Pages

Saturday, November 12, 2011

ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍ - സീക്രെട്ട് ഓഫ് ദി യൂനികോണ്‍

ചെറിയ ഒരിടവേളക്ക് ശേഷം ഹോളിവുഡ് മാന്ത്രികന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് തിരിച്ചു വന്നിരിക്കയാണ്‌. സ്പീല്‍ബെഗിന്റെ പുതിയ ചിത്രം 'ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍' നവംബര്‍ 11നു ഇന്ത്യയില്‍ റിലീസ് ചെയ്തു. കേരളത്തിലെ തിയേറ്ററ്‍ സമരത്തിണ്റ്റെ രക്തസാക്ഷികളായി റിലീസ്‌ ചെയ്യാന്‍ പറ്റാതിരുന്ന മരുഭൂമികഥ, വെനീസിലെ വ്യാപാരി തുടങ്ങി നാലോളം ചിത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നവറ്‍ക്ക്‌ ഒരു ഇടക്കാലാശ്വാസമായി ടിന്‍ ടിണ്റ്റെ റിലീസ്‌.
കോമിക് പുസ്തകങ്ങളിലൂടെയും കാര്‍ട്ടൂണ്‍ുകളിലൂടെയും നമുക്ക് സുപരിചിതമായ ടിന്‍ ടിന്‍ന്റെ ലോകം സ്പീല്‍ബെഗിന്റെ ക്യാമറയിലൂടെ പുനര്‍ജനിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ചാനുഭവം ആണ് പ്രേക്ഷകര്‍ക്ക് ലഭിക്കുനത്. യൂറോപ്പ്യന്‍ കാര്‍ട്ടൂണുകളില്‍ വളരെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നാണ്‌ 'ദ അഡ്വഞ്ചേര്‍സ്‌ ഓഫ്‌ ടിന്‍ ടിന്‍'.ചെറുപ്പക്കാരനായ കുറ്റാന്വേഷണറിപ്പോര്‍ട്ടര്‍ ടിന്‍ ടിന്‍ എന്ന കഥാപാത്രത്തേയും, ടിന്‍ ടിനെ ചുറ്റിപറ്റിയുള്ള അതിസാഹസികമായ കഥകളേയും 90-കളുടെ തുടക്കത്തില്‍ വരകളിലൂടെ അവതരിപ്പിച്ചത്‌ ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റ്‌ ജോര്‍ജസ്‌ റെമി ആയിരുന്നു1929 ജനുവരിയുടെ തുടക്കത്തില്‍ ഒരു ബെല്‍ജിയന്‍ പത്രത്തില്‍ 'ഹെര്‍ഗ്‌' എന്ന തൂലികാനാമത്തില്‍ റെമി തുടങ്ങിവച്ച കാര്‍ട്ടൂണ്‍ ആയിരുന്നു പിന്നീട്‌ പ്രസിദ്ധിയാര്‍ജ്ജിച്ചത്‌.ഫ്രഞ്ച്‌ ഭാഷകളില്‍ കഥ പറഞ്ഞ ടിന്‍ ടിനിലെ 'സ്നോവി' എന്ന നായക്കുട്ടി മുതല്‍ പരമ്പരയുടെ ഓരോ ഭാഗങ്ങളിലും കടന്നുവരുന്ന എല്ലാ കഥാപാത്രങ്ങളും ഇന്നും പ്രസിദ്ധമാണ്‌. 24 ഓളം പുസ്തകങ്ങളായി പുറത്തുവന്ന 'ടിന്‍ ടിന്‍' കോമിക്കുകള്‍ പിന്നീട്‌ നാടകങ്ങളായും, ടെലിവിഷന്‍ കാര്‍ട്ടൂണുകളായും, റേഡിയോ ശബ്ദരേഖകളായും, സിനിമകളായും ടിന്‍ ടിണ്റ്റെ ആരാധകര്‍ക്കിടയിലെത്തി. 39 വറ്‍ഷങ്ങള്‍ക്ക്‌ ശേഷം ടിന്‍ ടിന്‍ വീണ്ടൂം വെള്ളിത്തിരയിലേക്ക്‌ പ്രവേശിക്കുകയാണ്‌ ഈ സ്പീല്‍ബര്‍ഗ്‌ ചിത്രത്തിലൂടെ.'ദി സീക്രട്ട്‌ ഓഫ്‌ യൂണികോണ്‍', 'റെഡ്‌ റാഖാംസ്‌ ട്രഷറ്‍', 'ദി ക്രാബ്‌ വിത്ത്‌ ദി ഗോള്‍ഡന്‍ ക്ളോവ്സ്‌' എന്നീ മൂന്ന് ടിന്‍ ടിന്‍ കോമിക്‌ പുസ്തകങ്ങളെ ആസ്പദമാക്കിയാണ്‌ ഈ ചിത്രത്തിണ്റ്റെ തിരക്കഥ പൂറ്‍ത്തിയാക്കിയിരിക്കുന്നത്‌.