Pages

Sunday, October 9, 2011

എങ്കെയും എപ്പോതും (Engeyum Epothum)


           തമിഴ്‌ സിനിമയിലെ പുത്തന്‍ ഹിറ്റ്‌ ചിത്രം 'എങ്കെയും എപ്പോതും' മലയാളക്കരയിലും റിലീസ്‌ ആയി.ഈ വര്‍ഷം മലയാളസിനിമക്കു ഹിറ്റുകളുടെ ഒരു നിര തന്നെ സൃഷ്ടിച്ചുവെങ്കില്‍ കോളീവുഡ്ഡില്‍ ഹിറ്റുകള്‍ വിരളമായിരുന്നു. ലോറന്‍സിണ്റ്റെ 'കാഞ്ചന' വെങ്കട്‌ പ്രഭു ചിത്രം 'മങ്കത്ത' എന്നിവയ്ക്ക്‌ ശേഷം വെള്ളിത്തിരയില്‍ വിജയത്തിലേക്ക്‌ നീങ്ങുന്ന ചിത്രമാണ്‌ പുതുമുഖസംവിധായകന്‍ എം. ശരവണണ്റ്റെ 'എങ്കെയും എപ്പോതും' .തമിഴകത്ത്‌ ഇരുപത്‌ ദിവസത്തോളം ഹൌസ്ഫുള്‍ ആയി പ്രദര്‍ശിപ്പിച്ചു എന്ന അവകാശവാദവുമായി കേരളത്തില്‍ റിലീസ്‌ ആയ ചിത്രത്തിന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. 
   ദുരന്തകഥകള്‍ കുറച്ച്‌ കാലങ്ങളായി തമിഴ്‌ സിനിമകളുടെ മുഖമുദ്രയാണ്‌. തമിഴ്‌ സിനിമയെ വേറിട്ട വഴികളില്‍ സഞ്ചരിപ്പിച്ചതും ഈ ദുരന്തകഥകളെ വെള്ളിത്തിരയില്‍ എത്തിപ്പിച്ച ചിത്രങ്ങളാണ്‌.വെറും അടിപ്പടങ്ങളും പ്രണയകഥകളും പിന്നെ വര്‍ഷം തോറും ഇറങ്ങുന്ന ശങ്കര്‍, മണിരത്നം ചിത്രങ്ങളും മാത്രം വിജയം കൊയ്തിരുന്ന തമിഴകത്ത്‌ നാട്ടിന്‍പുറങ്ങളിലെ കഥകളിലേക്ക്‌ കടന്നുചെല്ലുകയും, തനി നാടന്‍ തമിഴ്‌ സംസാരിക്കുകയും, അവിടൂത്തെ പ്രണയവും ജീവിതവും ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ച്‌ ദുരന്തങ്ങളാല്‍ പര്യവസാനിക്കുന്ന ഒരുപാട്‌ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി വിജയം കൊയ്യുന്ന പ്രവണത കൂടിവരുന്നുണ്ടായിരുന്നു. പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം, നാടോടികള്‍, വെണ്ണിലാകബടിക്കൂട്ടം, അങ്ങാടിതെരു എന്നീ ചിത്രങ്ങള്‍ ഈ ഗണത്തില്‍ പെട്ടവയാണ്‌. 'എങ്ങേയും എപ്പോതും' ഇതേ പാതയാണ്‌ പിന്തുടരുന്നത്‌. നാടോടികള്‍ നായിക അനന്യയും, സുബ്രഹ്മണ്യപുരത്തിലെ നായകന്‍ ജയ്‌, അങ്ങാടി തെരുവിലെ അഞ്ജലിയും കൂടി ആകുമ്പോള്‍ ചിത്രം ഒരു ദുരന്തകാവ്യം ആവുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു.ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം ചെയ്തിരിക്കുന്നത്‌ ശര്‍വാനന്ദ്‌ ആണ്‌. 
   എ.ആര്‍.മുരുഗദാസും ഫോക്സ്‌ സ്റ്റാര്‍ സ്റ്റുഡിയോസും ഒരുമിച്ച്‌ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിണ്റ്റെ തിരക്കഥ ഒരുക്കിയിരിക്കുനത്‌ സംവിധായകന്‍ എം.ശരവണന്‍ തന്നെയാണ്‌.രണ്ട്‌ ബസ്സുകള്‍ തമ്മില്‍ ദേശീയപാതയില്‍ വച്ച്‌ കൂട്ടിമുട്ടുന്നിടത്താണ്‌ ചിത്രം തുടങ്ങുന്നത്‌.