഇദ്ദേഹം ചിട്ടപ്പെടുത്തിയത്. ഉപകരണസംഗീതത്തില്‍ അസാമാന്യ മികവ് പുലര്‍ത്തിയിരുന്ന ജോണ്‍സണ്‍ പശ്ചാത്തലസംഗീതത്തില്‍, വേറിട്ട വഴികള്‍ വെട്ടിത്തുറന്നു. മണിച്ചിത്രത്താഴിലേയും, പത്മരാജന്‍ ചിത്രങ്ങളിലേയും പശ്ചാത്തലസംഗീതം ഏവരെയും അത്ഭുതപ്പെടുത്തുകയാണ് ഇപ്പോഴും. ഈയൊരു കഴിവു തന്നെയാണ് സംഗീതത്തിന് ആദ്യമായി ദേശീയപുരസ്‌ക്കാരം നേടുന്ന മലയാളിയാവാന്‍ ജോണ്‍സണ്‍ മാസ്റ്ററിനു സാധിക്കാന്‍ കാരണമായത്. പശ്ചാത്തല സംഗീതത്തിന് 2 തവണ ദേശീയ പുരസ്‌ക്കാരം ജോണ്‍സണ്‍ മാസ്റ്റര്‍ നേടി. 1994-ല്‍ പൊന്തന്‍മാടയ്ക്കും, 1995-ല്‍ സുകൃതത്തിനും തുടര്‍ച്ചയായി 2 ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കുന്ന സംഗീത സംവിധായകന്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിന്റേതായി. അഞ്ച് തവണയായി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഇദ്ദേഹത്തിനെ തേടിയെത്തി. 82-ല്‍ ഓര്‍മ്മയ്ക്കായി, വടക്കുനോക്കി യന്ത്രം, മഴവില്‍ക്കാവടി എന്നീ ചിത്രങ്ങള്‍ക്ക് 89-ല്‍, 'അങ്ങനെ ഒരവധിക്കാലത്ത്' എന്ന ചിത്രത്തിന് 99-ല്‍ എന്നിങ്ങനെ മികച്ച സംഗീതസംവിധായകനും, 92-ല്‍ സദയം, 96-ല്‍ സല്ലാപം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പശ്ചാത്തലസംഗീതത്തിനും, ഉള്ള പുരസ്‌ക്കാരങ്ങള്‍ നേടുകയും തന്റെ ഗുരു ദേവരാജന്‍ മാസ്റ്ററുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. പുതിയ തലമുറയിലെ സംഗീതസംവിധായകര്‍ സംഗീതത്തിന്റെ ആചാര്യനായി കാണുന്ന ജോണ്‍സണ്‍ മാസ്റ്ററെ പക്ഷേ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാള സംഗീതം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല. അസുഖം മൂലം വിട്ട് നില്‍ക്കുകയായിരുന്നെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ ഇദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇത് കഴിയാതെ പോയതിന്റെ വിഷമം മരണം വരെ ജോണ്‍സണ്‍ മാസ്റ്റര്‍ പേറിനടന്നു. കലര്‍പ്പില്ലാത്ത സംഗീതത്തിന്റെ ശ്രോതസ്സാണ് ഇന്ന് മലയാളികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഈയിടെയായി ഉയര്‍ന്നുവന്ന പല സംഗീത വിവാദങ്ങളും, മോഷ്ടിക്കപ്പെട്ട സംഗീതവും, സംഗീതപ്രേമികളെ അലോസരപ്പെടുത്തുമ്പോഴും, ജോണ്‍സണ്‍ മാഷിന്റെ സംഗീതത്തിന്റെ, അദൃശ്യസാന്നിദ്ധ്യം നല്‍കുന്ന അനുഭവം മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഇത് തന്നെയാണ് മലയാള സംഗീത പാരമ്പര്യത്തെ ഇന്നും നിലനിര്‍ത്തുന്നത്.
'ഒരു നാള്‍ ശുഭരാത്രി നേര്‍ന്ന് പോയി നീ...
ഇതിലേ ഒരു പൂക്കിനാവായി വന്നു നീ
ശ്രുതി നേര്‍ത്ത് നേര്‍ത്ത് മായും
അനുരാഗ ഗീതിപോലെ പറയൂ നീ എങ്ങുപോയി...... '

Saturday, February 7, 2015

എന്നൈ അറിന്താൽ


തമിഴ് ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപിച്ച സംവിധായകനാണ്‌ ഗൗതം വാസുദേവ് മേനോൻ. സൂര്യ എന്ന അഭിനേതാവിന്റെ താരമൂല്യം ഉയർത്തിയ കാക്കാ കാക്കാ, ഉലകനായകന്റെ വേട്ടയാട് വിളയാട് എന്നീ പൊലീസ് ചിത്രങ്ങൾക്ക് ശേഷം ‘കോപ്പ് ട്രളജി’ ഗണത്തിലേക്ക് പെടുത്താവുന്ന ചിത്രമാണ്‌ എന്നൈ അറിന്താൽ. ‘തല’ അജിത്ത് നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. 

ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിൽകൂടി ട്രയിലറുകളും, ഗൗതം വാസുദേവ് മേനോന്റെ മറ്റു പോലീസ് ചിത്രങ്ങളിൽ കണ്ടുവന്നിട്ടുള്ള ചില സാമ്യതകളും കണക്കിലെടുത്ത് ചിത്രത്തിന്റെ കഥാഗതി ഏകദേശം ഊഹിച്ചെടുക്കാം. അതിനാൽ തന്നെ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാം പ്രേക്ഷകന്റെ കണക്കുകൂട്ടലുകളിൽ നിന്നും ഒട്ടും വ്യതിചലിക്കുന്നില്ല. പ്രതീക്ഷിതമായ കഥ, എണ്ണിയാൽ തീരാത്തത്ര എന്‌കൗണ്ടറുകൾ, നായകന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന മുടി നീട്ടിയ വില്ലൻ, ഇടയ്ക്കെവിടെയോ വെച്ച് കൊല്ലപ്പെടുന്ന നായിക, ഇങ്ങനെ എത്രയോ കഥാസന്ദർഭങ്ങൾ ഗൗതം വാസുദേവ് മേനോന്റെ ചിത്രങ്ങളിൽ തന്നെ കണ്ടുമറന്നവയാണ്‌. ഇവയൊക്കെ വീണ്ടും ‘സത്യദേവ്’ എന്ന പോലീസ് ഓഫീസറിലൂടെ തിരിച്ചുവരുമ്പോഴും സിനിമാപ്രേമികൾ മനസ്സിൽ കൊണ്ട് നടക്കുന്ന അൻപുസെൽവൻ IPS, രാഘവൻ IPS എന്നീ കഥാപാത്രങ്ങളുടെ മാനറിസങ്ങൾ അങ്ങിങ്ങായി കാണപ്പെടുന്നുണ്ട്. ഇത്തരം നെഗറ്റീവുകളിൽ നിന്നും ‘എന്നൈ അറിന്താൽ’ എന്ന ചിത്രത്തെ വേറിട്ട് നിർത്തുന്നത് ‘തല’ യുടെ സ്ക്രീൻ പ്രെസൻസ് തന്നെയാണ്‌. തികച്ചും വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളിലാണ്‌ അജിത്ത് പ്രത്യക്ഷപ്പെടുന്നത് .ഒരേ സമയം ഫാൻസിനെ മാസ്സ് പ്രകടനം കൊണ്ട് തൃപ്തിപ്പെടുത്തുകയും, സാധാരണപ്രേക്ഷകനെ വികാരങ്ങൾ തുളുമ്പുന്ന പ്രകടനത്തിലൂടെ വിസ്മയപ്പെടുത്തുകയും ചെയ്യുന്നു. മനോഹരമായ ഗാനരംഗങ്ങളും, അതിഭാവുകത്വം ഒട്ടും കലരാതെ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളും, പശ്ചാത്തല സംഗീതവും ഗൗതം മേനോന്റെ എന്ന സംവിധായകന്റെ തിരിച്ചുവരവും എന്നൈ അറിന്താൽ എന്ന ചിത്രത്തെ മറ്റ് പോലീസ് ചിത്രങ്ങളിൽ നിന്നും സാങ്കേതികമായി ചിത്രം ഒരുപിടി മുന്നിൽ നിർത്തുന്നു . സ്ത്രീസംരക്ഷണം മുഖ്യ വിഷയമാകുന്ന ചിത്രത്തിൽ മറ്റ് സാമൂഹിക വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. കണ്ടുമറന്ന പോലീസ് കഥകൾക്ക് ചെറിയ ഭേദഗതി മാത്രം വരുത്തി പഴയ ഫോർമുല സാങ്കേതികമികവിന്റെയും അജിത്ത് എന്ന അഭിനേതാവിന്റെ മികച്ച പ്രകടനവും ചേർത്ത് വീണ്ടും അവതരിപ്പിച്ചു എന്നല്ലാതെ പുതുമയൊന്നും അവകാശപ്പെടാന്നില്ലാത്ത ചിത്രമാണ്‌ എന്നൈ അറിന്താൽ. 

