Pages

Sunday, January 12, 2014

വീരം


       തമിഴകം ഇപ്പോൾ പൊങ്കൽ റിലീസുകൾ ആഘോഷിക്കുകയാണ്. ഏറെ കാലത്തിനു ശേഷം വിജയ്- അജിത്ത് പോരാട്ടമാണ് ഇത്തവണത്തെ സവിശേഷത. ഇളയദളപതിക്കൊപ്പം ലാലേട്ടൻ ഒത്തുചേർന്നപ്പോൾ, ഒറ്റയ്ക്കാണ് തലയുടെ വരവ്. ‘വീരം’ നാല് അനിയന്മാരുടെയും, അവർക്ക് വേണ്ടി ജീവിക്കുന്ന ഏട്ടന്റെയും കഥയാണ്. ‘തല’ അജിത്ത് ഫാൻസിനു വേണ്ടി ഒരുക്കിയ വീരം ഒരു മാസ്സ് എന്റർട്രെയിനർ എന്നതിലുപരി മറ്റൊന്നും തന്നെ പ്രേക്ഷകനു സമ്മാനിക്കുന്നില്ല. സ്ഥിരം തമിഴ് പടങ്ങളിൽ കാണുന്ന എല്ലാം തന്നെ ഇവിടെയും കാണാം. അജിത്തിന്റെ സ്ക്രീൻ പ്രസൻസും, ഡയലോഗുകളിൽ പ്രകടമാകുന്ന ശബ്ദഗാംഭീര്യവും മാത്രമാണ് കുറച്ചെങ്കിലും ചിത്രത്തെ വേറിട്ട് നിർത്തുന്നത്.

നാട്ടിലെ പ്രമുഖരാണ് വിനായകനും അനിയന്മാരും. നാട്ടിലെ എല്ലാ പ്രശ്നങ്ങളും ഗുണ്ടായിസ്സം കൊണ്ട് ഒതുക്കുന്നവർ. അവിടുത്തെ കളക്ടർ വിനായകന്റെ കളിക്കൂട്ടുകാരനാണ്. അതുകൊണ്ട് നിയമപരമായ തടസ്സങ്ങൾ ഒന്നും ഇല്ല. പോലീസ് കേസുകൾ ഒതുക്കാൻ സ്വന്തമായി വക്കീലും. ഇങ്ങനെ കൊണ്ടും കൊടുത്തും ജീവിക്കുന്ന ഈ അണ്ണൻ-തമ്പികൾ ആടിത്തിമിർക്കുന്ന ഒരു ഗാനത്തോടെ ഇവരുടെ സ്നേഹബന്ധം കാണിച്ചുതരുന്നുണ്ട് ചിത്രത്തിൽ. ജീവിതത്തിൽ കല്യാണം കഴിഞ്ഞാൽ ജീവിതം തീർന്നുവെന്ന് വിശ്വസിക്കുകയും, കല്യാണം കഴിക്കുന്നില്ലെന്ന്  വിനായകൻ വാശിപ്പിടിക്കുകയും ചെയ്യുന്നത് തങ്ങളുടെ പ്രണയബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ തടസ്സമാകുമെന്ന് മനസ്സിലാക്കിയ അനിയന്മാർ, വക്കീലിനെ കൂട്ടുപിടിച്ച് ചേട്ടനെ പെണ്ണുകെട്ടിക്കാൻ ഒരുമ്പെട്ടിറങ്ങുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു. കുടുംബത്തിനായി സർവ്വം ത്യജിച്ച് , ഗ്രൂപ്പായി വരുന്ന ഗുണ്ടകളെ അടിച്ച് തരിപ്പണമാക്കുന്ന തല മാസ്സ് ആണ്‌ ഒടുവിൽ.

  തമ്പികളായി ബാലയും, വിധാർത്ഥും (മൈന ഫെയിം) പ്രകടനം മോശമാക്കിയില്ല. സന്താനത്തിന്റ്റെ കോമഡി ഇടയ്ക്ക് ബോറടിപ്പിച്ചു. തമന്ന അച്ചടക്കമുള്ള അഭിനയം കാഴ്ച്ചവെച്ചു.  എങ്കിലും ഇടക്കാലത്ത് മാറ്റത്തിന്റെ മിന്നലാട്ടങ്ങൾ കാണിച്ച തമിഴ് സിനിമ വീണ്ടും പഴയ സ്ഥിതിയിലേക്ക് വരുന്ന കാഴ്ച്ചയാണ് വീരം കാണിച്ചുതരുന്നത്. ഒരു സൂപ്പർസ്റ്റാർ ചിത്രം കുറച്ച് പഞ്ച് ഡയലോഗുകളും, പാട്ടുകളും, കുറേ വില്ലന്മാരും നിറഞ്ഞതാണെന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നുമാണ് പ്രേക്ഷകരോട് തമിഴ്‌പടങ്ങൾ പറയുന്നത്. കേരളത്തിൽ ഇത്തരം മാസ്സ് ചിത്രങ്ങൾ ഇപ്പോഴും വിറ്റുപോകുന്നുണ്ടെന്ന വസ്തുത തള്ളിക്കളയാൻ പറ്റില്ല.

No comments:

Post a Comment