Pages

Monday, May 7, 2012

ഗ്രാന്‍റ്മാസ്റ്റര്‍ (Grandmaster)


മാടമ്പിക്ക്‌ ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌  ഗ്രാന്‍റ്മാസ്റ്റര്‍ . യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ആദ്യ മലയാളചലചിത്രം കൂടിയാണ്‌ ഇത്‌. ത്രില്ലര്‍ എന്ന പ്റ്‍ഥ്വിരാജ്‌ ചിത്രത്തിന്‌ ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന 'ഗ്രാന്‍റ്മാസ്റ്റര്‍' ഒരു കുറ്റാന്വേഷണത്തിണ്റ്റെ കഥയാണ്‌ പറയുന്നത്‌. ഈ ചിത്രം ഒരു ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താമെങ്കിലും ത്രില്ലര്‍ ജനുസ്സില്‍ പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കണ്ടുവരുന്ന ചടുലത ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല എന്നതൊഴിച്ചാല്‍ പടം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. ഐ. ജി. ചന്ദ്രശേഖര്‍ എന്ന പോലീസ്‌ ഓഫീസറുടെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന തിരക്കഥ ഒരു തുടര്‍കൊലപാതകത്തിണ്റ്റെ അന്വേഷണങ്ങളിലൂടെയും കടന്നുപോകുന്നു. ഐ. ജി. ചന്ദ്രശേഖരനായി സൂപ്പര്‍സ്റ്റാറിണ്റ്റെ മാനറിസങ്ങളൊന്നുമില്ലാതെ അഭിനയിച്ച്‌ മോഹന്‍ലാല്‍ കയ്യടി നേടി. ഏറെകാലത്തിനുശേഷം മോഹന്‍ലാല്‍ ചെയ്ത മികച്ച വേഷമായി ഈ കഥാപാത്രത്തെ വിലയിരുത്താം. മലയാളസിനിമയിലെ മാറ്റത്തിണ്റ്റെ കാഹളങ്ങള്‍ക്കിടയില്‍ വ്യക്തമായ തിരിച്ചുവരവ്‌ നടത്തിയിരിക്കുകയാണ്‌ മോഹന്‍ലാല്‍ ഗ്രാന്‍റ്മാസ്റ്ററിലൂടെ.