Sunday, January 12, 2014

വീരം


       തമിഴകം ഇപ്പോൾ പൊങ്കൽ റിലീസുകൾ ആഘോഷിക്കുകയാണ്. ഏറെ കാലത്തിനു ശേഷം വിജയ്- അജിത്ത് പോരാട്ടമാണ് ഇത്തവണത്തെ സവിശേഷത. ഇളയദളപതിക്കൊപ്പം ലാലേട്ടൻ ഒത്തുചേർന്നപ്പോൾ, ഒറ്റയ്ക്കാണ് തലയുടെ വരവ്. ‘വീരം’ നാല് അനിയന്മാരുടെയും, അവർക്ക് വേണ്ടി ജീവിക്കുന്ന ഏട്ടന്റെയും കഥയാണ്. ‘തല’ അജിത്ത് ഫാൻസിനു വേണ്ടി ഒരുക്കിയ വീരം ഒരു മാസ്സ് എന്റർട്രെയിനർ എന്നതിലുപരി മറ്റൊന്നും തന്നെ പ്രേക്ഷകനു സമ്മാനിക്കുന്നില്ല. സ്ഥിരം തമിഴ് പടങ്ങളിൽ കാണുന്ന എല്ലാം തന്നെ ഇവിടെയും കാണാം. അജിത്തിന്റെ സ്ക്രീൻ പ്രസൻസും, ഡയലോഗുകളിൽ പ്രകടമാകുന്ന ശബ്ദഗാംഭീര്യവും മാത്രമാണ് കുറച്ചെങ്കിലും ചിത്രത്തെ വേറിട്ട് നിർത്തുന്നത്.

നാട്ടിലെ പ്രമുഖരാണ് വിനായകനും അനിയന്മാരും. നാട്ടിലെ എല്ലാ പ്രശ്നങ്ങളും ഗുണ്ടായിസ്സം കൊണ്ട് ഒതുക്കുന്നവർ. അവിടുത്തെ കളക്ടർ വിനായകന്റെ കളിക്കൂട്ടുകാരനാണ്. അതുകൊണ്ട് നിയമപരമായ തടസ്സങ്ങൾ ഒന്നും ഇല്ല. പോലീസ് കേസുകൾ ഒതുക്കാൻ സ്വന്തമായി വക്കീലും. ഇങ്ങനെ കൊണ്ടും കൊടുത്തും ജീവിക്കുന്ന ഈ അണ്ണൻ-തമ്പികൾ ആടിത്തിമിർക്കുന്ന ഒരു ഗാനത്തോടെ ഇവരുടെ സ്നേഹബന്ധം കാണിച്ചുതരുന്നുണ്ട് ചിത്രത്തിൽ. ജീവിതത്തിൽ കല്യാണം കഴിഞ്ഞാൽ ജീവിതം തീർന്നുവെന്ന് വിശ്വസിക്കുകയും, കല്യാണം കഴിക്കുന്നില്ലെന്ന്  വിനായകൻ വാശിപ്പിടിക്കുകയും ചെയ്യുന്നത് തങ്ങളുടെ പ്രണയബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ തടസ്സമാകുമെന്ന് മനസ്സിലാക്കിയ അനിയന്മാർ, വക്കീലിനെ കൂട്ടുപിടിച്ച് ചേട്ടനെ പെണ്ണുകെട്ടിക്കാൻ ഒരുമ്പെട്ടിറങ്ങുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു. കുടുംബത്തിനായി സർവ്വം ത്യജിച്ച് , ഗ്രൂപ്പായി വരുന്ന ഗുണ്ടകളെ അടിച്ച് തരിപ്പണമാക്കുന്ന തല മാസ്സ് ആണ്‌ ഒടുവിൽ.

  തമ്പികളായി ബാലയും, വിധാർത്ഥും (മൈന ഫെയിം) പ്രകടനം മോശമാക്കിയില്ല. സന്താനത്തിന്റ്റെ കോമഡി ഇടയ്ക്ക് ബോറടിപ്പിച്ചു. തമന്ന അച്ചടക്കമുള്ള അഭിനയം കാഴ്ച്ചവെച്ചു.  എങ്കിലും ഇടക്കാലത്ത് മാറ്റത്തിന്റെ മിന്നലാട്ടങ്ങൾ കാണിച്ച തമിഴ് സിനിമ വീണ്ടും പഴയ സ്ഥിതിയിലേക്ക് വരുന്ന കാഴ്ച്ചയാണ് വീരം കാണിച്ചുതരുന്നത്. ഒരു സൂപ്പർസ്റ്റാർ ചിത്രം കുറച്ച് പഞ്ച് ഡയലോഗുകളും, പാട്ടുകളും, കുറേ വില്ലന്മാരും നിറഞ്ഞതാണെന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നുമാണ് പ്രേക്ഷകരോട് തമിഴ്‌പടങ്ങൾ പറയുന്നത്. കേരളത്തിൽ ഇത്തരം മാസ്സ് ചിത്രങ്ങൾ ഇപ്പോഴും വിറ്റുപോകുന്നുണ്ടെന്ന വസ്തുത തള്ളിക്കളയാൻ പറ്റില്ല.

Monday, February 11, 2013

2012 ലെ മികച്ച ചലച്ചിത്രഗാനങ്ങൾ
#10 മൊഴികളും മൗനങ്ങളും  ...

പത്മശ്രീ സരോജ് കുമാർ എന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനമാണ്‌ മൊഴികളൂം മൗനങ്ങളും. യുവസംഗീതസംവിധായകൻ ദീപക് ദേവിന്റെ സംഗീതം. കൈതപ്രത്തിന്റെ പ്രണയം തുളുമ്പുന്ന വരികൾ കൂടി ഒത്തുചേർന്നതോടെ 2012 ആദ്യ പകുതിയിൽ ഏല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ ഈ ഗാനത്തിനായി. തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവഗായകൻ ഹരിചരണും മഞ്ജരിയും ചേർന്നാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്.  ഈ വർഷം ദീപക് ദേവ് സംഗീതം നല്കിയ 5 ചിത്രങ്ങളിൽ ഒന്നാണ്‌ സരോജ് കുമാർ. ഗ്രാന്റ്മാസ്റ്റർ, 101 വെഡ്ഡിംഗ്സ്, ചേട്ടായീസ്, ഐ ലവ് മി എന്നിവയാണ്‌ മറ്റ് ചിത്രങ്ങൾ. ഗ്രാന്റ് മാസ്റ്ററിലെ ‘അകലെയൊ നീ....’ എന്ന ഗാനം മികവ് പുലർത്തി. പറയാതെ അറിയാതെ എന്ന ഗാനത്തിനോട് സാദൃശ്യം ഉണ്ടെങ്കിൽ കൂടി നല്ലൊരു മെലഡി ആയി ഇതിനെ അംഗീകരിക്കാം. 101 വെഡ്ഡിംസിലെ ‘ചങ്ങാതീ’, ഐ ലവ് മി യിലെ ‘ദിവാനിശകൾ’ എന്നീ ഗാനങ്ങളും ശ്രദ്ധേയമായി. ഇതിൽ നിന്നെല്ലാം ‘മൊഴികളും   മൗനങ്ങളും’ ഒരു പിടി മുന്നിൽ നില്ക്കുന്നു. 

#9 കാർമുകിലിൽ ...

ബാച്ചിലർ പാർട്ടിയിലെ ഗാനം. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് യുവസംഗീതസംവിധായകൻ രാഹുൽ രാജ് ആണ്‌ ഈണം പകർന്നിരിക്കുന്നത്. ഈ വർഷം പിറന്ന ചുരുക്കം ചില മെലഡികളിൽ മികച്ചത്. ശ്രേയ ഗോശാലിന്റെ ശബ്ദമാധുര്യം വീണ്ടും മലയാളികൾ നെഞ്ചിലേട്ടുകയാണ്‌ ഈ ഗാനത്തിലൂടെ. ശ്രേയയ്ക്കൊപ്പം നിഖിൽ മാത്യൂ പാടിയിരിക്കുന്നു. മനോഹരമായ ചായാഗ്രഹണമാണ്‌ ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്.  

#8 അനുരാഗത്തിൻ വേളയിൽ... 

2013 ലെ ഹിറ്റുകളിൽ ഒന്നായിരുന്നു ‘തട്ടത്തിൻ മറയത്ത്’. ചിത്രത്തിലെ ഈ ഗാനം പടം റിലീസ് ആവുന്നതിന്‌ മുൻപ് തന്നെ ഹിറ്റ്ചാർട്ടിൽ ഇടം നേടിയിരുന്നു. ഉമ്മച്ചിക്കുട്ടിയെ സ്നേഹിച്ച നായരുടെ കഥ പറഞ്ഞ ചിത്രത്തിലെ ‘അനുരാഗത്തിൻ വേളയിൽ’ എന്ന ഗാനം പ്രണയാതുരമാണ്‌. ചിത്രത്തിന്റെ സംവിധായകൻ ആയ വിനീത് ശ്രീനിവാസൻ ആണ്‌ ഗാനം ആലപിച്ചിരിക്കുന്നത്. ഷാൻ റഹ്മാന്റെ സംഗീതം. സംഗീതമയമായ ചിത്രത്തിന്റെ കഥ പറച്ചിലിൽ ഏറെ ഗുണം ചെയ്ത ഗാനമാണിത്. അതിനാൽ തന്നെ ചിത്രം ഇറങ്ങിയതിന്‌ ശേഷവും കുറേകാലം യുവാക്കൾ ഈ ഗാനത്തെ നെഞ്ചിലേറ്റി നടന്നു. വിനീത് ശ്രീനിവാസന്റേത് തന്നെയാണ്‌ വരികളും.ഈ വർഷം ഷാൻ റഹ്മാൻ ചെയ്ത ഏക ചിത്രമാണ്‌ ‘തട്ടത്തിൻ മറയത്ത്’. 


#7 കണ്ണിനുള്ളിൽ നീ കണ്മണി ...


