സൂഫിയും സുജാതയും റിവ്യൂ

മലയാള സിനിമയിലെ ആദ്യത്തെ OTT റിലീസ് വഴി ചരിത്രം കുറിച്ചിരിക്കുകയാണ് 'സൂഫിയും സുജാതയും'. ആമസോൺ പ്രൈമിൽ ഇന്ന് ചിത്രം റിലീസ് ആയി. ഇന്നലെ രാത്രി തന്നെ പ്രൈം വീഡിയോ സിനിമ അപ്‌ലോഡ് ചെയ്തിരുന്നു. ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യരുതെന്ന എതിർപ്പിനെ വകവെച്ചാണ് വിജയ് ബാബുവിന്റെ ഉറച്ച നിലപാടിൽ സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആവുന്നത്. കരി എന്ന ചിത്രത്തിന് ശേഷം നാരാണിപ്പുഴ ശ്രീകുമാർ സംവിധാനം ചെയ്ത്, ദേവ് മോഹൻ, അദിതി റാവു, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'സൂഫിയും സുജാതയും'. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്ത മതക്കാരായ സൂഫിയും സുജാതയും തമ്മിലുള്ള പ്രണയം തന്നെയാണ് ചിത്രത്തിന് വിഷയം. ഇവരുടെ പ്രണയം സൂഫി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. പറഞ്ഞു പഴകിയ ഒരു പ്രമേയം മികച്ച ഛായാഗ്രഹണത്തിലൂടെയും സംഗീതത്തിലൂടെയും അവതരിപ്പിച്ചു എന്നല്ലാതെ പുതുമയൊന്നും ചിത്രം സമ്മാനിക്കുന്നില്ല. ട്രെയ്ലറിലും പാട്ടുകളിലും കണ്ട് ഊഹിച്ച കഥ തന്നെ പ്രേക്ഷകന് സമ്മാനിക്കുമ്പോൾ അല്പം ആശ്വാസമാവുന്നത് ചിത്രത്തിന്റെ അവസാനത്തേക്കടുക്കുമ്പോൾ ഉള്ള ചില രംഗങ്ങളാണ്.

ഒരു തൂവലിന്റെ പതിയെയുള്ള യാത്രയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അധികമാരും കടന്ന് ചെല്ലാത്ത പള്ളിയിലേക്ക് സൂഫി (ദേവ് മോഹൻ) പുലർച്ചെ വന്നു ചേരുന്നിടത്താണ് കഥ തുടങ്ങുന്നത്. വർഷങ്ങൾക്ക് മുൻപ് മരിച്ച അബൂബ്‌ ഉസ്താദിന്റെ ശിഷ്യൻ ആണെന്ന് സ്വയം പരിചയപെടുത്തുണ്ട്. പള്ളിയിൽ നടക്കുന്ന പ്രാർത്ഥനയ്ക്കിടെ സൂഫി മരണപ്പെടുന്നു. ഇത് ദുബായിൽ ഉള്ള സുജാത ( അതിഥി റാവു ) യുടെ ഭർത്താവായ രാജീവിനെ (ജയസൂര്യ) അറിയിക്കുന്നു. തുടർന്ന് ഇവർ രണ്ടുപേരും സൂഫിയെ അവസാനമായി കാണാൻ നാട്ടിലേക്ക് യാത്ര തിരിക്കുന്നു. ഇതിനിടയിൽ കബറടക്കാൻ നിയോഗിക്കപ്പെട്ട കുമാരൻ (മണികണ്ഠൻ പട്ടാമ്പി) സൂഫിയുടെയും സുജാതയുടെയും കഥ പറയുന്നു. ഇവരുടെ പ്രണയവും, അതേത്തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളുമായി ചിത്രം മുന്നോട്ട് പോവുന്നു. രണ്ടാം പകുതിയിൽ ജയസൂര്യ ചെയ്ത കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് കഥ വലിയ സങ്കീർണതകളില്ലാതെ പറയുന്നുണ്ട്. ചെറിയൊരു കല്ലുകടിയോടെ ചിത്രം അവസാനിക്കുന്നു.

പ്രകടനങ്ങളിൽ മികച്ചു നിന്നത് അദിതി റാവു തന്നെയാണ്. തുടക്കം മുതൽ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന സുജാത എന്ന കേന്ദ്രകഥാപാത്രത്തിന്റെ ഭംഗി പൂർണ്ണമായും ഒപ്പിയെടുത്തിട്ടുണ്ട്. ഊമയായ കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചെങ്കിലും, ചിലയിടങ്ങളിൽ സ്വല്പം അമിതാഭിനയത്തിലേക്ക് കടന്നോ എന്ന് തോന്നി. കഥാപാത്രത്തിന്റെ പ്രായത്തിനു യോജിക്കാത്തപോലെയും, ധാവണിയിൽ കുറച്ചു പ്രായം കൂടിയും തോന്നിച്ചു. സൂഫിയായി വന്ന ദേവ് മോഹൻ നല്ല പ്രകടനം കാഴ്ചവെച്ചു. രണ്ടാം പകുതിയിൽ നിറഞ്ഞു നിന്ന ജയസൂര്യക്ക് പക്ഷെ കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. കണ്ടു മറന്ന ഒരു കഥാപാത്രമായി തോന്നി. മണികണ്ഠൻ പട്ടാമ്പിക്ക് ലഭിച്ച മികച്ച ഒരു വേഷമാണ് ഈ ചിത്രത്തിലേത്.