 കൊച്ചിയിലെ കുറ്റക്റ്‍ത്യങ്ങളുടെ ഉത്ഭവം കണ്ടുപിടിച്ച്‌ അത്‌ തടയാന്‍ തുടങ്ങിയ 'മെട്രോ ക്രൈം സ്റ്റോപ്പേജ്‌ സെല്ലി'ണ്റ്റെ തലവനാണ്‌ ഐ. ജി. ചന്ദ്രശേഖര്‍. ചെസ്സ്‌ കളിയില്‍ തല്‍പരനായ, മുന്‍പ്‌ നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുള്ള ചന്ദ്രശേഖര്‍ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്ത്രശാലിയായ കുറ്റാന്വേഷനകനായിരുന്നുവെന്നും, ചില ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ കുറ്റവാളികളെ കീഴ്പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ചിത്രത്തിണ്റ്റെ തുടക്കത്തില്‍ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരാലും, സഹപ്രവര്‍ത്തകനായ റഷീദി(ജഗതി)നാലും സമര്‍ത്ഥിക്കപ്പെടുന്നുണ്ട്‌. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഭാര്യ ദീപ്തി ചന്ദ്രശേഖര്‍(പ്രിയാമണി) വിവാഹജീവിതം മതിയാക്കി പിരിഞ്ഞുപോയതിണ്റ്റെ വിഷമത്തില്‍ കേസന്വേഷണങ്ങളോട്‌ ഇയാള്‍ ഇപ്പോള്‍ അലസത കാണിക്കുന്നു. അതിനാല്‍ തന്നെ എം.സി. എസ്‌. സി യുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടാവുന്നില്ല. ഇതിനിടയില്‍ സിറ്റിയില്‍ തുടര്‍ച്ചയായ മൂന്ന്‌ കിഡ്നാപ്പിംഗ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. മൂന്ന്‌ സുഹ്റ്‍ത്തുക്കളായ പെണ്‍കുട്ടികളെയാണ്‌ മൂന്ന്‌ ദിവസങ്ങളിലായി തട്ടികൊണ്ടുപ്പോവുന്നത്‌. ഇതില്‍ മൂന്നാമത്തെ കുറ്റക്റ്‍ത്യത്തിണ്റ്റെ ദ്റ്‍ക്സാക്ഷികള്‍ ചന്ദ്രശേഖറിനെ കണ്ട്‌ കാര്യങ്ങള്‍ തുറന്നുപറയുന്നു. തട്ടികൊണ്ട്‌ പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡൈവോഴ്സ്‌ ചെയ്തതാണെന്ന വസ്തുത ചന്ദ്രശേഖറിനെ ഈ കേസ്‌ അന്വേഷിക്കാന്‍ താല്‍പര്യം ഉളവാക്കുന്നു. തുടര്‍ന്ന്‌ കുറ്റവാളിയുടെ സങ്കേതം കണ്ടുപിടിക്കുകയും ഒറ്റയാള്‍ പോരാട്ടത്തിലൂടെ കുറ്റവാളിയായ ജെറോമിനെ(റിയാസ്‌ ഖാന്‍) കീഴ്പ്പെടുത്തുന്നു. ചന്ദ്രശേഖര്‍ തിരിച്ചുവന്നു എന്ന സഹപ്രവര്‍ത്തകരുടെ വിശ്വാസങ്ങള്‍ക്ക്‌ എതിരായി ഇയാള്‍ വീണ്ടും അലസതയിലേക്ക്‌ നീങ്ങുന്നു.ഇങ്ങനെയിരിക്കെയാണ്‌ ചന്ദ്രശേഖറിണ്റ്റെ അഡ്രസ്സില്‍ ഒരു കത്ത്‌ എം.സി.എസ്‌.സിയില്‍ എത്തുന്നത്‌. ഒരു ചെസ്സ്‌ കളിയില്‍ കരു നീക്കുന്ന ലാഘവത്തോടെ ഈ കത്ത്‌ വായിക്കുന്നത്‌. പിന്നീട്‌ അതിക്രൂരനായ ഒരു കുറ്റവാളി തനിക്കായി ഒരുക്കിയ ഒരു ഗെയിം ആയിരുന്നു ഈ കത്തെന്ന സത്യം ചന്ദ്രശേഖര്‍ മനസ്സിലാക്കുന്നു. കത്തിലെ സൂചനകള്‍ പിന്നീട്‌ നടക്കുന്ന കൊലപാതകത്തിലേക്ക്‌ ചന്ദ്രശേഖറിനെ നയിക്കുന്നു. ഗ്രാണ്റ്റ്മാസ്റ്ററിണ്റ്റെ കരുനീക്കങ്ങള്‍ ഇവിടെ തുടങ്ങുന്നു. അജ്ഞാതനായ കുറ്റവാളിയെ തേടിയുള്ള ഉദ്വേഗജനകമായ നിമിഷങ്ങള്‍ സമ്മാനിച്ച്‌ ചിത്രം പ്രേക്ഷകരെ ആകാംഷഭരിതരാക്കുന്നു. 

തുടര്‍കൊലപാതകങ്ങളും അവയില്‍ കൊലയാളി അവശേഷിപ്പിക്കുന്ന തെളിവുകളും വ്യത്യസ്തത പുലര്‍ത്തി. ചന്ദ്രശേഖറും കൊലയാളിയും ഇവര്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്ന ഗെയിമും സംവിധായകണ്റ്റെ കയ്യില്‍ നിന്നും ഇടയ്ക്ക്‌ വഴുതിപ്പോയി എന്നുതോന്നിച്ചെങ്കിലും മലയാളസിനിമയില്‍ സുപരിചിതമല്ലാത്തതായിമാറി. ചന്ദ്രശേഖറിണ്റ്റെ പോലീസ്‌ ജീവിതത്തെ മാത്രമല്ല ചിത്രം കേന്ദ്രീകരിക്കുന്നത്‌. മറിച്ച്‌ തന്നെ ഇയാളുടെ കുടുംബജീവിതവും തിരക്കഥാക്റ്‍ത്ത്‌ മോശമല്ലാത്ത രീതിയില്‍ പറഞ്ഞുതരുന്നുണ്ട്‌.ഈ രണ്ട്‌ കാര്യങ്ങളും ഒരേ അനുപാതത്തില്‍ വേണം എന്നുള്ള കാരണം കൊണ്ടാവാം ചിത്രത്തിന്‌ ചിലയിടങ്ങളില്‍ വേഗത കൈവരിക്കാന്‍ കഴിയാതെപോയത്‌. മോഹന്‍ലാല്‍ എന്ന നടന്‍ ഈ കഥാപാത്രത്തിണ്റ്റെ എല്ലാ ഭാവങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മോഹന്‍ലാലിനെ നടണ്റ്റെ വീണ്ടും കണ്ടെത്തുകയാണ്‌ സംവിധായകന്‍  ഈ ചിത്രത്തിലൂടെ. മോഹന്‍ലാല്‍ അഭിനയസാധ്യതയില്ലാത്ത തട്ടിക്കൂട്ട്‌ ചിത്രങ്ങളില്‍ നിന്നും മാറി മലയാളസിനിമ ഇപ്പോള്‍ സഞ്ചരിക്കുന്ന തരത്തിലേക്ക്‌ വന്നു എന്നുള്ള ശുഭസൂചനയാണ്‌ ഈ ചിത്രം കാണിച്ചുതരുന്നത്‌. ഹീറോയിസം നിറയുന്ന സംഭാഷണങ്ങള്‍ കുറച്ച്‌ (രണ്ട്‌ സന്ദര്‍ഭങ്ങളില്‍ മാത്രം) ചടുലമായ ആക്ഷന്‍ രംഗങ്ങളൊന്നുമില്ലാതെ, ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കാന്‍ തിരക്കഥാക്റ്‍ത്തും സംവിധായകനുമായ ബി.ഉണ്ണിക്റ്‍ഷ്ണന്‍ ശ്രമിച്ചിട്ടുണ്ട്‌.