ട്രിവാണ്ട്രം ലോഡ്ജിലെ മനോഹരഗാനം. എം. ജയചന്ദ്രന്റെ ഈണങ്ങൾക്ക് രാജീവ് നായറിന്റെ വരികൾ. മാസ്റ്റർ ധനൻഞ്ജയ്, ബേബി നയൻതാര എന്നിവർ അഭിനയിച്ചിരിക്കുന്ന ഗാനരംഗം ചിത്രത്തിന്റെ സംവിധായകൻ വി.കെ.പ്രകാശ് രസകരമായി ചിത്രീകരിച്ചിരിക്കുന്നു. ഗാനം ശ്രദ്ധേയമായത് ടി.വി യിലൂടെയും യൂ.ട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെയും ആണ്‌. യുവഗായകൻ നജീം അർഷാദിന്റെ വേറിട്ട ശബ്ദം ഗാനത്തിന്‌ ഏറെ ഗുണം ചെയ്തു. ഏറെ കാലം ഹിറ്റ്ചാർട്ടിൽ ഒന്നാമതായിരുന്നു ഈ ഗാനം.  2011-ൽ വാദ്ധ്യാർ,റേസ് എന്നീ ചിത്രങ്ങളിലൂടെ മലയാളഗാനരചനാരംഗത്തേക്ക് കടന്നു വന്ന രാജീവ് നായർക്ക് തിളങ്ങാൻ കഴിഞ്ഞ വർഷമാണ്‌ 2012.വർഷമാദ്യം റിലീസ് ആയ ഓർഡിനറി സൂപ്പർഹിറ്റായപ്പോൾ ഇതിലെ ഗാനങ്ങൾ രചിച്ച രാജീവ് നായർക്ക് വലിയ അംഗീകാരം ആയി ഇതുമാറി. ചിത്രത്തിലെ വിദ്യാസാഗർ ഈണം പകർന്ന സുൻ സുൻ സുന്ദരി, എന്തിനീ മിഴി രണ്ടും എന്ന ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വന്ന ‘കണ്ണിനുള്ളിൽ ’ ഈ വർഷത്തെ ഹിറ്റുകളിൽ ഒന്നായി. ചേട്ടായീസിലെ ‘ഏറുനോട്ടമെന്തിന്‌ വെറുതെ’ എന്ന ഗാനവും ഹിറ്റായിരുന്നു. രാജീവ് നായർക്ക് 2013 ലും വിജയം കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുന്നു.

#6 കിളികൾ പറന്നതോ.. 

ട്രിവണ്ട്രം ലോഡ്ജിലെ തന്നെ മറ്റൊരു ഗാനം. പതിഞ്ഞ താളത്തിൽ എം.ജയചന്ദ്രൻ നല്കിയ ഈണത്തിന്‌ വരികൾ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദ്. പ്രണയവും നഷ്ടപ്പെടലിന്റെ വേദനയും ഇഴകിച്ചേർന്ന ഗാനം. മലയാളചലചിത്രഗാനശാഖയ്ക്ക് പുതുമുഖമായ രാജേഷ് കൃഷ്ണന്റെ മികച്ച ആലാപനം ഗാനത്തെ കൂടുതൽ ശ്രദ്ധേയമാക്കി. ഇതു കൂടാതെ ചട്ടക്കാരിയിലും രാജേഷ് പാടിയിട്ടുണ്ട്. മലയാളസംഗീത്തത്തിന്‌ കഴിഞ്ഞ കുറേ വർഷങ്ങളായി മികച്ച ഗാനങ്ങൾ എഴുതുന്ന റഫീക്ക് അഹമ്മദ് ഇത്തവണയും മികച്ച സംഭാവന നല്കിയിരിക്കുകയാണ്‌ ഈ ഗാനത്തിലൂടെ.  എം.ജയചന്ദ്രൻ കഴിഞ്ഞ വർഷം ഈണം പകർന്ന 8 ചിത്രങ്ങളിൽ ഒരുപാട് നല്ല ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളത്തനിമയുള്ള ഗാനങ്ങൾ ചെയ്യുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഈ സംഗീതസംവിധായകൻ മറ്റുള്ളവരിൽ നിന്നും വേറിട്ട് നില്ക്കുന്നതും ഈ ഒരൊറ്റ കാരണത്താൽ ആണ്‌. മല്ലൂസിംഗ് എന്ന ചിത്രത്തിലെ ‘ചം ചം’ എന്നു തുടങ്ങുന്ന ഗാനം ഈയൊരു ഗണത്തിൽ പെട്ടതാണ്‌. പഞ്ചാബി ഈണങ്ങളൂം മലയാള ഗാനത്തിന്റെ ശൈലിയും സംയോജിപ്പിചിരിക്കുന്ന ഈ ഗാനത്തിലെ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ഭാഗം മനോഹരമാണ്‌. ശ്രേയ ഗോഷാലിനെ മലയാളം പാടിപ്പിച്ച ജയചന്ദ്രൻ കഴിഞ്ഞ വർഷവും ഈ പതിവ് തുടർന്നു. ചട്ടക്കാരിയിലെ ‘നിലാവെ നിലാവെ’, 916 ലെ ‘നാട്ടുമാവിലൊരു മൈന’ എന്നീ ഗാനങ്ങളും ഹിറ്റായി. കൂടാതെ മൈ ബോസിലെ ഗാനങ്ങളും, ഈസ്റ്റ് കോസ്റ്റ് വിജയന്റെ പഴയ ഈണങ്ങൾ ആണെങ്കിൽ കൂടി നന്നായി അവതരിപ്പിച്ചു. മലയാളിത്തമു ഗാനങ്ങൾ ഇനിയും കേൾക്കാം, എം.ജയചന്ദ്രന്റെ സംഗീതത്തിൽ.

#5 മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ...

 ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒത്തുചേർന്ന ചിത്രമായ സ്പിരിറ്റിൽ നിന്ന്നുമുള്ളതാണ്‌ ഈ ഗാനം. താളമേളങ്ങളൊന്നുമില്ലാത്ത മനോഹരഗാനം. ഷഹബാസ് അമന്റെ സംഗീതം. ഗാനം ഇന്ത്യൻ റുപ്പിയിലെ ‘ഈ പുഴയും’ എന്ന ഗാനത്തെ ഓർമ്മിപ്പിച്ചു. വിജയ് യേശുദാസിന്റെ ശബ്ദമാധുര്യം കൂടുതൽ ലളിതമാക്കി. സിനിമയിൽ അനുയോജ്യമായ രീതിയിൽ ഗാനം ചിത്രീകരിച്ചിരിക്കുന്നു. ഇതിനെല്ലാം മുകളിൽ റഫീക്ക് അഹമ്മദിന്റെ കാവ്യാത്മകമായ പാട്ടിന്റെ വരികൾ മികച്ച് നില്ക്കുന്നു.

‘ഒരു ചുംബനത്തിനായി ദാഹം ശമിക്കാതെ
എരിയുന്ന പൂവിതൾത്തുമ്പുമായി
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടർന്നൊരു ചുണ്ടുമായി
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു
നിറമൗന ചഷകത്തിനിരുപ്പുറം നാം’

പാട്ടിന്റെ സൗന്ദര്യം തീർത്ത വരികൾ.

#4 മുത്തുച്ചിപ്പി പോലൊരു ...

തട്ടത്തിൻ മറയത്തിലെ സൂപ്പർഹിറ്റ് ഗാനം. അനു എലിസബത്ത് ജോസിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ.യുവനടി രമ്യാ നമ്പീശൻ പിന്നണിഗായികയായി അരങ്ങേറിയ വർഷമായിരുന്നു 2012. വളരെ വ്യത്യസ്തമായ ശബ്ദം കൊണ്ട് ആദ്യത്തെ ഗാനം തന്നെ ശ്രദ്ധിക്കപ്പെട്ടു. ശരത്തിന്റെ സംഗീതത്തിൽ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിനു വേണ്ടി നാടൻപാട്ടിന്റെ ശൈലിയുള്ള ‘ആണ്ടെ ലോണ്ടെ’ എന്ന ഗാനം ഹിറ്റായി. പിന്നീടായിരുന്നു തട്ടത്ത്തിൻ മറയത്തെ ഈ ഗാനം. പിന്നീട് ബാചിലർ പാർട്ടിയിലും രമ്യ ഒരു കൈ നോക്കി.ഇത്തവണ സ്വന്തം പാട്ടിന്‌ നൃത്തം വെച്ച ‘വിജനസുരഭി’ എന്ന ഗാനം യുവാക്കളെ ആകർഷിച്ചു. പിന്നണിഗായിക എന്ന നിലയിൽ മികച്ച്ച തുടക്കമാണ്‌ രമ്യക്ക് കിട്ടിയത്. ഈ ഗാനം രമ്യക്കൊപ്പം സച്ചിൻ വാര്യർ ആണ്‌ പാടിയിരിക്കുന്നത്. 2010 -ൽ വിനീത് ശ്രീനിവാസന്റെ തന്നെ മലർവാടി ആർട്സ് ക്ലബ്ബിലെ ‘മാന്യമഹാജനങ്ങളെ’ ആയിരുന്നു ആദ്യ ഗാനം. ഇതിൽ തന്നെ ‘ആയിരം കാതം’ എന്ന ഗാനവും സച്ചിന്റെ ശബ്ദത്തിലൂടെ കേട്ടു. 2011-ൽ മെട്രൊ എന്ന് ചിത്രത്തിൽ പാടിയെങ്കിലും ഗാനംവും സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല. തട്ടത്തിൻ മറയത്തിലെ ‘മുത്തുചിപ്പി’, ‘തട്ടത്തിൻ മറയത്തെ പെണ്ണെ’ എന്നീ ഗാനങ്ങളിലൂടെ മലയാളത്തിലെ യുവഗായകരിൽ പ്രമുഖസ്ഥാനം നേടാൻ സച്ചിനു കഴിഞ്ഞു. ഷഹബാസ് അമന്റെ സംഗീതത്തിൽ ബാവൂട്ടിയുടെ നാമത്തിലും സച്ചിൻ പാടിയിട്ടുണ്ട്.  മുത്തുച്ചിപ്പിയിൽ നിന്നും വന്ന മനോഹരമായ വരികൾ എഴുതിയ അനുവിന്റെ കന്നി ചിത്രമാണ്‌ തട്ടത്തിൻ മറയത്ത്.
#3 നിലാ മലരെ... 