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടുക്കടലില്‍ മുങ്ങി പോയ യൂനികോണ്‍ എന്ന കപ്പലിന്റെ ഒരു പ്രതിരൂപം ടിന്‍ ടിനു ലഭിക്കുന്നിടത്താണ്‌  സിനിമ തുടങ്ങുന്നത്. ദുരൂഹമായ പല സംഭവ വികാസങ്ങള്‍ ഇതിനെ  ചുറ്റിപറ്റി  ഉണ്ടാവുന്നു. റിപ്പോര്‍ട്ട്‌റായ ടിന്‍ ടിന്‍ അവ അന്വേഷിക്കാന്‍ തുടങ്ങുന്നു. തുടര്‍ന്നുണ്ടാവുന്ന സാഹസികവും അപകടങ്ങള്‍  നിറഞ്ഞതുമായ സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. ടിന്‍ ടിന്‍ ബൂക്കുകളെയും കാര്‍ട്ടൂണ്‍ുകളെയും പോലെ തന്നെ നര്‍മത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയാണ് സിനിമയും മുന്നോട്ടു നീങ്ങുന്നത്. ടിന്‍ ടിന്‍ സീരീസ്‌ കണ്ടു വളര്‍ന്നവര്‍ക്ക് സുപരിചിതരായ 'ക്യാപ്റ്റന്‍ ഹാഡക്ക്' , 'ഡിടെക്ടിവ് തോംസണ്‍ ആന്‍ഡ്‌ തോംപ്സണ്‍' എന്നിവരെല്ലാം സിനിമയിലും പ്രത്യക്ഷപെടുന്നു.
കൂറ്റന്‍ കപ്പലുകളിലും കാര്‍മേഘങ്ങൾക്കിടയിലൂടെ പായുന്ന പ്ലയ്നുകളിലും ചുട്ടുപൊള്ളുന്ന മരുഭുമിയിലുമെല്ലാമായി ടിന്‍ ടിനും സ്നോയിയും നടത്തുന്ന യാത്രകള്‍ 3 ഡിയില്‍ കാണുന്നത് അതുല്യമായ ഒരു അനുഭവം തന്നെയാണ്. ലൈവ് ആക്ഷന്‍ സാങ്കേതികവിദ്യയിലൂടെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ അംഗവിക്ഷേപങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം അനിമേഷനിലൂടെ അവയെ സ്ക്രീനിലെത്തിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ജയ്മി ബെല്‍ ആണ് ടിന്‍ ടിനായി എത്തിയിരിക്കുന്നത്. ആന്റി സര്‍കിസ് , ഡാനിയല്‍ ക്രയ്ഗ് , സൈമണ്‍ പെഗ്ഗ്, നിക്ക് ഫ്രോസ്റ്റ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. എന്നാല്‍ ഈ സിനിമയുടെ യഥാര്‍ത്ഥ താരം സ്പീല്‍ബെര്‍ഗ് തന്നെ. ഇതുവരെ കാണാത്ത ആംഗിളുകളും അമ്പരപ്പിക്കുന്ന എഫ്ഫെക്ടുകളുമായി സ്പീല്‍ബെര്‍ഗ് സ്വയം ആസ്വദിച്ചു ചെയ്തിരിക്കുന്ന ഒരു ചിത്രമാണെന്ന് കാണുന്ന ഏതൊരു പ്രേക്ഷകനും മനസിലാവും. ടിന്‍ ടിനും ഹാഡക്കും മോട്ടോര്‍ ബൈക്കില്‍ നടത്തുന്ന ചേസ് സീനില്‍ പ്രേക്ഷകര്‍ക്ക് തങ്ങളാണോ ബൈക്കില്‍ എന്ന് വരെ  തോന്നി പോവും.  പ്രേക്ഷകരെ കൂടി സിനിമയില്‍ പങ്കാളികളാക്കുന്നതിലാണല്ലോ ഒരു ചിത്രത്തിന്റെ വിജയം. അത്തരത്തില്‍ നോക്കുമ്പോള്‍ തീര്‍ച്ചയായും ഒരു സമ്പൂര്‍ണ വിജയമാണ് ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍. വിമര്‍ശനമായി പറയാവുന്നത് ചിത്രത്തിന്റെ ദൈര്‍ഖ്യകുറവ് മാത്രമാണ്. എന്നാല്‍ ഇനിയും രണ്ടു ടിന്‍ ടിന്‍ ചിത്രങ്ങള്‍ കൂടി ഉണ്ടാവും എന്ന സ്പീല്‍ബെര്‍ഗിന്റെ പ്രഖ്യാപനം പ്രതീക്ഷക്ക് വക നല്‍കുന്നു.
ചുരുക്കി പറയുകയാണെങ്കില്‍ 'ഇന്ത്യാന ജോൺസ്' ശൈലിയിലുള്ള ഒരു തകര്‍പ്പന്‍ ചിത്രമാണ് 
ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍ - സീക്രെട്ട് ഓഫ് ദി യൂനികോണ്‍. 3 ഡി സാങ്കേേതികവിദ്യയില്‍ തന്നെ ചിത്രം ആസ്വദിക്കൂ...


റേറ്റിംഗ്‌  : 8/10

No comments:

Post a Comment