 ചന്ദ്രശേഖര്‍ എന്ന കഥാപാത്രം നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ സഹായികളായി വേഷമിടുന്ന ജഗതിയും, നരേയ്നും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സ്ഥിരം കാണാറുള്ള ബോഡിഗാര്‍ഡ്‌ വേഷങ്ങളില്‍ നിന്നും മാറി ബാബു ആണ്റ്റണി ചെയ്ത കഥാപാത്രം വ്യത്യസ്തമായി തോന്നി. പ്രാധാന്യമുള്ള ഒരു വേഷത്തില്‍ അനൂപ്‌ മേനോനും അഭിനയിച്ചിരിക്കുന്നു. റിയാസ്‌ ഖാന്‍, ദേവന്‍, സിദ്ധിക്ക്‌ എന്നിവരുടെ കഥാപാത്രങ്ങള്‍ ചിത്രത്തിണ്റ്റെ കഥാഗതിക്ക്‌ കാര്യമായ സംഭാവനകള്‍ നല്‍കുന്നുന്നുണ്ട്‌. കഥാപാത്രങ്ങളുടെ നിര്‍മ്മിതിയില്‍ വീണ്ടും ഇവിടെ സ്റ്‍തീകഥാപാത്രങ്ങള്‍ക്ക്‌ പ്രാധാന്യം നഷ്ടപ്പെട്ടു.} മോഹന്‍ലാലിണ്റ്റെ നായികയായി വരുന്ന പ്രിയാമണിയുടെ ദീപ്തി എന്ന വക്കീല്‍ വേഷം ചില നിര്‍ണ്ണായാസമയങ്ങളിലും, ഒരു ഗാനരംഗത്തും മാത്രം മുഖം കാണിക്കാന്‍ വേണ്ടിയാവുന്നു, റോമ അവതരിപ്പിച്ച പോപ്‌ ഗായികയും,നരെയ്ണ്റ്റെ കാമുകിയായി വരുന്ന മിത്ര കുര്യനും കുറച്ച്‌ നേരത്തേക്ക്‌ മാത്രം പ്രത്യക്ഷപ്പെട്ടു. എങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു വ്യക്തത ഉണ്ടായിരുന്നു. പല കഥാപാത്രങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കഥാപാത്രരൂപീകരണത്തില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പലയിടത്തും ഇക്കാര്യത്തിലെ അശ്രദ്ധക്കുറവ്‌ എടുത്ത്‌ കാണിക്കുന്നുണ്ട്‌. 