വിദ്യാസാഗർ മാജിക് ആണ്‌ ഈ ഗാനം. ദശകങ്ങളായി മലയ്യാളത്തിന്‌ എന്നൊന്നും ഓർക്കാനുള്ള നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകന്റെ തിരിച്ചുവരവായിരുന്നു 2012. നിവാസ് (ശ്രീനിവാസ്) എന്ന പുതുമുഖഗായകന്റെ സ്വപ്നതുല്യമായ അരങ്ങേറ്റം.വിജയ് ടി വി യിലെ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന നിവാസിന്റെ മാതൃഭാഷ തെലുങ്ക് ആണ്‌.മലയാളം ഒട്ടും അറിയാത്ത നിവാസിനെ മലയാളത്തിലെ വരികൾ പഠിപ്പിച്ച് പാടിക്കുകയായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾ അത്രയ്ക്ക് ലളിതമല്ലാതിരുന്നിട്ടും ചടുലമായ ഈണങ്ങൾക്കൊപ്പിച്ച് മനോഹരമായി നിവാസ് ഗാനം ആലപിച്ചു. മാണ്ഡ്‌ എന്ന രാഗത്തിൽ ക്ലാസ്സിക്കൽ സംഗീതത്തിന്റെ ചുവടുപിടിച്ചാണ്‌ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം സ്പാനിഷ് മസാല, ഓർഡിനറി, വൈഡൂര്യം, താപ്പാന എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ച് തിരിച്ചുവരവ്‌ നടത്തിയ വിദ്യാസാഗറിന്റെ ക്ലാസ്സിക്കുകളിൽ ഒന്നായി മാറി ‘നിലാമലരെ..’. നജീം അർഷാദും പുതുമുഖഗായിക അഭിരാമി അജയും ചേർന്നാലപിച്ച ഡയമണ്ട് നെക്ലേസിലെ ‘തൊട്ട് തൊട്ട്’ എന്ന ഗാനവും കുറേ കാലം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.


#2 അഴലിന്റെ ആഴങ്ങളിൽ... 

നഷ്ടപ്രണയത്തിന്റെ പ്രതീകമാണ്‌ ഈ ഗാനം. തകർന്ന പ്രണയവുമായി നടക്കുന്ന യുവാക്കൾ നെഞ്ചിലേറ്റി നടന്ന ഈ പാട്ടിന്‌ വിഷാദത്തിന്റെ ഈണങ്ങൾ ചാലിച്ചത് മലയാളികളുടെ സ്വന്തം ഔസേപ്പച്ചൻ.ലാൽ ജോസിന്റെ 2012-ലെ മൂന്നാമത്തെ ചിത്രമായ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ നായകന്‌ പ്രണയിനിയെ നഷ്‌ടപ്പെടുമ്പോൾ അനുഭവിക്കുന്ന വേദനയാണ്‌ ഗാനത്തിന്റെ വരികൾ അന്വർഥമാക്കുന്നത്. മനസ്സിൽ തറയ്ക്കുന്ന വരികൾ എഴുതിയിരിക്കുന്നത് വയലാർ ശരത് ചന്ദ്രവർമ്മയാണ്‌. പാട്ടിന്റെ എല്ലാ അർഥങ്ങളും അറിഞ്ഞ് ജോമോൻ ടി ജോൺ ക്യാമറയിൽ പകർത്തിയിരിക്കുന്നു. തൂക്കുപാലത്തിലൂടെ നായകനിൽ നിന്നും നായിക നടന്നു നീങ്ങുന്ന ആ ഒരൊറ്റ രംഗം മതി ചായഗ്രാഹകന്റെ കഴിവ് തിരിച്ചറിയാൻ. നിഖിൽ മാത്യൂവിന്റെ ആലാപനം ഗാനത്തെ അതിന്റെ പൂർണ്ണതയിലെത്തിച്ചു. മൂന്നാമതൊരാൾ എന്ന ചിത്രത്തിലെ ‘നിലാവിന്റെ തൂവൽ’ എന്ന മെലഡി പാടിയതിനു ശേഷം നിഖിൽ മാത്യുവിനെ തേടിയെത്തിയ വൈകി വന്ന വസന്തമായിരുന്നു.ഗാനമാണ്‌ ‘അഴലിന്റെ ആഴങ്ങളിൽ’.ഗാനത്തിന്റെ ഫീമെയ്ൽ വേർഷൻ പാടിയത് അഭിരാമി അജയ്.

‘പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ
പതറുന്ന രാഗം നീ... എരിവേനലിൽ..
അത്തറായ് നീ പെയ്യും നാൾദൂരെയായ്...
നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ..
പൊങ്കൊലുസ്സ് കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളിൽ ക്യൂലുങ്ങിടാതെ... ഇനി വരാതെ..
നീ എങ്ങോ പോയി...’


#1 വാതിലിൽ ആ വാതിലിൽ 

സംഗീതോപകരണങ്ങൾ തീർത്ത മനോഹാരിതയാണ്‌ ഗോപീ സുന്ദർ ഈണം പകർന്ന ഉസ്താദ് ഹോട്ടലിലെ ഈ ഗാനം.ഹരിചരണ്ടെ ആലാപനം. റഫീക്ക് അഹമ്മദിന്റെ വരികൾ. ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും’ എന്ന ഫാസ്റ്റ് നമ്പർ ചിത്രം റിലീസ് ചെയുന്നതിനു മുൻപ് വമ്പൻ ഹിറ്റായിരുന്നു. എന്നാൽ അഞ്ജലി മേനോന്റെ തിരക്കഥ താരമായ ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും സിനിമയുടെ നട്ടെല്ലായി മാറിയപ്പോൾ ‘അപ്പങ്ങളെമ്പാടും’ എന്ന ഗാനത്തെ എല്ലാവരും മറന്നു തുടങ്ങി. ഇതിനിടയിലാണ്‌ സിനിമ കണ്ട ഓരോരുത്തരും തിലകന്റെ കൗമാരകാല പ്രണയം പറയുന്ന ‘വാതിലിൽ ആ വാതിലിൽ’ എന്ന ഗാനം ശ്രദ്ധിച്ച് തുടങ്ങുന്നത്. പിന്നീട് പതിയെ പതിയെ ആരാധകരുടെ എണ്ണം കൂടി. സുലൈമാനി കുടിചോർക്കെ അതിന്റെ രുചി അറിയൂ എന്ന ചിത്രത്തിലെ ഡയലോഗ് പോലെ പാട്ട് ഒരു വട്ടം കേട്ടപ്പോൾ തൊട്ട് ആ പാട്ടിന്റെ രുചിയിൽ, താളത്തിൽ അലിഞ്ഞു. ഗാനരംഗങ്ങളോട് ഒത്തുചേർന്ന വരികൾ, പാട്ടിനൊപ്പം വരുന്ന കോറസ്സ് ശബ്ദം അങ്ങനെ മനസ്സിൽ പതിയാൻ ഒരുപാട് കാരണങ്ങളാണ്‌ ഈ പാട്ടിന്‌. തിരക്കഥയിലെ ഒരു വലിയ ഭാഗം തന്നെയാണ്‌ ഈ ഗാനം. ഓരോ സുലൈമാനിയിലും ഒരു മൊഹബ്ബത്തുണ്ട് എന്ന് തിലകന്റെ കഥാപാത്രം ദുല്ഖറിനോട് പറയുംമ്പോഴും, കരീംക്കായുടെ ഹൂറിയെ പറ്റി പറയുമ്പോഴും ഈ ഗാനത്തിന്റെ സംഗീതം കേൾക്കാം.

വാതിലിൽ  ആ വാതിലിൽ കാതോർത്തു നീ നിന്നീലെ
പാതിയിൽ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാൻ
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു...’മികച്ച സംഗീതസംവിധായകൻ : എം.ജയചന്ദ്രൻ (ട്രിവണ്ട്രം ലോഡ്ജ്) 
മികച്ച ഗായകൻ : നിഖിൽ മാത്യൂ (അഴലിന്റെ ആഴങ്ങളിൽ) 
മികച്ച ഗായിക : ശ്രേയ ഗോഷാൽ (നിലാവെ നിലാവെ, കാർമുകിലിൽ) 
മികച്ച ഗാനരചന : റഫീക്ക് അഹമ്മദ് (സ്പിരിറ്റ്, ഡയമണ്ട് നെക്ക്ലേസ്, ഉസ്താദ് ഹോട്ടൽ)
മികച്ച പുതുമുഖഗായകൻ : നിവാസ് (നിലാ മലരെ)
മികച്ച പുതുമുഖഗായിക : രമ്യാ നമ്പീശൻ (ആണ്ടേ ലോണ്ടെ, മുത്തുചിപ്പി)
മികച്ച ആല്ബം : തട്ടത്തിൻ മറയത്ത് (ഷാൻ റഹ്മാൻ)

മികച്ച പശ്ചാത്തല സംഗീതം : ഗോപീ സുന്ദർ (ഉസ്താദ് ഹോട്ടൽ)

Sunday, September 23, 2012

ട്രിവാണ്ട്രം ലോഡ്ജ് (Trivandrum Lodge)
          “ബ്യുട്ടിഫുള്‍” എന്ന ബ്യുട്ടിഫുള്‍ ചിത്രത്തിന് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്ന സിനിമ എന്നത് കൊണ്ട് പ്രേക്ഷക വൃന്ദം പുലര്‍ത്തിയ പ്രതീക്ഷ അണുവിട തെറ്റിച്ചില്ല ട്രിവാണ്ട്രം ലോഡ്ജ് എന്ന പുതിയ സിനിമയും.സംവിധായകനായി V.K.P എന്ന വി.കെ.പ്രകാശും നടനായി ജയസൂര്യയും എഴുത്തുകാരനും അഭിനേതാവും ആയി അനൂപ്‌ മേനോനും ഇത്തവണ നമ്മുടെ അടുത്തെത്തുന്നത് വളരെ റിയാലിസ്റിക് ആയ ഒരു പിടി കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും ആയിട്ടാണ്. അതുകൊണ്ട് തന്നെ 2 മണിക്കൂര്‍ നീളുന്ന  'ട്രിവാന്‍ഡ്രം ലോഡ്‍ജ്വ്യത്യസ്തമായ മറ്റൊരു മനോഹര ചിത്രമായി തീരുന്നുണ്ട്.

               ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെതന്നെ ഒരു ലോഡ്ജും അതിലെ അന്തെവാസികളിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത്.മലയാള സിനിമകളില്‍ കണ്ടു വരാറുള്ള ഒരു സ്റ്റോറി ലൈനിംഗ് അപ്പ്‌ സമ്പ്രദായമല്ല ചിത്രത്തിലുള്ളത്.മറിച്ച് ലോഡ്‍ജുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചില ജീവിതങ്ങളിലൂടെ പ്രണയം,കാമം തുടങ്ങി മലയാളി എന്നും പറയാന്‍ മടിച്ച ചില ശക്തമായ മാനസിക അവസ്ഥകളെ നര്‍മ്മത്തിന്‍റെ മേന്‍പൊടിചേര്‍ത്ത് അവതരിപ്പിക്കുകയാണ് സംവിധായകനും എഴുത്ത്കാരനും ചെയ്തിട്ടുള്ളത്.അതിനാല്‍ മലയാളി “അശ്ലീലം” എന്ന് ലേബല്‍ ഇട്ട ഒരു പാട് സംഭാഷണ ഭാഗങ്ങള്‍ ചിത്രത്തില്‍ കടന്നു വരുന്നുമുണ്ട്.അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ ചിത്രം വേണ്ടപോലെ അംഗീകരിച്ചുകൊള്ളണമെന്നില്ല(അവരെ വെറുതെ വിടുക,അവര്‍ അമ്മായിയുടെയും,മരുമകന്‍റെയും,പെണ്‍ വേഷം കെട്ടിയ ആണിന്‍റെയും വില കുറഞ്ഞ ദ്വയാര്‍ത്ഥ പ്രയോഗ നര്‍മ്മങ്ങള്‍ക്ക് പൊട്ടി ചിരിച്ചോട്ടെ....).

        ഭര്‍ത്താവില്‍ നിന്ന് ഡിവോഴ്സ് വാങ്ങി കഥയെഴുതാന്‍ കൊച്ചി നഗരത്തില്‍ എത്തുന്ന ധ്വനി(ധ്വനി/ഹണി റോസ്)യെന്ന കഥാപാത്രത്തിലൂന്നിയാണ്‌ 'ട്രിവാന്‍ഡ്രം ലോഡ്‍ജി'ന്റെ ആദ്യ കഥാഭാഗം വികസിക്കുന്നത്.എടുത്ത് പറയത്തക്ക നല്ല വേഷങ്ങള്‍ ഒന്നും ഇതുവരെ ചെയ്തിട്ടിലെങ്കിലും തികഞ്ഞ കൈയ്യടക്കത്തോടെ ഹണി തന്‍റെ റോള്‍ ഭംഗിയാക്കി എന്ന്‍ വേണം പറയാന്‍.അവിടെ അവള്‍ പരിചയ പെടുന്ന അബ്ദു(ജയസൂര്യ) എന്ന ചെറുപ്പക്കാരന്‍ ലൈംഗികദാഹ ശമനം ലഭിക്കാതെ വരുമ്പോള്‍ വൈകൃതങ്ങള്‍ക്ക് അടിമപെട്ട് പോകുന്ന ഒരു യുവ സമൂഹത്തിന്‍റെ പ്രതിനിധിയാണ്.ജയസൂര്യ വളരെ മനോഹരമാക്കിയിട്ടുണ്ട് ഈ കഥാപാത്രത്തെ,അയാളുടെ ജീവിത്തിലേക്കും അതിനു ചുറ്റും വരുന്ന ഒരു പറ്റം കാമത്തിന്‍റെ വ്യത്യസ്ത മുഖങ്ങളിലെക്കും സിനിമ കടന്ന് ചെല്ലുന്നു. നടക്കാതെ പോയ മോഹങ്ങളുടെ “999”ഉം അതിന്‍റെ ശാസ്ത്രവും കൊണ്ട് നടക്കുന്ന വൃദ്ധനും, ന്യു ജെന്‍ ഫേസ്ബുക്കും മൊബൈലും,പഴമയുടെ കൊച്ചു പുസ്തകങ്ങളും,ദുരുദ്വേശ പരാമായി നടത്തുന്ന സ്പായും,സിനിമാ മോഹങ്ങളുടെ ദുരുപയോഗവും,ശരീരം വിറ്റ് ജീവിക്കുന്ന ഒരു സമൂഹത്തിന്‍റെ കുടുംബ പശ്ചാത്തലവും അതില്‍ അനൂപ്‌ മേനോന്‍ ഭംഗിയായി വരച്ചിടുന്നു.ചിത്രത്തിന്‍റെ അന്ത്യതോടടുക്കുമ്പോള്‍ ഈ നിറം കെട്ട ലോകങ്ങള്‍ക്കപ്പുറം ശരീരാതീതമായ പ്രണയത്തിന്‍റെ മറ്റു ചില മുഖങ്ങള്‍ ഹരിശങ്കരി(അനൂപ്‌ മേനോന്‍)ലൂടെയും അയാളുടെ ഭാര്യയായി അഭിനയിച്ച ഭാവനയിലൂടെയും സ്കൂള്‍ വിദ്യാര്‍ഥിയായ മകന്‍ അര്‍ജുനി(മാസ്റ്റര്‍ ധനഞ്ജയ്)ലൂടെയും അവന്‍ സ്നേഹിക്കുന്ന അമല(ബേബി നയന്‍താര)യിലൂടെയും ഇതള്‍ വിരിയുന്നു,മലയാളി കണ്ടു മടുത്ത ഹീറോ ഹീറോഇന്‍ മരം ചുറ്റി പ്രണയത്തില്‍ നിന്ന് “കണ്ണിനുള്ളില്‍ നീ കണ്മണി” എന്ന ഗാനത്തിലൂടെ സംവിധായകന്‍ നിഷ്കളങ്കമായ ഒരു പ്രണയലോകത്തേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകുന്നു.നന്മയുടെ ചില ഓര്‍മ്മ പെടുത്തലുകള്‍ അവശേഷിപ്പിച്ച് ചിത്രം അവസാനിപ്പിക്കുമ്പോള്‍ സിനിമയുടെ caption കടമെടുത്ത്‌ trivandrum lodgeനെ ഇങ്ങനെ വിശേഷിപ്പിക്കാം “A Tale Of Love,Lust,Longing”

            പ്രദീപ്‌ നായരുടെ സിനിമാറ്റൊഗ്രഫിയും M.ബാവയുടെ കലാസംവിധാനവും എടുത്ത്‌ പറയേണ്ടതാണ്‌,അത്ര മനോഹരമായാണ് trivandrum lodgeന്‍റെ സെറ്റ്‌ നിര്‍മിക്കപെട്ടതും അതിലെ രംഗങ്ങള്‍ 'ട്രിവാന്‍ഡ്രം ലോഡ്‍ജ്'  ന്‍റെ എല്ലാ വികാരങ്ങളും ഒപ്പിയെടുക്കാന്‍ വണ്ണം ഗ്രേ ഷേഡില്‍ ചിത്രീകരിക്കപെട്ടതും(helicam camera വെച്ച് ചില രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത ആദ്യ മലയാള സിനിമകൂടിയാണ് trivandrum lodge).ചിത്രത്തിലെ മൂന്ന് ഗാനങ്ങളും M.ജയചന്ദ്രന്‍ മനോഹരമാക്കി എന്ന് പറയാതിരിക്കാന്‍ വയ്യ.                              പി.ബാലചന്ദ്രന്,സൈജു കുറുപ്പ്സുകുമാരിജനാര്‍ദ്ദനന്‍,ദേവി അജിത്ത്,അരുണ്‍,കൃഷ്ണപ്രഭ,നന്ദു തുടങ്ങി വന്നു പോകുന്ന എല്ലാ അഭിനേതാക്കളും  തങ്ങളുടെ ഭാഗങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. “തൂവാനത്തുമ്പികളിലെ” തങ്ങളെ(ബാബു നമ്പൂതിരി)യും “ബ്യുട്ടിഫുള്‍”ലെ കന്യകയെ(തെസ്‍നി ഖാന്‍)യും പുനരവതരിപ്പിച്ചത്തിലൂടെയും “തൂവാനത്തുമ്പികളിലെ” “ജയകൃഷ്ണനെ” കുറിച്ച് പരാമര്‍ശിച്ചതിലും കൂടി തന്‍റെ തിരക്കഥകളില്‍ തന്‍റെതായ മുദ്ര പതിപ്പിക്കാറുള്ള അനൂപ്‌ മേനോന്‍ ഇത്തവണയും ആ പതിവ്‌ തുടരുന്നു.പക്ഷെ ജയചന്ദ്രന്‍ ചെയ്ത ചായക്കടക്കാരന്‍ അച്ഛനും അയാളുടെ ദുര്‍വാശിയും,ലാന്‍ഡ്‌ സീസ് ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥരും.അവസാനം കൈ വരുന്ന അവകാശ രേഖകളും അവസരോചിതമല്ലാത്ത കൂട്ടി ചേര്‍ക്കലുകള്‍ ആയി തോന്നി. എന്നിരുന്നാലും “ഒരാളെ മാത്രം സ്നേഹിക്കുക,intense ആയി പ്രണയിക്കുക,to be a one women man,മനസിലും ശരീരത്തിലും ഒരാള്‍ മാത്രം,അതങ്ങനെ ചെയ്യാന്‍ It demands a mind of quality” എന്ന ഒരൊറ്റ ഡയലോഗിലൂടെ അനൂപ്‌ മേനോന്‍ തന്നിലെ എഴുത്ത്‌ കാരന്‍റെ identityക്ക് അടിവരയിട്ടു എന്ന് വേണം പറയാന്‍