പ്രേക്ഷകരെ തുടക്കത്തില്‍ തന്നെ ദുരന്തത്തിണ്റ്റെ രംഗങ്ങളിലൂടെ ഞെട്ടിച്ച്‌ കൊണ്ട്‌ ഒരു പുത്തന്‍ ആഖ്യാനരീതിയാണ്‌ സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌.ചെന്നൈയില്‍ നിന്ന്‌ തിരുച്ചിയിലേക്കും, തിരുച്ചിയില്‍ നിന്ന്‌ ചെന്നൈയിലേക്കും യാത്ര ചെയ്യുന്ന രണ്ട്‌ ബസ്സുകള്‍. കണ്ടുനില്‍ക്കുന്നവര്‍ക്ക്‌ വെറും അപകടം.ആരൊക്കെയോ മരിക്കുന്നു.ചിലര്‍ ഗുരുതരാവസ്തയില്‍.ഇത്രമാത്രം. എന്നാല്‍ ഈ ബസ്സില്‍ യാത്രചെയ്തവരുടെ ജീവിതത്തിലേക്ക്‌ കടന്നുപോകുമ്പോള്‍, ഈ അപകടം എത്രത്തോളം വേദനാജനകമാണെന്ന്‌ മനസ്സിലാവുന്നു.പ്രേക്ഷകരെ ഈയൊരവസ്തയില്‍ എത്തിക്കുക എന്ന കര്‍മ്മത്തിനായാണ്‌ സംവിധായകന്‍ ശ്രമിക്കുന്നത്‌ .
  തിരുച്ചിയിലെ താമസക്കാരിയായ അമുത(അനന്യ) തിരുച്ചിയില്‍ നിന്നും ചെന്നൈയിലേക്ക്‌ യാത്രതിരിക്കുകയാണ്‌.ആറു മാസം മുന്‍പ്‌ അമുത ചെന്നൈയില്‍ ഒരു ഇണ്റ്റര്‍വ്യൂ തരപെട്ടിരുന്നു.ഒരു നാട്ടിന്‍പുറത്ത്‌ നിന്നും ചെന്നൈയില്‍ എത്തിചേര്‍ന്ന എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ അമുതക്ക്‌ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അപരിചിതനായ ഗൌതം എന്ന യുവാവിണ്റ്റെ(ശര്‍വാനന്ത്‌) സഹായം തേടുന്നു.ആദ്യമൊക്കെ പേടിയായിരുന്നെങ്കിലും പിന്നീട്‌ കള്ളം പറഞ്ഞ്‌ ലീവ്‌ വാങ്ങിച്ച്‌ അമുതയെ സഹായിക്കാന്‍ കൂടെ നടന്ന യുവാവിനോട്‌ അമുതക്ക്‌ ബഹുമാനമായി. നാട്ടിലേക്ക്‌ തിരിച്ചിട്ടും അവള്‍ക്ക്‌ ഗൌതമിനെ മറക്കാന്‍ കഴിയാതെ വന്നു.ഇക്കാര്യം ചെന്നൈയിലുള്ള തണ്റ്റെ ബന്ധുവിനോട്‌ പറയുകയും അവരുടെ നിര്‍ദേശത്താല്‍ അവനെ കണ്ടുപിടിക്കാന്‍ ചെന്നൈയിലേക്ക്‌ പുറപ്പെടുകയും ചെയ്യുന്നു.ഇതിനു സമാന്തരമായി പറഞ്ഞു വരുന്ന പ്രണയകഥ കതിരേശണ്റ്റെയും(ജയ്‌) മണിമേഘലയുടെയുമാണ്‌(അഞ്ജലി). ചെന്നൈക്കും തിരുച്ചിക്കും ഇടയില്‍ ഒരു നാട്ടിന്‍പുറത്ത്‌ നിന്നും ചെന്നൈയില്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലിക്കു വന്ന കതിരേശന്‍, ചെന്നൈയില്‍ നേഴ്സ്‌ ആയി ജോലി ചെയ്യൂന്ന മണിമേഘലയുമായി ഇഷ്ടത്തിലാവുന്നു.ഇവര്‍ കതിരേശണ്റ്റെ നാട്ടിലേക്ക്‌ അമ്മയെ കാണാന്‍ ചെന്നൈയില്‍ നിന്നും തിരുച്ചി ബസ്സില്‍ യാത്ര തിരിക്കുന്നു.ഇതേ ബസ്സില്‍ ഗൌതവും ഉണ്ട്‌.എങ്ങോട്ട്‌ പോകുന്നു എന്തിനു പോകുന്നു എന്നൊന്നും വ്യക്തമല്ല.ബസ്സിലെ മറ്റു യാത്രക്കാരെ കുറിച്ച്‌ ചെറിയൊരു വിവരണം ചിത്രത്തില്‍ പലയിടങ്ങളിലായി പറഞ്ഞുതരുന്നുണ്ട്‌.ഈ രണ്ട്‌ ബസ്സുകളും കഥാന്ത്യത്തില്‍ കൂട്ടിമുട്ടുന്നു.ദുരന്തങ്ങളുടെ ഘോഷയാത്രയാണ്‌ പിന്നീട്‌.മനുഷ്യസ്പര്‍ശിയായ്‌ ഈ രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.