ഗാനരംഗങ്ങളെ ഫലപ്രദമായി ഉപയോഗിച്ചു. ഇത്തരം ചിത്രങ്ങളില്‍ ഗാനങ്ങള്‍ പൊതുവെ കാണാറില്ല. പക്ഷെ ഗ്രാണ്റ്റ്മാസ്റ്ററില്‍ കേസന്വേഷണത്തിലെ മുഖ്യതെളിവായി ഒരു ഗാനത്തെ മാറ്റിയെടുത്തിരിക്കുന്നു ഇവിടെ. ദീപക്‌ ദേവ്‌ സംഗീതം പകര്‍ന്ന 'ആരാണു നീ' എന്ന ഗാനമാണ്‌ ചിത്രത്തിണ്റ്റെ സുപ്രധാനഭാഗമായി വരുന്നത്‌. സുചിത്ര പാടിയ ഈ ഗാനം തരക്കേടില്ല എന്നു പറയാം. പക്ഷേ, ചന്ദ്രശേഖറിണ്റ്റെ പൂര്‍വവിവാഹജീവിതം കാണിക്കുന്ന 'അകലെയോ നീ' എന്ന ഗാനം മനോഹരമായിരിക്കുന്നു. ചിറ്റൂറ്‍ ഗോപിയുടെ അര്‍ത്ഥവത്തായ വരികള്‍ക്ക്‌ വിജയ്‌ യേശുദാസ്‌ ശബ്ദം നല്‍കി.'ദൂരെ എങ്ങോ നീ'എന്നു തുടങ്ങുന്ന മറ്റൊരു ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പശ്ചാത്തലസംഗീതം മികവുപുലര്‍ത്തി. ബാബു ആണ്റ്റണിയുടെ കഥാപാത്രത്തെ അവതരിപിക്കുന്ന സംഗീതം ആ കഥാപാത്രത്തിണ്റ്റെ സ്വഭാവം വെളിപ്പെടുത്തുന്ന തരത്തിലാണ്‌. വിനോദ്‌ എള്ളാമ്പള്ളിയുടെ ചായാഗ്രഹണം സംവിധായകനോട്‌ നീതി പുലര്‍ത്തി. മനോജിണ്റ്റെ എഡിറ്റിംഗ്‌ ചില രംഗങ്ങളുടെ തുടര്‍ച്ച നശിപ്പിച്ചു. ഇടയ്ക്കെപ്പോഴോ ചില രംഗങ്ങള്‍ ഏച്ചുകൂട്ടിയ തരത്തില്‍ അനുഭവപ്പെട്ടു. ക്ളൈമാക്സ്‌ രംഗങ്ങളില്‍ പക്ഷേ ഈ പാകപ്പിഴകള്‍ മനോജ്‌ വരുത്തിയില്ല. കലാസംവിധാനത്തിലും ഇത്തരം പാകപ്പിഴകള്‍ കാണാം. ഇങ്ങനെ ചെറിയ പാളിച്ചകള്‍ വന്നതൊഴിച്ചാല്‍ ഒരു സാമാന്യനിലവാരം പുലര്‍ത്തുന്ന ചിത്രമായി ഇതിനെ വിലയിരുത്താം.

130 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രം യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ബാനറില്‍ റോണീ സ്ക്രൂവാലയും, സിദ്ധാര്‍ത്ഥ്‌ റോയ്‌ കപൂറും ചേര്‍ന്നാണ്‌ ആറ്‌ കോടി മുതല്‍മുടക്കി നിര്‍മ്മിച്ചിരിക്കുന്നത്‌. മാക്സ്‌ലാബ്‌ എണ്റ്റര്‍ടെയ്ന്‍മെറ്റ്സും, യു.ടി.വി മോഷന്‍ പിക്ചേര്‍സും ചേര്‍ന്ന്‌ വിതരണത്തിനെത്തിച്ച ഗ്രാന്‍റ്മാസ്റ്റര്‍ മെയ്‌ മൂന്നി്ന്‌ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്തു.സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മുമ്പോട്ട്‌ പോകുന്ന ചിത്രം മികച്ച വിജയം നേടുമെന്ന്‌ തന്നെയാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

 മലയാളസിനിമ മാറുകയാണ്‌.ഒപ്പം സൂപ്പര്‍സ്റ്റാറുകളും മാറണം എന്ന മുറവിളികള്‍ക്കെതിരെയുള്ള മോഹന്‍ലാലിണ്റ്റെ മികച്ച പ്രതികരണമാണ്‌ ഗ്രാന്‍റ്മാസ്റ്റര്‍. ഇനി വരാന്‍ പോകുന്ന രഞ്ജിത്തിണ്റ്റെ സ്പിരിറ്റും, റണ്‍ ബേബി റണ്ണും ഈ മാറ്റത്തിണ്റ്റെ ഭാഗമാണെന്ന്‌ വിശ്വസിക്കാം.

റേറ്റിംഗ്‌ : 7/10