              ചുരുക്കി പറഞ്ഞാല്‍ trivandrum lodgeലെ മുറികളും അതിനുള്ളിലെ കഥകളും കഥാപാത്രങ്ങളും ഇന്നത്തെ മലയാളി മനസുകളുടെ നേര്‍കാഴ്ച്ചകള്‍ ആകുകയാണ്.അതുകൊണ്ട് തന്നെയാണ് ടിക്കെറ്റ്‌ എടുത്ത്‌ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകന്‍ ഈ ചിത്രം നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുനതും.

ഒറ്റവാക്കില്‍ : സിനിമയെ ഗൌരവമായി സമീപിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഒരിക്കലും ഈ സിനിമ കാണാതെ വിടരുത്‌,THIS LODGE IS PRICE WORTH!!!!!

വാല്‍കഷ്ണം : അജ്ഞാതന്‍ balcony seatല്‍ ഇരുന്നാണ് സിനിമ കണ്ടത്‌.., സിനിമയില്‍ കഴുത്ത് ഉളുക്കിയ നായികയുടെ അടുത്തേക്ക്‌ എണ്ണയുമായി പോകുന്ന നായകന്‍റെ രംഗത്തിന്‍റെ മുകളില്‍ “INTERVEL” എന്നെഴുതി കാണിച്ചപ്പോള്‍ പിന്നിലിരുന്ന കാണിയുടെ വായില്‍ നിന്ന്‍ വീണതിങ്ങനെ “അയ്യേ പറ്റിച്ച് intervel ആയി...” , ഇതല്ലേ മക്കളെ യഥാര്‍ത്ഥ സദാചാരം....

Sunday, July 8, 2012

ഉസ്താദ്‌ ഹോട്ടല്‍ (Usthad Hotel)


മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക്‌ ശേഷം അന്‍വര്‍ റഷീദ്‌ എന്ന സംവിധായകന്‍ മടങ്ങിയെത്തിയിരിക്കുന്നു, ഉസ്താദ്‌ ഹോട്ടല്‍ എന്ന്‌ ചിത്രത്തിലൂടെ. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി എന്നീ ഹിറ്റ്‌ ചിത്രങ്ങളിലൂടെ മലയാളികളെ കയ്യിലെടുത്ത അന്‍വര്‍ റഷീദ്‌ പിന്നീട്‌ 'കേരള കഫെ'യിലെ ബ്രിഡ്ജ്‌ എന്ന ചിത്രം സംവിധാനം ചെയ്ത്‌ കയ്യടി നേടിയിരുന്നു. 'കേരള കഫെ'യിലെ തന്നെ 'ജേര്‍ണി' എന്ന ചിത്രം സംവിധാനം ചെയ്ത അഞ്ജലി മേനോന്‍ തിരക്കഥാകൃത്തായി ഉസ്താദ്‌ ഹോട്ടലില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്‌. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ അഞ്ജലി മേനോണ്റ്റെ മഞ്ചാടിക്കുരു മികച്ച അഭിപ്രായം നേടിയിരിക്കെ മഞ്ചാടിക്കുരുവിലൂടെ അവതരിപിച്ച ലാളിത്യമേറിയ കഥാപാത്രങ്ങളെ ഉസ്താദ്‌ ഹോട്ടലിലും പ്രതീക്ഷിക്കുന്ന പ്രേക്ഷകരുടെ മനസ്സ്‌ നിറച്ചിരിക്കുകയാണ്‌ ഉസ്സ്താദ്‌ ഹോട്ടല്‍.

 ദുല്‍ഖര്‍ സല്‍മാനും തിലകനും തകര്‍ത്തഭിനയിച്ച ഉസ്താദ്‌ ഹോട്ടല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു. മാജിക്‌ ഫ്രേയ്ംസിണ്റ്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്‌ ചിത്രം നിര്‍മ്മിചിരിക്കുന്നത്‌. ട്രാഫിക്കിനും ചാപ്പാകുരിശിനും ശേഷം മറ്റൊരു ട്രെന്ദ്‌ സെറ്റര്‍ ഒരുക്കിയിരിക്കുകയാണ്‌ ലിസ്റ്റിന്‍....

. ഫൈസി(ദുല്‍ഖര്‍) എന്ന കേന്ദ്രകഥാപാത്രത്തിണ്റ്റെ ജീവിതമാണ്‌ 'ഉസ്താദ്‌ ഹോട്ടലി'ലൂടെ അഞ്ജലി മേനോന്‍ പറയുന്നത്‌. കരീമിക്കയുടെ(തിലകന്‍) കൊച്ചുമകന്‍ ആണ്‌ ഫൈസി. ബാപ്പ റസാക്കി(സിദ്ധിക്ക്‌)നെ പറ്റിച്ച്‌ എം.ബി.എയ്ക്ക്‌ പകരം ഷെഫ്‌ പഠനത്തിനു പോകുന്ന ഫൈസി പിന്നീട്‌ ചില കാരണങ്ങളാല്‍ ബാപ്പയോട്‌ പിണങ്ങി തണ്റ്റെ ഉപ്പൂപ്പയുടെ ഉസ്താദ്‌ ഹോട്ടലില്‍ എത്തുന്നു.തുടര്‍ന്നുണ്ടാവുന്ന ജീവിതത്തിണ്റ്റെ രുചിക്കൂട്ടുകളാണ്‌ കഥാസാരം.കണ്ട്‌ മടുത്ത ഹാര്‍ട്ട്‌ അറ്റാക്ക്‌ സീനുകളില്‍ നര്‍മ്മം നിറച്ചത്‌ വ്യത്യസ്തത പുലര്‍ത്തി. കഥാന്ത്യത്തോടടുക്കുമ്പോള്‍ ശക്തമായ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ പോലും സ്വല്‍പ്പം ഇഴച്ചില്‍ അനുഭവപ്പെടുന്നതായി തോന്നി. അവസാന നിമിഷങ്ങളില്‍ ചില കഥാപാത്രങ്ങള്‍ക്ക്‌ സംഭവിക്കുന്ന സ്വഭാവത്തിലെ വ്യക്തമായ മാറ്റം വിശ്വാസയോഗ്യമല്ലെന്ന് പറയേണ്ടിവരും.

 തിലകണ്റ്റേയും ദുല്‍ഖറിണ്റ്റേയും അഭിനയം മികച്ച്‌ നിന്നു. കൂടാതെ മട്ട്‌ കഥാപാത്രങ്ങളേയും എടുത്ത്‌ പറയേണ്ടതാണ്‌.ഓര്‍ത്തഡോക്സ്‌ ചുറ്റുപാടുകളില്‍ നിന്നും പുറത്തുചാടാന്‍ ശ്രമിക്കുന്ന നായികയായി നിത്യ മേനോന്‍ തരക്കേടില്ലാത്ത അഭിനയം കാഴ്ചവെച്ചു. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ആവിഷ്കാരം ചിത്രത്തെ കൂടുതല്‍ ലാളിത്യമുള്ളതാക്കി. കോയിക്കോടന്‍ ബിരിയാണിയും, പ്രണയത്തിണ്റ്റെ 'വാതിലില്‍ ആ വാതിലില്‍' നിറയുന്ന സുലൈമാനിയും വെറും രുചിക്കൂട്ടുകള്‍ മാത്രമല്ല രസക്കൂട്ടുകള്‍ കൂടിയാണെന്ന സന്ദേഷം ചിത്രം നല്‍കുന്നുണ്ട്‌. ആകാശങ്ങള്‍ മാത്രം സ്വപ്നം കാണാന്‍ കൊതിക്കുന്ന യുവത്വത്തിനു നേരെ ജീവിതത്തിണ്റ്റെ മറ്റൊരു മുഖം ഉണ്ടെന്ന്‌ മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ചിത്രം അവസാനിക്കുന്നു.