വൈകാരികമായി ഇത്തരം രംഗങ്ങള്‍ പ്രേക്ഷകരെ മറ്റൊരു അവസ്ഥയിലേക്ക്‌ എത്തിക്കുന്നു.അപകടത്തില്‍ പരിക്കേല്‍ക്കുന്ന അമുതയെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഗൌതം കണ്ടുമുട്ടുന്നു.തലക്ക്‌ പരിക്കേറ്റ കതിരേശനെ ആംബുലന്‍സില്‍ കയറ്റിവിട്ട്‌ മണിമേഘല രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒത്തുചേരുന്നു.ഒടൂവില്‍ ഇവര്‍ ഇരുവരും തങ്ങളുടെ പ്റണയത്തെ തേടി ആശുപത്രിയിലേക്ക്‌ പോകുകയും തുടര്‍ന്നുള്ള വൈകാരികമുഹൂര്‍ത്തങ്ങളും കൂടിചേര്‍ന്ന് അവസാനഭാഗങ്ങളിലേക്ക്‌ കടക്കുന്നു.ഒരു വലിയ സന്ദേശം നല്‍കാന്‍ ചിത്രത്തിനു കഴിഞ്ഞു എന്നത്‌ തന്നെയാണ്‌ ഈ ചിത്രത്തെ മഹത്തരമാക്കുന്നത്‌.
  യുവസംഗീതസംവിധായകന്‍ സത്യ ഈണം നല്‍കിയ ഗാനങ്ങള്‍ മികച്ചതാണ്‌.അതില്‍ ഉന്‍ പേരു തെരിയാത്‌, ആറു മാസമാ എന്നീ ഗാനങ്ങള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടികഴിഞ്ഞു.കിഷോറിണ്റ്റെ എഡിറ്റിംഗ്‌ പ്രശംസാര്‍ഹമാണ്‌.വേല്‍രാജാണ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്‌.സ്വല്‍പ്പം ഭീകരത കൂടിപ്പോയി എന്ന അഭിപ്രായം ഉണ്ടെങ്കില്‍കൂടി അപകടരംഗം ചിത്രീകരിച്ച രീതി തന്നെ ഇദ്ദേഹത്തിണ്റ്റെ കഴിവ്‌ പ്രകടിപ്പിക്കുന്നതാണ്‌.ഹോളിവുഡ്‌ ചിത്രങ്ങളില്‍ കണ്ടുമറന്ന രംഗങ്ങള്‍ പോലെ തോന്നിക്കുന്ന ചായാഗ്രഹണമാണ്‌ അപകടരംഗങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്‌. ഒരു പക്കാ പ്രണയകഥ പ്രതീക്ഷിച്ച്‌ 'എങ്കെയും എപ്പോതും' കാണാന്‍ പോയവര്‍ക്ക്‌ ചിലപ്പോള്‍ ചിത്രം നിരാശപ്പെടുത്തിയേക്കാം.എന്നാല്‍ നല്ലൊരു സിനിമാസ്വാദകനെ, ഒരു സിനിമ എപ്പൊഴും ഒരു സന്ദേശം നല്‍കണമെന്നും സമൂഹത്തിന്‌ ഉപകരിക്കുന്നതും ആവണം എന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌ ഒരു നല്ല അനുഭവമാണ്‌ 'എങ്കെയും എപ്പോതും'. നാടന്‍പെണ്‍കുട്ടിയായി അനന്യയും, തണ്റ്റേടിയായ കാമുകിയായി അഞ്ജലിയും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി.ജയ്‌ ചെയ്ത കതിരേശന്‍ എന്ന പാവം പയ്യണ്റ്റെ വേഷം മികച്ച്‌ നില്‍ക്കുന്നു.ശുഭാന്ത്യം പ്രതീക്ഷിക്കുന്ന മലയാളിപ്രേക്ഷകര്‍ക്ക്‌ ചിത്രത്തിണ്റ്റെ നാടകീയമായ അന്ത്യം ചിലപ്പോള്‍ ദഹിച്ചില്ലെന്നു വരാം.എങ്കിലും അപകടത്തെ കുറിച്ച്‌ ഒരു അവബോധം നല്‍കാന്‍ സാധിച്ച ശരവണനും സംഘത്തിനും ഭാവുകങ്ങള്‍.


റേറ്റിംഗ്‌ : 7/10

2 comments:

  1. ഇതൊരു നല്ല പ്രണയ കഥ തന്നെയാണ് .അവസാനം അമ്മോ ഭീകരം തന്നെ .ആരായാലും ഒന്ന് കരന്നു പോകും

    ReplyDelete