മലയാള സിനിമയിൽ ഒരുപാട് പറഞ്ഞ ഒരു കഥയാണ് രണ്ടു മതക്കാർ തമ്മിലുള്ള പ്രണയം. ഇത്തരം ഒരു വിഷയം വീണ്ടും സിനിമയാക്കുമ്പോൾ അതിൽ എന്തെങ്കിലും വ്യത്യസ്ഥത പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടാവും. എന്നാൽ നാരാണിപ്പുഴ ശ്രീകുമാർ, പല തലത്തിൽ സഞ്ചരിക്കാവുന്ന ഈ ഒരു പ്രമേയത്തെ വെറും ഒരു പ്രണയകഥ മാത്രമാക്കി ഒതുക്കിയിരിക്കുകയാണ് ചിത്രത്തിലൂടെ. അതിനാൽ തന്നെ തന്റെ രചനയെ ഒരു സിനിമ ആക്കി മാറ്റാൻ വലിയ സംവിധാനമികവൊന്നും വേണ്ടി വന്നില്ല എന്ന് പറയാം. എങ്കിലും ചിത്രത്തെ ശരാശരി മികവിലേക്ക് എത്തിക്കാൻ കുറച്ചെങ്കിലും സഹായിച്ചത് സംഗീതവും ഛായാഗ്രഹണവുമാണ്.

സൂഫി സംഗീതവും, വാങ്ക് വിളിയും നിറഞ്ഞു നിൽക്കുന്ന പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രനും, സുധീപ് പലനാടും ചേർന്നാണ്. മലയാള സിനിമയിലെ നിറസാന്നിധ്യമായ എം. ജയചന്ദ്രൻ സംഗീതം നിർവഹിച്ച ഒരുപിടി നല്ല ഗാനങ്ങളുണ്ട് ചിത്രത്തിൽ. നിത്യ പാടിയ വാതിക്കല് വെള്ളരിപ്രാവ്‌ എന്ന ഗാനം മനോഹരമായിരുന്നു. ശ്രേയ ഘോഷാലിന്റെ ശബ്ദമാണെന്ന് ഇടയ്ക്ക് തോന്നിച്ചു. ഇതിലെ ഹിന്ദി വരികൾ എഴുതിയത് ഷാഫി കൊല്ലം എന്ന് കൂടെ കണ്ടപ്പോൾ പണ്ടത്തെ മാപ്പിളപ്പാട്ടുകൾ ഓർമവന്നു. ഷാഫി കൊല്ലം ഒക്കെ ഇപ്പോഴും സംഗീതരംഗത്തുണ്ടെന്ന് കണ്ടപ്പോൾ സന്തോഷം തോന്നി. ബി കെ ഹരിനാരായണനാണ് മലയാളം വരികൾ എഴുതിയത്. സുധീപ് പലനാട് സംഗീതം നിർവഹിച്ച അൽഹംദുലില്ല എന്ന ഗാനവും ചിത്രത്തിന്റെ പശ്ചാത്തലത്തിനോട് നന്നായി യോജിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് വരുന്ന ഒരു ഹിന്ദി ഗാനം ചിത്രത്തിൽ വേണ്ടായിരുന്നു എന്ന് തോന്നി. ചിത്രത്തിന്റെ അതുവരെയുള്ള ഫീലിനെ തന്നെ ബാധിച്ചു.

ആണ് മൂത്തേടത്തിന്റെ ഛായാഗ്രഹണം മികച്ചുനിന്നു. പാലക്കാടുള്ള ഒരു കൊച്ചുഗ്രാമത്തെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഗാനരംഗങ്ങൾ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ ശ്രദ്ധ നേടാൻ ഛായാഗ്രഹണം വലിയ പങ്ക് വഹിച്ചു. ദീപു ജോസഫിന്റെ എഡിറ്റിംഗ് തുടക്കത്തിൽ നന്നായിരുന്നെങ്കിലും, രണ്ട് കാലഘട്ടങ്ങളിൽ കാണിക്കുന്ന രംഗങ്ങളെ കൂട്ടിച്ചേർക്കുമ്പോൾ കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. കളറിങ്ങും നന്നായിരുന്നു. ഒരു ഫ്രഷ്‌നെസ്സ് ചിത്രത്തിലുടനീളം കൊണ്ടുവരുന്നതിൽ കളറിംഗ് സ്വാധീനിച്ചിട്ടുണ്ട്.

മലയാളത്തിലെ ആദ്യത്തെ OTT റിലീസ് എന്ന നിലയ്ക്ക് ഒരു ചരിത്രമുഹൂർത്തം സാക്ഷ്യം വഹിക്കാനെങ്കിലും ഒരു വട്ടം കാണാൻ പറ്റുന്ന ചിത്രമാണ് സൂഫിയും സുജാതയും. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ചിത്രത്തെ ഒരുവട്ടമെങ്കിലും കാണാൻ പ്രാപ്തമാക്കുന്നുമുണ്ട്. പ്രൈം വീഡിയോ വഴി ചിത്രം കാണാവുന്നതാണ്. ലിങ്ക് താഴെ നൽകുന്നു.

https://www.primevideo.com/deta…/0N90B6R6AQ8CIFIFYJWV637UEJ/

Comments

Popular posts from this blog

നീലവെളിച്ചം (2023)

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌ ഇന്‍ 2012