 കണ്ടുമടുത്ത ഫാമിലി മൂവി ട്രീറ്റ്മെണ്റ്റില്‍ നിന്നും വ്യത്യസ്തമായി പുതുമ തുളുമ്പുന്ന വിഷ്വത്സ്‌ ആണ്‌ ചിത്രം മുഴുവനും. കോഴിക്കോടിനെ അതിണ്റ്റെ എല്ലാ നിറങ്ങളോടും ലോകനാഥന്‍ എന്ന ക്യാമറാമാന്‍ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നു. സാഹോദര്യത്തിണ്റ്റെ സൂഫി വക്താക്കളായ ഖവാലികളുടെ ദൃശ്യങ്ങളും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി. കലാസംവിധാനം എടുത്ത്‌ പറയേണ്ടതാണ്‌. ഉസ്താദ്‌ ഹോട്ടലിനെ ഗംഭീരമായി ശൃഷ്ടിക്കാന്‍ ആനന്ദ്‌ എന്ന കലാസംവിധായകന്‌ കഴിഞ്ഞു.'അപ്പങ്ങള്‍ എമ്പാടും' എന്ന 'കല്ലുമ്മക്കായ' ബാന്‍ഡിണ്റ്റെ ഫ്യൂഷന്‍ ഒരു യൂത്ത്നെസ്സ്‌ ചിത്രത്തില്‍ നിറച്ചു 
നമ്മളില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്‍മയുടെ രുചിക്കൂട്ടുകളെ ഉസ്താദ്‌ ഹോട്ടല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.അജ്മീറ്‍ മരുഭൂമിയിലെ മഴപോലെ നന്‍മയുടെ കണങ്ങള്‍ ഭൂമിയില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലില്‍, പ്റേക്ഷകരുടെ മനസ്സ്‌ നിറച്ച്‌ കൊണ്ട്‌ ചിത്രം അവസാനിക്കുന്നു. മലയാളസിനിമയുടെ രുചിഭേദങ്ങള്‍ അവസാനിക്കുന്നില്ല എന്ന സന്ദേശം നല്‍കിക്കൊണ്ട്‌....റേറ്റിംഗ്‌ : 7/10


Monday, May 7, 2012

ഗ്രാന്‍റ്മാസ്റ്റര്‍ (Grandmaster)


മാടമ്പിക്ക്‌ ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌  ഗ്രാന്‍റ്മാസ്റ്റര്‍ . യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ആദ്യ മലയാളചലചിത്രം കൂടിയാണ്‌ ഇത്‌. ത്രില്ലര്‍ എന്ന പ്റ്‍ഥ്വിരാജ്‌ ചിത്രത്തിന്‌ ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന 'ഗ്രാന്‍റ്മാസ്റ്റര്‍' ഒരു കുറ്റാന്വേഷണത്തിണ്റ്റെ കഥയാണ്‌ പറയുന്നത്‌. ഈ ചിത്രം ഒരു ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താമെങ്കിലും ത്രില്ലര്‍ ജനുസ്സില്‍ പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കണ്ടുവരുന്ന ചടുലത ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല എന്നതൊഴിച്ചാല്‍ പടം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. ഐ. ജി. ചന്ദ്രശേഖര്‍ എന്ന പോലീസ്‌ ഓഫീസറുടെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന തിരക്കഥ ഒരു തുടര്‍കൊലപാതകത്തിണ്റ്റെ അന്വേഷണങ്ങളിലൂടെയും കടന്നുപോകുന്നു. ഐ. ജി. ചന്ദ്രശേഖരനായി സൂപ്പര്‍സ്റ്റാറിണ്റ്റെ മാനറിസങ്ങളൊന്നുമില്ലാതെ അഭിനയിച്ച്‌ മോഹന്‍ലാല്‍ കയ്യടി നേടി. ഏറെകാലത്തിനുശേഷം മോഹന്‍ലാല്‍ ചെയ്ത മികച്ച വേഷമായി ഈ കഥാപാത്രത്തെ വിലയിരുത്താം. മലയാളസിനിമയിലെ മാറ്റത്തിണ്റ്റെ കാഹളങ്ങള്‍ക്കിടയില്‍ വ്യക്തമായ തിരിച്ചുവരവ്‌ നടത്തിയിരിക്കുകയാണ്‌ മോഹന്‍ലാല്‍ ഗ്രാന്‍റ്മാസ്റ്ററിലൂടെ.

 കൊച്ചിയിലെ കുറ്റക്റ്‍ത്യങ്ങളുടെ ഉത്ഭവം കണ്ടുപിടിച്ച്‌ അത്‌ തടയാന്‍ തുടങ്ങിയ 'മെട്രോ ക്രൈം സ്റ്റോപ്പേജ്‌ സെല്ലി'ണ്റ്റെ തലവനാണ്‌ ഐ. ജി. ചന്ദ്രശേഖര്‍. ചെസ്സ്‌ കളിയില്‍ തല്‍പരനായ, മുന്‍പ്‌ നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുള്ള ചന്ദ്രശേഖര്‍ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്ത്രശാലിയായ കുറ്റാന്വേഷനകനായിരുന്നുവെന്നും, ചില ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ കുറ്റവാളികളെ കീഴ്പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ചിത്രത്തിണ്റ്റെ തുടക്കത്തില്‍ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരാലും, സഹപ്രവര്‍ത്തകനായ റഷീദി(ജഗതി)നാലും സമര്‍ത്ഥിക്കപ്പെടുന്നുണ്ട്‌. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഭാര്യ ദീപ്തി ചന്ദ്രശേഖര്‍(പ്രിയാമണി) വിവാഹജീവിതം മതിയാക്കി പിരിഞ്ഞുപോയതിണ്റ്റെ വിഷമത്തില്‍ കേസന്വേഷണങ്ങളോട്‌ ഇയാള്‍ ഇപ്പോള്‍ അലസത കാണിക്കുന്നു. അതിനാല്‍ തന്നെ എം.സി. എസ്‌. സി യുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടാവുന്നില്ല. ഇതിനിടയില്‍ സിറ്റിയില്‍ തുടര്‍ച്ചയായ മൂന്ന്‌ കിഡ്നാപ്പിംഗ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. മൂന്ന്‌ സുഹ്റ്‍ത്തുക്കളായ പെണ്‍കുട്ടികളെയാണ്‌ മൂന്ന്‌ ദിവസങ്ങളിലായി തട്ടികൊണ്ടുപ്പോവുന്നത്‌. ഇതില്‍ മൂന്നാമത്തെ കുറ്റക്റ്‍ത്യത്തിണ്റ്റെ ദ്റ്‍ക്സാക്ഷികള്‍ ചന്ദ്രശേഖറിനെ കണ്ട്‌ കാര്യങ്ങള്‍ തുറന്നുപറയുന്നു. തട്ടികൊണ്ട്‌ പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡൈവോഴ്സ്‌ ചെയ്തതാണെന്ന വസ്തുത ചന്ദ്രശേഖറിനെ ഈ കേസ്‌ അന്വേഷിക്കാന്‍ താല്‍പര്യം ഉളവാക്കുന്നു. തുടര്‍ന്ന്‌ കുറ്റവാളിയുടെ സങ്കേതം കണ്ടുപിടിക്കുകയും ഒറ്റയാള്‍ പോരാട്ടത്തിലൂടെ കുറ്റവാളിയായ ജെറോമിനെ(റിയാസ്‌ ഖാന്‍) കീഴ്പ്പെടുത്തുന്നു. ചന്ദ്രശേഖര്‍ തിരിച്ചുവന്നു എന്ന സഹപ്രവര്‍ത്തകരുടെ വിശ്വാസങ്ങള്‍ക്ക്‌ എതിരായി ഇയാള്‍ വീണ്ടും അലസതയിലേക്ക്‌ നീങ്ങുന്നു.ഇങ്ങനെയിരിക്കെയാണ്‌ ചന്ദ്രശേഖറിണ്റ്റെ അഡ്രസ്സില്‍ ഒരു കത്ത്‌ എം.സി.എസ്‌.സിയില്‍ എത്തുന്നത്‌. ഒരു ചെസ്സ്‌ കളിയില്‍ കരു നീക്കുന്ന ലാഘവത്തോടെ ഈ കത്ത്‌ വായിക്കുന്നത്‌. പിന്നീട്‌ അതിക്രൂരനായ ഒരു കുറ്റവാളി തനിക്കായി ഒരുക്കിയ ഒരു ഗെയിം ആയിരുന്നു ഈ കത്തെന്ന സത്യം ചന്ദ്രശേഖര്‍ മനസ്സിലാക്കുന്നു. കത്തിലെ സൂചനകള്‍ പിന്നീട്‌ നടക്കുന്ന കൊലപാതകത്തിലേക്ക്‌ ചന്ദ്രശേഖറിനെ നയിക്കുന്നു. ഗ്രാണ്റ്റ്മാസ്റ്ററിണ്റ്റെ കരുനീക്കങ്ങള്‍ ഇവിടെ തുടങ്ങുന്നു. അജ്ഞാതനായ കുറ്റവാളിയെ തേടിയുള്ള ഉദ്വേഗജനകമായ നിമിഷങ്ങള്‍ സമ്മാനിച്ച്‌ ചിത്രം പ്രേക്ഷകരെ ആകാംഷഭരിതരാക്കുന്നു. 

തുടര്‍കൊലപാതകങ്ങളും അവയില്‍ കൊലയാളി അവശേഷിപ്പിക്കുന്ന തെളിവുകളും വ്യത്യസ്തത പുലര്‍ത്തി. ചന്ദ്രശേഖറും കൊലയാളിയും ഇവര്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്ന ഗെയിമും സംവിധായകണ്റ്റെ കയ്യില്‍ നിന്നും ഇടയ്ക്ക്‌ വഴുതിപ്പോയി എന്നുതോന്നിച്ചെങ്കിലും മലയാളസിനിമയില്‍ സുപരിചിതമല്ലാത്തതായിമാറി. ചന്ദ്രശേഖറിണ്റ്റെ പോലീസ്‌ ജീവിതത്തെ മാത്രമല്ല ചിത്രം കേന്ദ്രീകരിക്കുന്നത്‌. മറിച്ച്‌ തന്നെ ഇയാളുടെ കുടുംബജീവിതവും തിരക്കഥാക്റ്‍ത്ത്‌ മോശമല്ലാത്ത രീതിയില്‍ പറഞ്ഞുതരുന്നുണ്ട്‌.ഈ രണ്ട്‌ കാര്യങ്ങളും ഒരേ അനുപാതത്തില്‍ വേണം എന്നുള്ള കാരണം കൊണ്ടാവാം ചിത്രത്തിന്‌ ചിലയിടങ്ങളില്‍ വേഗത കൈവരിക്കാന്‍ കഴിയാതെപോയത്‌. മോഹന്‍ലാല്‍ എന്ന നടന്‍ ഈ കഥാപാത്രത്തിണ്റ്റെ എല്ലാ ഭാവങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മോഹന്‍ലാലിനെ നടണ്റ്റെ വീണ്ടും കണ്ടെത്തുകയാണ്‌ സംവിധായകന്‍  ഈ ചിത്രത്തിലൂടെ. മോഹന്‍ലാല്‍ അഭിനയസാധ്യതയില്ലാത്ത തട്ടിക്കൂട്ട്‌ ചിത്രങ്ങളില്‍ നിന്നും മാറി മലയാളസിനിമ ഇപ്പോള്‍ സഞ്ചരിക്കുന്ന തരത്തിലേക്ക്‌ വന്നു എന്നുള്ള ശുഭസൂചനയാണ്‌ ഈ ചിത്രം കാണിച്ചുതരുന്നത്‌. ഹീറോയിസം നിറയുന്ന സംഭാഷണങ്ങള്‍ കുറച്ച്‌ (രണ്ട്‌ സന്ദര്‍ഭങ്ങളില്‍ മാത്രം) ചടുലമായ ആക്ഷന്‍ രംഗങ്ങളൊന്നുമില്ലാതെ, ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കാന്‍ തിരക്കഥാക്റ്‍ത്തും സംവിധായകനുമായ ബി.ഉണ്ണിക്റ്‍ഷ്ണന്‍ ശ്രമിച്ചിട്ടുണ്ട്‌.

 ചന്ദ്രശേഖര്‍ എന്ന കഥാപാത്രം നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ സഹായികളായി വേഷമിടുന്ന ജഗതിയും, നരേയ്നും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സ്ഥിരം കാണാറുള്ള ബോഡിഗാര്‍ഡ്‌ വേഷങ്ങളില്‍ നിന്നും മാറി ബാബു ആണ്റ്റണി ചെയ്ത കഥാപാത്രം വ്യത്യസ്തമായി തോന്നി. പ്രാധാന്യമുള്ള ഒരു വേഷത്തില്‍ അനൂപ്‌ മേനോനും അഭിനയിച്ചിരിക്കുന്നു. റിയാസ്‌ ഖാന്‍, ദേവന്‍, സിദ്ധിക്ക്‌ എന്നിവരുടെ കഥാപാത്രങ്ങള്‍ ചിത്രത്തിണ്റ്റെ കഥാഗതിക്ക്‌ കാര്യമായ സംഭാവനകള്‍ നല്‍കുന്നുന്നുണ്ട്‌. കഥാപാത്രങ്ങളുടെ നിര്‍മ്മിതിയില്‍ വീണ്ടും ഇവിടെ സ്റ്‍തീകഥാപാത്രങ്ങള്‍ക്ക്‌ പ്രാധാന്യം നഷ്ടപ്പെട്ടു.} മോഹന്‍ലാലിണ്റ്റെ നായികയായി വരുന്ന പ്രിയാമണിയുടെ ദീപ്തി എന്ന വക്കീല്‍ വേഷം ചില നിര്‍ണ്ണായാസമയങ്ങളിലും, ഒരു ഗാനരംഗത്തും മാത്രം മുഖം കാണിക്കാന്‍ വേണ്ടിയാവുന്നു, റോമ അവതരിപ്പിച്ച പോപ്‌ ഗായികയും,നരെയ്ണ്റ്റെ കാമുകിയായി വരുന്ന മിത്ര കുര്യനും കുറച്ച്‌ നേരത്തേക്ക്‌ മാത്രം പ്രത്യക്ഷപ്പെട്ടു. എങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു വ്യക്തത ഉണ്ടായിരുന്നു. പല കഥാപാത്രങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കഥാപാത്രരൂപീകരണത്തില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പലയിടത്തും ഇക്കാര്യത്തിലെ അശ്രദ്ധക്കുറവ്‌ എടുത്ത്‌ കാണിക്കുന്നുണ്ട്‌. 

ഗാനരംഗങ്ങളെ ഫലപ്രദമായി ഉപയോഗിച്ചു. ഇത്തരം ചിത്രങ്ങളില്‍ ഗാനങ്ങള്‍ പൊതുവെ കാണാറില്ല. പക്ഷെ ഗ്രാണ്റ്റ്മാസ്റ്ററില്‍ കേസന്വേഷണത്തിലെ മുഖ്യതെളിവായി ഒരു ഗാനത്തെ മാറ്റിയെടുത്തിരിക്കുന്നു ഇവിടെ. ദീപക്‌ ദേവ്‌ സംഗീതം പകര്‍ന്ന 'ആരാണു നീ' എന്ന ഗാനമാണ്‌ ചിത്രത്തിണ്റ്റെ സുപ്രധാനഭാഗമായി വരുന്നത്‌. സുചിത്ര പാടിയ ഈ ഗാനം തരക്കേടില്ല എന്നു പറയാം. പക്ഷേ, ചന്ദ്രശേഖറിണ്റ്റെ പൂര്‍വവിവാഹജീവിതം കാണിക്കുന്ന 'അകലെയോ നീ' എന്ന ഗാനം മനോഹരമായിരിക്കുന്നു. ചിറ്റൂറ്‍ ഗോപിയുടെ അര്‍ത്ഥവത്തായ വരികള്‍ക്ക്‌ വിജയ്‌ യേശുദാസ്‌ ശബ്ദം നല്‍കി.'ദൂരെ എങ്ങോ നീ'എന്നു തുടങ്ങുന്ന മറ്റൊരു ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പശ്ചാത്തലസംഗീതം മികവുപുലര്‍ത്തി. ബാബു ആണ്റ്റണിയുടെ കഥാപാത്രത്തെ അവതരിപിക്കുന്ന സംഗീതം ആ കഥാപാത്രത്തിണ്റ്റെ സ്വഭാവം വെളിപ്പെടുത്തുന്ന തരത്തിലാണ്‌. വിനോദ്‌ എള്ളാമ്പള്ളിയുടെ ചായാഗ്രഹണം സംവിധായകനോട്‌ നീതി പുലര്‍ത്തി. മനോജിണ്റ്റെ എഡിറ്റിംഗ്‌ ചില രംഗങ്ങളുടെ തുടര്‍ച്ച നശിപ്പിച്ചു. ഇടയ്ക്കെപ്പോഴോ ചില രംഗങ്ങള്‍ ഏച്ചുകൂട്ടിയ തരത്തില്‍ അനുഭവപ്പെട്ടു. ക്ളൈമാക്സ്‌ രംഗങ്ങളില്‍ പക്ഷേ ഈ പാകപ്പിഴകള്‍ മനോജ്‌ വരുത്തിയില്ല. കലാസംവിധാനത്തിലും ഇത്തരം പാകപ്പിഴകള്‍ കാണാം. ഇങ്ങനെ ചെറിയ പാളിച്ചകള്‍ വന്നതൊഴിച്ചാല്‍ ഒരു സാമാന്യനിലവാരം പുലര്‍ത്തുന്ന ചിത്രമായി ഇതിനെ വിലയിരുത്താം.

130 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രം യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ബാനറില്‍ റോണീ സ്ക്രൂവാലയും, സിദ്ധാര്‍ത്ഥ്‌ റോയ്‌ കപൂറും ചേര്‍ന്നാണ്‌ ആറ്‌ കോടി മുതല്‍മുടക്കി നിര്‍മ്മിച്ചിരിക്കുന്നത്‌. മാക്സ്‌ലാബ്‌ എണ്റ്റര്‍ടെയ്ന്‍മെറ്റ്സും, യു.ടി.വി മോഷന്‍ പിക്ചേര്‍സും ചേര്‍ന്ന്‌ വിതരണത്തിനെത്തിച്ച ഗ്രാന്‍റ്മാസ്റ്റര്‍ മെയ്‌ മൂന്നി്ന്‌ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്തു.സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മുമ്പോട്ട്‌ പോകുന്ന ചിത്രം മികച്ച വിജയം നേടുമെന്ന്‌ തന്നെയാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

 മലയാളസിനിമ മാറുകയാണ്‌.ഒപ്പം സൂപ്പര്‍സ്റ്റാറുകളും മാറണം എന്ന മുറവിളികള്‍ക്കെതിരെയുള്ള മോഹന്‍ലാലിണ്റ്റെ മികച്ച പ്രതികരണമാണ്‌ ഗ്രാന്‍റ്മാസ്റ്റര്‍. ഇനി വരാന്‍ പോകുന്ന രഞ്ജിത്തിണ്റ്റെ സ്പിരിറ്റും, റണ്‍ ബേബി റണ്ണും ഈ മാറ്റത്തിണ്റ്റെ ഭാഗമാണെന്ന്‌ വിശ്വസിക്കാം.

റേറ്റിംഗ്‌ : 7/10